
കാണെക്കാണെയ്ക്കുശേഷം മനു അശോകനും ബോബി സഞ്ജയ ്യും വീണ്ടും ഒന്നിക്കുന്നു
പുതുവർഷത്തിൽ പുത്തൻ പ്രതീക്ഷയിൽ സംവിധായകൻ മനു അശോകൻ. കൊവിഡ് കാലത്താണ് മനു അശോകൻ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ്, ഐശ്വര്യലക്ഷ്മി ചിത്രം കാണെക്കാണെ ചിത്രീകരണം ആരംഭിച്ചത്. ''പുതിയ സിനിമകൾ സംഭവിക്കുന്നുണ്ട്. എന്നാൽ തിയേറ്ററുകൾ തുറക്കുകയും പ്രേക്ഷകർ എത്തിത്തുടങ്ങുന്നതിലുമാണ് ഏറ്റവും വലിയ പ്രതീക്ഷ. കൊവിഡിൽ പുതിയ പരീക്ഷണങ്ങളിൽ നിന്നും പുതിയ പ്ളാറ്റ് ഫോം സംവിധാനത്തിൽനിന്നും സിനിമകൾ വന്നു. എല്ലാരീതിയിലും അതിജീവനത്തിലായിരുന്നു നമ്മൾ. പല രീതിയിലുള്ള പരീക്ഷണങ്ങളിലൂടെയാണ് ആളുകൾ കടന്നുപോവുന്നത്. ഇങ്ങനെയും സിനിമ ചെയ്യാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞു. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ഉണ്ടാവാതെ  ഇങ്ങനെയും  സിനിമ ചെയ്യാൻ കഴിയുമെന്ന് കാട്ടിതന്ന വർഷമാണ് 2020. പുതിയ പ്ളാറ്റ് ഫോം സംവിധാന സിനിമകളും നിലനിൽക്കണമെന്നാണ് ആഗ്രഹം. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് കാണെക്കാണെ ചെയ്തത്. 

എന്നാൽ പരിമിതികൾക്ക് അപ്പുറത്തേക്ക് പോയി. കുറെ കഠിനമായിരുന്നു ചിത്രീകരണം. അതിന്റെ ആകുലത എല്ലാവരും നേരിട്ടു. ആദ്യമാണ് ഇത്തരമൊരു സാഹചര്യത്തിൽ സിനിമ ചെയ്യുന്നത്. ഒരുഘട്ടത്തിൽ നിറുത്തിവച്ചു. തുടർന്ന്  പ്രശ്നങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കാൻ കഴിഞ്ഞു.'' ബോബി സഞ്ജയ് യുടെ തിരക്കഥയിൽ ഒരുങ്ങിയ ഉയരെയാണ് മനു അശോകന്റെ ആദ്യചിത്രം. പല്ലവി എന്ന കഥാപാത്രമായി എത്തി പാർവതി തിരുവോത്ത് വിസ്മയിപ്പിച്ചു. ആസിഫ് അലിയുടെ വേറിട്ട കഥാപാത്രത്തെയും ഉയരെയിൽ കണ്ടു. ബോബി സഞ്ജയ് യുടെ തിരക്കഥയിലാണ് കാണെക്കാണെ ഒരുങ്ങുന്നത്. ""അനിശ്ചിതത്വം ഇപ്പോഴും നീങ്ങിയിട്ടില്ല. കാണെക്കാണെ ഫോണിൽ മാത്രം കണ്ടു ആസ്വദിക്കാൻ കഴിയുന്ന ഒടിടി സിനിമയുമല്ല. തിയേറ്റർ തന്നെയാണ് ലക്ഷ്യം. കൊവിഡിൽ ഞങ്ങൾ ഒരുപാട് കഥകൾ ആലോചിച്ചു. കാണെക്കാണെയ്ക്കുശേഷം അടുത്ത സിനിമയുടെ ആലോചനയും നടന്നു. ബോബി സഞ്ജയ് യുംഞാനും വീണ്ടും ഒന്നിക്കുന്ന മൂന്നാമത് സിനിമ. പുതുവർഷം നല്ലതുമാത്രം എല്ലാവർക്കും സംഭവിക്കട്ടെ.""