
വീണ്ടും ശ്യാം പുഷ്കരന്റെ തിരക്കഥയിൽ മധു സി. നാരായണന്റെ ചിത്രം
2021 ഏറെ ശുഭപ്രതീക്ഷ നൽകുന്ന വർഷമാണ് സംവിധായകൻ മധു സി. നാരായണന്. 2020 ഇനി ഒരിക്കലും ആവർത്തിക്കരുതെന്ന ആഗ്രഹവുമുണ്ട്.''പുതുവർഷംവലിയ പ്രതീക്ഷ നൽകുന്നു. ഒരുപാട് നല്ല സിനിമകൾ ഒരുങ്ങുന്നു. അവ തിയേറ്ററിൽ തന്നെ വരട്ടെ. അത് കാണാൻ കാത്തിരിക്കുന്നു"" കുമ്പളങ്ങി നൈറ്റ്സിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച മധു സി. നാരായണൻ ആദ്യ ചിത്രത്തിലൂടെതന്നെ ശ്രദ്ധേയനായി. ഫഹദ് ഫാസിലും സൗബിൻ ഷാഹിറും ശ്രീനാഥ് ഭാസിയും അന്ന ബെന്നും ഗ്രേസ് ആന്റണിയുമാണ് കുമ്പളങ്ങിനൈറ്റ്സിലെ പ്രധാന താരങ്ങൾ. കുമ്പളങ്ങിയുടെ മനോഹാരിതയും കാട്ടി തന്നു. ഇപ്പോഴും മികച്ച സിനിമയുടെ പട്ടികയിൽ തന്നെയുണ്ട് ആ ചിത്രം. 

കലാമൂല്യവും ജനപ്രീതിയുമുള്ള മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം കുമ്പളങ്ങി നൈറ്റ്സ് കരസ്ഥമാക്കിയിരുന്നു.ഫഹദിന് മികച്ച സ്വഭാവ നടൻ പുരസ്കാരവും. ഫഹദിന്റെ ഇതുവരെ പ്രകടിപ്പിക്കാത്ത  മുഖമായിരുന്നു ഷമ്മി എന്ന കഥാപാത്രത്തിലൂടെ കണ്ടത്. ശ്യാം പുഷ്കരൻ ആണ് തിരക്കഥ ഒരുക്കിയത്. ''ശ്യാം പുഷ്കരന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം 2021 ൽ ഉണ്ടാവും. അതിന്റെ ജോലിയിലാണ് .താരങ്ങളെ തീരുമാനിച്ചില്ല. ഒന്നുംചെയ്യാൻ കഴിയാതെ പോയവർഷമായിരുന്നു 2020. എന്നാൽ  അടുത്ത സിനിമയുടെ തയ്യാറെടുപ്പും അതിന്റെ ഒരുക്കങ്ങളും നടത്തി. പുതു വർഷത്തിൽ പുതിയ തീരുമാനങ്ങളൊന്നുമില്ല. എന്റെ രണ്ടാമത് സിനിമ എത്തുന്നവർഷം കൂടിയാണ്.അതിനാൽ 2021 പ്രിയ വർഷം കൂടിയായിരിക്കും. എല്ലാവർക്കും നന്മയും സന്തോഷവും ഉണ്ടാവട്ടെ. പ്രതീക്ഷിക്കാത്ത കുറെ കാര്യങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ സംഭവിച്ചു. മുൻകൂട്ടി കാണാൻ കഴിയാത്ത പലതും വന്നുചേരുമെന്ന് പഠിപ്പിച്ചു 2020. സമൂഹത്തിനും സിനിമയ്ക്കും എല്ലാം നല്ലതുമാത്രം നൽകാൻ 2021ന് കഴിയട്ടെ.""