
ഈ ദിവസങ്ങളിൽ വായിച്ച രണ്ട് വാർത്തകൾ കാലിൽ അരക്കു പോലെ മനസിൽ ഒട്ടിപ്പിടിച്ചിരിക്കുകയാണ്. ചൈനയിലെ ഷാങ്ഹായിലെ ഒരു കോടതി ഷാങ് ഷാൻ എന്ന മുപ്പത്തിയേഴുകാരിയായ സിറ്റിസൺ ജേണലിസ്റ്റിന് നാലുവർഷത്തേക്ക് ജയിൽ ശിക്ഷ വിധിക്കുകയുണ്ടായി. ഏഴുമാസമായി ഇവർ തടവിലാണ്. 2020 ജനുവരി മാസത്തിൽ ഷാങ്ഹായിൽ നിന്ന് വുഹാനിലെത്തി അവിടെ ഒരു പുതിയതരം വൈറസ്ബാധയുടെ അപകട സാധ്യതകൾ വ്യക്തമാക്കുന്ന വാർത്ത പ്രസിദ്ധീകരിച്ചതിനാണ് ശിക്ഷ. വുഹാനിലെ അന്നത്തെ അവസ്ഥയെക്കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങളോട് കൂടിയ റിപ്പോർട്ടാണ് ഷാങ് ഷാൻ പ്രസിദ്ധീകരിച്ചത്. പ്രതിഷേധിക്കുന്ന സ്ത്രീകളെ പൊലീസുകാർ നേരിടുന്ന വിധവും രോഗം വ്യാപിക്കാൻ തുടങ്ങിയ ഘട്ടത്തിൽ വുഹാനിലെ ആശുപത്രികളിലെ മോശപ്പെട്ട അവസ്ഥയും ഈ വീഡിയോകളിലൂടെ ലോകം കാണാനിടയായി. ഒന്നും സംഭവിച്ചിട്ടില്ലെന്ന ചൈനീസ് നിലപാടിനെ പൊളിച്ചുകളയുന്ന ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ച 'മഹാപാതക"ത്തിനാണ് അഭിഭാഷകകൂടിയായ ഷാങ് ഷെനെയെ ജയിൽ ശിക്ഷയ്ക്കു വിധിച്ചിരിക്കുന്നത്. എല്ലാം ഭദ്രമാണെന്ന വ്യാജപ്രചാരണത്തെയും പൊള്ളയായ സർക്കാർ അവകാശവാദത്തെയും നിരാകരിച്ചത് ചൈനയിൽ കൊടിയ അപരാധം തന്നെയാണല്ലോ! അവർ ജയിലിൽ നിരാഹാരം അനുഷ്ഠിക്കുന്നുവെന്നും, എന്നാൽ കൈകൾ കെട്ടിവച്ച് നിർബന്ധിതമായി ട്യൂബ് വഴി ആഹാരം നല്കുന്നുവെന്നും വാർത്താറിപ്പോർട്ടുകൾ. (ഇറോം ശർമിളയെ വെറുതെ ഓർത്തു പോയി)
സത്യം പറഞ്ഞതിനുള്ള ശിക്ഷ ഏറ്റുവാങ്ങിയിരിക്കുന്ന ഈ ധീരയുവതിയുമായി നമുക്ക് ഒരു നിമിഷം ഹൃദയം കൊണ്ട് ഐക്യപ്പെടാം. ഇതൊക്കെ വായിക്കുമ്പോഴാണ് ഇന്ത്യൻ ഭരണഘടനയുടെ ശില്പികളെ പിന്നെയും പിന്നെയും വണങ്ങാൻ തോന്നുക. ആരെല്ലാം എങ്ങനെയെല്ലാം പരിശ്രമിച്ചിട്ടും, ഏതെല്ലാം ജാഗ്രതാസ്ഥാപനങ്ങളെ ദുർബലപ്പെടുത്താൻ കിണഞ്ഞു ശ്രമിച്ചിട്ടും നമുക്ക് അധികാരത്തിനെതിരെ സംസാരിക്കാനും പ്രതികരിക്കാനും വിമർശിക്കാനും പ്രതിഷേധിക്കാനും സാധിക്കുന്നുണ്ടല്ലോ. പ്രതിഷേധങ്ങളോടും വിമർശനങ്ങളോടും പൊതുരംഗത്തും സോഷ്യൽ മീഡിയയിലും വളരുന്ന അസഹിഷ്ണുതയുടെ അപകടം ഇത്തരം സന്ദർഭങ്ങളിൽ നാം തിരിച്ചറിയണം.
പരമാർത്ഥം പറയുന്നവർക്ക് വിമതർ എന്നാണ് ചൈനയുടെ പദകോശത്തിലെ വിശേഷണം. ആ ജേണലിസ്റ്റിന്റെ റിപ്പോർട്ടിലെ സത്യം എങ്ങനെ ഗുണകരമായ ഭരണതീരുമാനങ്ങളെടുക്കുന്നതിന് പ്രയോജനപ്പെടുത്താമെന്നല്ല, ഞങ്ങളെ വിമർശിക്കാറായോ എന്നേ ഏകാധിപത്യഭരണകൂടങ്ങൾക്കു പ്രതികരിക്കാനാകൂ. ഏകാധിപത്യം വിമർശനത്തെ എതിർപ്പും ദ്രോഹവുമായി കാണുന്നു; ജനാധിപത്യം വിമർശനങ്ങളെ പുതിയ അറിവും വ്യത്യസ്തമായ കാഴ്ചപ്പാടുമായിക്കാണുന്നു. ഈ വിചാരങ്ങളിൽ മനസ് ഉടക്കിക്കിടക്കുമ്പോഴാണ് നീതി ആയോഗിന്റെ മുഖ്യനിർവാഹകൻ അമിതാഭ് കാന്തിന്റെ അമിതജനാധിപത്യമാണ് ഇന്ത്യയുടെ പ്രശ്നം എന്ന മഹദ് വചനം ഭൂഗർഭ മുഴക്കം പോലെ ഭയപ്പെടുത്തുന്നത്. മറ്റൊരു വാർത്തയും നെഞ്ചിടിപ്പ് വർദ്ധിക്കാൻ കാരണമായി. അത് ഉത്തർപ്രദേശ് സർക്കാരിന്റെ ഒരുത്തരവാണ്. ഉത്തരവ് ആശ്വാസപ്രദമെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ ആ ഉത്തരവിന് ഹേതുവായ സാഹചര്യം ശ്രീനാരായണ ഗുരുദേവൻ പിറന്ന കേരളത്തിൽ ജീവിക്കുന്ന നമുക്ക് ഉൾക്കൊള്ളാൻ എളുപ്പമല്ല. വാഹനങ്ങളിൽ ജാതി സൂചിപ്പിക്കുന്ന ബോർഡുകൾ പ്രദർശിപ്പിക്കാൻ പാടില്ല എന്നാണ് സർക്കാർ ഉത്തരവ്. ഓഹോ! അപ്പോൾ അങ്ങനെയും ബോർഡുകൾ വാഹനങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു! കാര്യങ്ങൾ അവിടം വരെയായി. 'ജില്ലാ കളക്ടറെ"ന്നും 'മേയർ" എന്നും 'ചെയർമാൻ" എന്നുമൊക്കെയുള്ള ബോർഡുകൾ സർക്കാർ വാഹനങ്ങളിൽ കാണുന്നത് പോലെ ഉത്തർപ്രദേശിലെ സ്വകാര്യ വാഹനങ്ങളിൽ ക്ഷത്രിയൻ, ബ്രാഹ്മണൻ, കായസ്ത്, ശൂദ്രൻ, എന്നൊക്കെ എഴുതിപ്പിടിപ്പിച്ചിരിക്കുന്നു! ഡോക്ടർ, അഭിഭാഷകൻ, ചാർട്ടേർഡ് അക്കൗണ്ടന്റ് എന്നൊക്കെയുള്ള സൂചനാ സ്റ്റിക്കറുകൾ കാറുകളിൽ പതിപ്പിക്കുന്നതുപോലെ നമ്മുടെ വാഹനങ്ങളിൽ ബ്രാഹ്മണൻ, നായർ, ക്രിസ്ത്യാനി, ഈഴവൻ, മുസ്ലിം എന്നൊക്കെ എഴുതി പ്രദർശിപ്പിക്കുന്ന രംഗം ഭാവനയിൽപ്പോലും സങ്കല്പിക്കാനാവുമോ? ഏതായാലും ഇത് പാടില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ നിർദേശിച്ചിരിക്കുന്നു. അത്രയും ആശ്വാസപ്രദം. ചില നിർദ്ദേശങ്ങൾ ഏട്ടിലെ പശുവാകാറുണ്ടെന്ന വസ്തുതയും മറക്കാവതല്ല. പുതുവർഷത്തിലെ പുതിയ ആശയക്കൊറോണകളാണോ ഇവയൊക്കെ? വ്യാപനശേഷിയില്ലാത്ത വൈറസുകളായിരിക്കട്ടെ ഇവയെല്ലാം എന്ന് നമുക്കാശിക്കാം.