
''കൗമുദി ടിവിയിലെ സ്ട്രൈറ്റ് ലൈനിൽ സംഗീത സംവിധായകൻ എം .ജയചന്ദ്രൻ സാറിനോട് അവതാരകൻ ചോദിച്ചു. പ്രതീക്ഷയുള്ള യുവഗായിക ആരെന്ന്. അപ്പോൾ ജയചന്ദ്രൻ സാർ എന്റെ പേര് പറഞ്ഞു. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നു അത്.'' നാരായണി പറയുന്നു.അച്ഛൻ കല്ലറ ഗോപന്റെ കൈ പിടിച്ചാണ് നാരായണി തന്റെ സംഗീത സപര്യയുടെ യാത്ര തുടങ്ങിയത്. അച്ഛനാണ് നാരായണിയുടെ ആദ്യഗുരു. എളിമയോടെ പെരുമാറാനും ,മത്സരബുദ്ധിയോടെയല്ലാതെ സംഗീതത്തെ കാണാനും നാരായണി പഠിച്ചത് അച്ഛൻ കല്ലറ ഗോപനിൽ നിന്നാണ്. ഇന്ന് മലയാളത്തിലെ പ്രമുഖ സംഗീത സംവിധായകരുടെ പാട്ടുകൾക്ക് നാരായണി ശബ്ദം നൽകിയിരിക്കുന്നു. 2020 എല്ലാവർക്കും മോശം വർഷമാണെങ്കിലും നാരായണിയ്ക്ക് അങ്ങനെയല്ല. സംഗീതത്തോട് കൂടുതൽ അടുക്കാൻ സാധിച്ചുവെന്ന് നാരായണി പറയുന്നു. 2021 പ്രതീക്ഷയുടെ വർഷമായിരിക്കുമെന്ന് പറഞ്ഞ് നാരായണി സംസാരിച്ചു തുടങ്ങി.

''അച്ഛനുമായി താരതമ്യപ്പെടുത്തുന്നത് എനിക്കിഷ്ടമല്ലാത്ത കാര്യമാണ്. ഇന്ന് ഞങ്ങളെ പോലുള്ള ഗായകർക്ക് അവസരങ്ങൾ ഒരുപാടുണ്ട്. എന്നാൽ എന്റെ അച്ഛന്റെ കാലം അങ്ങനെയല്ല. മാദ്ധ്യമങ്ങളൊന്നും സജീവമല്ലാത്ത ആ കാലത്തും അച്ഛനെ അറിയുന്നവരുണ്ടായിരുന്നു. അത് ശുദ്ധ സംഗീതത്തിന്റെ ശക്തിയാണ്. കല്ലറ ഗോപന്റെ മകളാണെന്ന് അറിയപ്പെടുന്നതിലാണ് സന്തോഷം. അച്ഛൻ ഒരിക്കലും അവസരങ്ങൾ ചോദിച്ചു പോയിട്ടില്ല. എനിക്ക് വേണ്ടിയും അച്ഛൻ അവസരങ്ങൾ ചോദിക്കാറില്ല. അച്ഛൻ എന്നെയും അങ്ങനെയാണ് പഠിപ്പിച്ചത്. കഴിവുണ്ടെങ്കിൽ അവസരങ്ങൾ നമ്മളെ തേടി വരുമെന്നാണ് വിശ്വാസം. റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ താത്പര്യം കാണിച്ചപ്പോൾ അച്ഛന് ചെറിയ നീരസം ഉണ്ടായിരുന്നു. എന്നാൽ എന്റെ തീരുമാനങ്ങളിൽ അച്ഛൻ എതിർപ്പ് പറയാറില്ല. അതിൽ നിന്നുണ്ടാവുന്ന എന്ത് പരിണിതഫലങ്ങളും നേരിടാൻ എനിക്ക് കഴിയുമെന്ന് അച്ഛന് ഉറപ്പുണ്ടായിരുന്നു. എന്റെ ജീവിതത്തിൽ വഴി തിരിവ് തന്നെയായിരുന്നു അന്ന് ഞാൻ എടുത്ത ആ തീരുമാനം. ഷാനിക്ക (ഷാൻ റഹ്മാൻ ),ഗോപി ചേട്ടൻ (ഗോപി സുന്ദർ ), സുജാത ചേച്ചി തുടങ്ങി പത്തോളം സംഗീതജ്ഞരുടെ പരിശീലനത്തിൽ മാസങ്ങളോളം. പൊതുവെ മടിയുള്ള എന്റെ കരിയറിലേക്കുള്ള പരിശീലനമായാണ് എനിക്കത് തോന്നിയത്. ദിവസേന സംഗീതം അഭ്യസിക്കാൻ തുടങ്ങി. വേദികളെ പേടിയായിരുന്നു അത് പതുക്കെ മാറി. അങ്ങനെ പോസിറ്റീവായി ഒരുപാട് മാറ്റങ്ങൾ വന്നു ജീവിതത്തിൽ."" ഒരു തുടക്കകാരിയുടെ പതർച്ചയില്ലാതെ നാരായണി ആത്മവിശ്വാസത്തോടെ ചിരിച്ചു.

''ഷാനിക്കയുടെ ലവ് ആക്ഷൻ ഡ്രാമയിൽ പാടിയാണ് പിന്നണി ഗാനരംഗത്ത് ഞാൻ അറിയപ്പെടുന്നത്. എന്നാൽ എന്റെ ആദ്യ പാട്ട് അതല്ല. 2009 ൽ ഇറങ്ങിയ വിന്റർ എന്ന ചിത്രത്തിലെ ''അച്ചാരം പുച്ചാരം മുറ്റത്തെ ചിക്കാരം ..."" എന്ന പാട്ടാണ് ആദ്യം പാടുന്നത്.അന്നെനിക്ക് ഒമ്പത് വയസാണ്. പിന്നീട് അച്ഛനോടൊപ്പം അയാൾ എന്ന സിനിമയിൽ ''ദോഷങ്ങൾ "" എന്ന ഗാനം ആലപിച്ചു.അതൊരു പുള്ളുവൻ പാട്ടായിരുന്നു. റിയാലിറ്റി ഷോയിൽ വന്നതിന് ശേഷമാണ് ഷാനിക്കയുടെ ലവ് ആക്ഷൻ ഡ്രാമയിൽ രണ്ടു പാട്ടു പാടിയത്. അത് കഴിഞ്ഞായിരുന്നു ഷൈലോക്കിൽ ഗോപി ചേട്ടന്റെ സംഗീതത്തിൽ ''കണ്ണേ ..കണ്ണേ...വിശാതെ ..""എന്ന അടിപൊളി ബാർ സോംഗ് പാടിയത്. ഒപ്പം റിയാലിറ്റി ഷോയിൽ എന്റെ കൂടെ ഉണ്ടായ മത്സരാർത്ഥികളായ ശ്വേതാ അശോകും നന്ദയും ഉണ്ടായിരുന്നു. ആ പാട്ടിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. വിനയൻ സാറിന്റെ വരാനിരിക്കുന്ന ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിൽ എം .ജയചന്ദ്രൻ സാറിന്റെ സംഗീതത്തിൽ പാടാൻ സാധിച്ചത് മഹാഭാഗ്യമായി കാണുന്നു. നമ്മളിലുള്ള സംഗീതത്തെ നമ്മൾ പോലുമറിയാതെയാണ് ജയചന്ദ്രൻ സാർ എടുക്കുന്നത്. അത് നമ്മൾ തന്നെ പാടിയതാണോയെന്ന് ചിന്തിച്ചുപോകുന്ന തരത്തിലാണ് കിട്ടുന്ന ഔട്ട്പുട്ട്. ഈ വർഷം ഏറെ സന്തോഷം നൽകിയ വർഷമാണ്. ഒരുപാട് നല്ല സിനിമകളുടെ ഭാഗമാവാനും ഒരുപാട് നല്ല സംഗീത സംവിധായകരുടെ കൂടെ വർക്ക് ചെയ്യാനും സാധിച്ചു. ടോവിനോ തോമസ് ചിത്രം മിന്നൽ മുരളിയിൽ ഷാനിക്കയുടെ സംഗീതത്തിൽ ഒരു പാട്ട് പാടാൻ കഴിഞ്ഞു. ജേക്സ് ബിജോയ് സാർ, സയനോര ചേച്ചി, പ്രശാന്ത് പിള്ള സാർ, രാഹുൽ രാജ് സാർ തുടങ്ങി പ്രമുഖ സംഗീത സംവിധായകരുടെ കൂടെ ജോലി ചെയ്തു. അതുപോലെ പ്രമുഖ തബലിസ്റ്റ് സുനിൽ ചേട്ടൻ ആദ്യമായി സംഗീതം ചെയ്യുന്ന സിനിമയിൽ ഒരു പാട്ട് പാടാൻ സാധിച്ചിട്ടുണ്ട്. പുതിയ വർഷത്തിലെ പുതിയ പാട്ടുകൾക്കായി കാത്തിരിക്കുകയാണ്. ""പുതിയ പാട്ടുകളുടെ വിശേഷങ്ങളിൽ മുങ്ങി നാരായണി.

'' എ .ആർ .റഹ്മാൻ സാറിന് വേണ്ടി പാടണമെന്നാണ് സ്വപ്നം. എല്ലാ ജോണറിലുള്ള പാട്ടുകൾ കേൾക്കാൻ ഇഷ്ടമാണ്. അതുപോലെ എല്ലാ ജോണറിലുള്ള ഗാനങ്ങൾ പാടാനും ഇഷ്ടമാണ്. അമ്മ ശർമിള വീട്ടമ്മയാണ്. അമ്മയും സംഗീതം പഠിച്ചിട്ടുണ്ട്. അച്ഛനും ഞാനും മടിയന്മാരായതുകൊണ്ട് ഞങ്ങളുടെ എല്ലാ കാര്യങ്ങളും കൃത്യമായി നോക്കി ഞങ്ങളെ ബൂസ്റ്റ് ചെയ്യുന്നത് അമ്മയാണ്. അനിയൻ മഹാദേവൻ ഡിഗ്രി ചെയ്തുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം ക്രൈസ്റ്റ് കോളേജിൽ  ബി.എ ഇംഗ്ലീഷും. ലയോള കോളേജിൽ എം .എസ് .ഡബ്ല്യുവും പഠിച്ചു. കേരളസർക്കാരിന്റെ കാവൽ പ്രൊജക്ടിൽ ജോലി ചെയ്തിരുന്നു. അച്ഛനും അമ്മയും തിരുവനന്തപുരത്താണ് ഞാൻ കൊച്ചിയിലാണ് താമസം.ഇപ്പോൾ ഒരു പ്രൈവറ്റ് കമ്പനിയിൽ താത്കാലികമായി കണ്ടെന്റ് റൈറ്ററായി ജോലി ചെയ്യുന്നു."" പുതിയ വർഷത്തെ പ്രതീക്ഷയോടെ കാണുന്നുവെന്ന് പറഞ്ഞ് നാരായണി സംസാരിച്ചു അവസാനിപ്പിച്ചു.