
പുതുവർഷത്തിൽ ചേതൻ ജെ. ലാൽ കോളേജ് വിദ്യാർത്ഥി
കുട്ടിക്കാനം മരിയൻ കോളേജിൽ ബി.ബി. എ ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിയായി ചേതൻ ജെ. ലാൽ പുതുവർഷം പ്രവേശിക്കും. നല്ല ഒരു വർഷത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ചേതൻ . അമൽ നീരദ് സംവിധാനം ചെയ്ത ബാച്ച് ലർ പാർട്ടിയിലൂടെയാണ് സിനിമയിൽ എത്തുന്നത്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട് ചേതൻ.'പുതുവർഷം എല്ലാവർക്കും നല്ല ഒരു വർഷമായി മാറട്ടെ. പ്രതിജ്ഞകളൊന്നുമില്ല. നല്ല വർഷമായി മാറാൻ കാത്തിരിക്കുന്നു. എല്ലാവർഷവും ഒരേപോലെയാകാതെ പുതിയ സിനിമകളും പുതിയ ആലോചനകളും പുതിയ കാര്യങ്ങളും സംഭവിക്കട്ടെ എന്നാണ് പ്രാർത്ഥന." ചേതന്റെ വാക്കുകൾ.

അഞ്ചുസുന്ദരികളിലെ സേതുലക്ഷ്മിയിൽ കണ്ട നിഷ്കളങ്ക ബാലന്റെ മുഖമാണ് എപ്പോഴും പ്രേക്ഷകരുടെ മുൻപിൽ.ആ സിനിമ കണ്ടിറങ്ങുമ്പോഴും വിട്ടുപോവാതെ ചേതൻ കൂടെത്തന്നെനിന്നു. തീവ്രം, എബിസിഡി, ബ്ളാക് ഫോറസ്റ്റ്. ഒറീസ, സലാല മൊബൈൽസ്,രക്ഷാധികാരി ബൈജു ഒപ്പ് എന്നിവയാണ് ചേതന്റെ മറ്റു പ്രധാന സിനിമകൾ. എന്നാൽ ഗപ്പിയിൽ ചേതൻ ഒരുപടികൂടി മുകളിൽ കയറി. ഇവിടെയും ചേതന്റെ നിഷ്കളങ്ക മുഖം മായാതെ നിൽക്കുന്നു. ടൊവിനോ തോമസിനൊപ്പം നിറഞ്ഞു ചേതന്റെ കഥാപാത്രം. ഫഹദിന്റെ വരത്തനിലാണ് ചേതൻ ഒടുവിൽ അഭിനയിച്ചത്.'' എല്ലാവരെയും പോലെ എനിക്കും മോശമായിരുന്നു 2020. എന്നാൽ പുതിയ അനുഭവങ്ങൾ ഏറെ തന്നു. എല്ലാം പുതുത്. 2019 വരെ കണ്ടതുപോലെയായിരുന്നില്ല 2020. പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം. അതിന്റെ നല്ലതും മോശവുമായ വശങ്ങളുമുണ്ട്. എല്ലാവരും വീടിനകത്തുതന്നെയിരുന്നു. നമ്മുടെയും ഒപ്പംഉള്ളവരുടെയും സുരക്ഷിതത്വം നോക്കി. വീട്ടിൽ ഇരിക്കാൻ എല്ലാവരെയും പഠിപ്പിച്ചു 2020. ട്വന്റി ട്വന്റിവൺ എല്ലാവർക്കും നല്ലത് വരുത്തട്ടെ""