
അപൂർവത്തിൽ അപൂർവമായ ഈ അറിവിന്റെ തീർത്ഥാടനക്കാലത്ത്, ആരും അറിയാതെ പോകരുത് ഗുരു നമുക്കായി നൽകിയ ഹോമമന്ത്രം അഥവാ ജ്ഞാനമന്ത്രം. തീർത്ഥാടന ലക്ഷ്യങ്ങളായ ഭക്തി, ജ്ഞാനം, ശുദ്ധി എന്നിവയുടെ സരളമായ കൂടിച്ചേരലാണ് ഹോമമന്ത്രത്തിൽ കാണാൻ കഴിയുന്നത്. ഇതിന്റെ അർത്ഥസാരം പരമമായ ജ്ഞാനത്തിലേക്കും അർപ്പണമനോഭാവം യഥാർത്ഥ ഭക്തിയിലേക്കും മന്ത്രകർമ്മപരിസരം ശുദ്ധിയിലേക്കും നമ്മെ എത്തിക്കുന്നു. മനുഷ്യരുടെ ശ്രേയസിനും പ്രേയസിനും വേണ്ടി ഒരു ഹോമമന്ത്രമെന്ന ജ്ഞാനമന്ത്രം രചിച്ചുനൽകിയ ഗുരുവാണ് നാരായണഗുരു. ഗുരുവിനെ മഹാഗുരുവായി കരുതി ജീവിക്കുന്നവരിൽ ഭൂരിഭാഗം പേർക്കും ഗുരുദേവൻ നമുക്കു നൽകിയ ഹോമമന്ത്രത്തെക്കുറിച്ച് അറിയില്ല. പലരുംചോദിച്ചിട്ടുണ്ട്, , എന്താണീ ഹോമമന്ത്രമെന്ന്? . ഈ എഴുത്തുപാഠം അവർക്കായാണ്.
ഹോമ മന്ത്രം
ഓം അഗ്നേ തവ യത്തേജസ്തദ് ബ്രാഹ്മം
അതസ്ത്വം പ്രത്യക്ഷം ബ്രഹ്മാസി
ത്വദീയാ ഇന്ദ്രിയാണി മനോബുദ്ധിരിതി
സപ്തജിഹ്വാഃ
ത്വയി വിഷയാ ഇതി സമിധോ ജുഹോമി
അഹമിത്യാജ്യം ജുഹോമി
ത്വം നഃ പ്രസീദ പ്രസീദ
ശ്രേയശ്ച പ്രേയശ്ച പ്രയച്ഛ സ്വാഹാ.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ.
(നാരായണഗുരു)
അർത്ഥം
അല്ലയോ അഗ്നി, നിനക്കു യാതൊരു തേജസ്സുണ്ടോ അതു ബ്രഹ്മത്തെ സംബന്ധിക്കുന്നതാകുന്നു. അതിനാൽ നീ പ്രത്യക്ഷത്തിൽ കാണാവുന്ന ബ്രഹ്മം തന്നെയാകുന്നു. പഞ്ചേന്ദ്രിയങ്ങളും മനസ്സും ബുദ്ധിയുമാണു നിന്റെ ഏഴു നാക്കുകൾ. നിന്നിൽ വിഷയങ്ങളാകുന്ന സമിത്തിനെ ഞാൻ ഹോമിക്കുന്നു. അഹം എന്ന നെയ്യും ഞാൻ ഹോമിക്കുന്നു. നീ ഞങ്ങളിൽ പ്രസാദിച്ചാലും. പ്രസാദിച്ചാലും. ശ്രേയസും പ്രേയസും തന്നാലും.
ബ്രഹ്മവുമായുള്ള അനന്യത
നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന ദൈവമാണ് അഗ്നി. അഗ്നിക്ക് ഏഴ് നാവുകളുണ്ട്. കാളി,കരാളി, മനോജവാ, സുലോഹിത, സുധുമ്രവർണ സ്‌ഫുലിംഗിനി, വിശ്വരുചി എന്നിങ്ങനെ. പഞ്ചേന്ദ്രിയങ്ങളെയും (നാക്ക്, മൂക്ക്, ത്വക്ക്, കണ്ണ്,
ചെവി) മനസ്സിനെയും ബുദ്ധിയെയും ഈ ഏഴ് നാവുകളായി സങ്കൽപ്പിച്ചിരിക്കുന്നു. നാമോരോരുത്തരിലുമുള്ള സൂക്ഷ്മാവയവങ്ങളാണ് അന്ത:കരണങ്ങൾ. മനസ്, ചിത്തം, ബുദ്ധി, അഹങ്കാരം എന്നിവയാണവ. ബോധവൃത്തികളാണിവ. അന്ത:കരണങ്ങൾ യഥായോഗ്യം പ്രവർത്തിച്ചില്ലെങ്കിൽ ഇന്ദ്രിയങ്ങൾ വെറും അലങ്കാരം മാത്രമാകും. ഈ അന്ത:കരണമാണ് ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നത്. നാല് അന്തകരണങ്ങളിൽ, മനസും ബുദ്ധിയുമെന്ന രണ്ടെണ്ണമാക്കിചുരുക്കി അഞ്ച് ഇന്ദ്രിയങ്ങളും ചേർന്ന് ഏഴെണ്ണം . അഗ്നിക്കുള്ള ഏഴുനാവുകളായി ഈ ഏഴെണ്ണത്തിനെയും കരുതുന്നു. പ്രത്യക്ഷ ദൈവത്തിന്റെ ഏഴുനാവുകളാണ് നമ്മിലിരിക്കുന്ന മനസും ബുദ്ധിയും ഇന്ദ്രിയങ്ങളും. ഈ ഇന്ദ്രിയങ്ങളെയും മനസിനെയും ബുദ്ധിയെയും അതേ അഗ്നിയിലേക്ക് മനസുകൊണ്ട് സമർപ്പിക്കുന്നു. എന്റെ ഇന്ദ്രിയങ്ങൾക്കും അന്ത:കരണങ്ങൾക്കും വിഷയമായിരിക്കുന്ന സകലതിനെയും ബ്രഹ്മമാകുന്ന അഗ്നിയിൽ സമർപ്പിക്കുന്നു.
ഇവിടെ അഗ്നിയെ ബ്രഹ്മമായിട്ടു കരുതുന്നു. ഞാനോ? ഞാനും ബ്രഹ്മം തന്നെയാണ്. എന്നിലുള്ള കഴിവ് പലതുണ്ടെങ്കിലും അഗ്നിയുടെ സപ്തജിഹ്വക്ക് യോജിക്കും വിധത്തിൽ ഏഴായി തിരിച്ചിരിക്കുന്നു. പലതരത്തിൽ അഗ്നിജ്വലിക്കുന്നതിനെ ഏഴുതരത്തിൽ കണ്ടു. അത് എന്നിൽ ഏഴായിട്ട് ഇരിക്കുന്നു. ആ അഗ്നിതന്നെ ഞാനായിട്ടിരിക്കുമ്പോൾ ഞാൻ തന്നെ ബ്രഹ്മം. ആ ബ്രഹ്മത്തെ നേരിട്ടനുഭവിച്ചറിയുന്നത് ഞാനായിട്ടാണ്. എനിക്ക് അതനുഭവിച്ചറിയാം. അഗ്നിയുടേത് സങ്കല്‌പവും. ആ ബ്രഹ്മത്തിന് പലതരം ക്രിയാശേഷികൾ ഉണ്ട്. അതിലൊരുഭാഗം എന്നിലുമുണ്ട്. അത് ഇന്ദ്രയാദികളായി പ്രകാശിതമായിരിക്കുന്നു. അപ്പോൾ ഞാനായിരിക്കുന്ന
ബ്രഹ്മവും അഗ്നിയായിരിക്കുന്ന ബ്രഹ്മവും ഒന്നാണെന്ന് അറിയുന്നു.
ഇന്ദ്രിയവിഷയങ്ങളാണ് ഈ ലോകം. കണ്ടും കേട്ടും രുചിച്ചും സ്പർശിച്ചും മണത്തുമാണ് നാം ഈ ലോകത്തെ അറിയുന്നത്. മനസും ബുദ്ധിയും ഉപയോഗിച്ചും പ്രപഞ്ചത്തിന്റെ നിഗൂഢതകളിലേക്കും മനുഷ്യമേധ കടന്നു ചെല്ലുന്നുണ്ട്. ലോകമാകുന്ന ഈ ഇന്ദ്രിയവിഷയങ്ങളെയും എന്നെയും എന്നിലിരിക്കുന്ന ക്രിയശേഷിയെയും ഒക്കെ ഈ അഗ്നിയിൽ സമർപ്പിക്കുന്നു. അങ്ങനെ എന്റെ ഇന്ദ്രിയങ്ങളെയും അതിന് വിഷയമായ ലോകത്തെയും ഈ കർമ്മം ചെയ്യുന്ന എന്നെയും അഗ്നിയാകുന്ന ബ്രഹ്മത്തിൽ സമർപ്പിക്കുന്നു.
എല്ലാ സുഖ ദു:ഖാനുഭവങ്ങളും ജീവിതപ്രവാഹത്തിൽ സംഭവിക്കുന്ന ബ്രഹ്മത്തിന്റെ ഭാവപ്രകാശങ്ങളാണെന്ന അറിവ് വേണം. ആ ബ്രഹ്മസത്യത്തിലാണ് ഇതത്രയും നടക്കുന്നത്. അതിനോട് ചേർത്തുവച്ച്, മഹാസത്യത്തിന്റെ ഭാവരൂപങ്ങൾ മാത്രമാണെന്ന അറിവുണ്ടാകുമ്പോൾ ജീവിതത്തിൽസ്വാഭാവികമായും സുഖവും ദു:ഖവും വരുകയും പോവുകയും ചെയ്യും. ഈ അറിവ് നമ്മുക്ക്ശാന്തിയും സമധാനവും നൽകും. ഈ അറിവിലുടെ ലഭിക്കുന്ന നിത്യമായ ശാന്തിയും സമധാനവുമാണ് ശ്രേയസ്സ്. ശ്രേയസില്ലാത്ത പ്രേയസ് ദുഃഖമുണ്ടാക്കുന്നു. എന്നാൽ ശ്രേയസുണ്ടെങ്കിൽ പ്രേയസ് അതിനു പിന്നാലെവരും. ശ്രേയസിനുവേണ്ടി ജീവിക്കണോ, പ്രേയസിനുവേണ്ടി ജീവിക്കണോ എന്ന് തീരുമാനിക്കേണ്ടത് നാമാണ്. ശ്രേയസിനുവേണ്ടി പരിശ്രമിക്കുന്നവനു പിന്നാലെ പ്രേയസ് ഓടിയെത്തും എന്നാണ് അനുഭവശാലികൾ പറയുന്നത്. എന്നാൽ പ്രേസിനു വേണ്ടി മാത്രം ജീവിച്ചാൽ നാം ജീവിതദുഖത്തിൽ ആടിയുലയും.
ഭീമമായതുക ചെലവിട്ട് ഈശ്വരപ്രീതിക്കായി ചെയ്യുന്ന കർമ്മത്തിനു പകരം, നാം കഴിക്കുന്ന ധാന്യങ്ങളും, പ്രകൃതി സമ്മാനിക്കുന്ന പൂക്കളും ഉപയോഗിച്ച് ഈ ജ്ഞാനമന്ത്രം ചൊല്ലി സമിത്തിന്റെ രൂപത്തിൽ അഗ്നിക്ക് സമർപ്പിക്കുമ്പോൾ, ഞാൻ അറിവാണെന്ന് അറിയുകയും, ഞാനാകുന്ന അറിവ് അറിവിൽ തന്നെ സമർപ്പിക്കുകയും ചെയ്യുമ്പോൾ അവശേഷിക്കുന്ന മഹസാം അറിവ് ശ്രേയസും പ്രേയസും നൽകുന്നു. കർമ്മത്തിൽ തുടങ്ങി ജഞാനത്തിൽ എത്തിക്കുന്ന ഒരു മന്ത്രമാണിത്. ഇവിടെ ഭക്തനും ഭവഗവാനും ഒന്നായിമാറുന്നു.
( ലേഖിക അന്തർദ്ദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രം ഡയറക്ടറാണ് )