
ന്യൂഡൽഹി: ഉത്തർപ്രദേശ് സർക്കാർ പാസാക്കിയ മതപരിവർത്തന നിരോധന നിയമത്തിനെതിരെ ശക്തമായ ഭാഷയിൽ പ്രതിഷേധ കത്തെഴുതി മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ. നൂറ്റിനാലോളം മുൻ ഉദ്യോഗസ്ഥരാണ് കത്തിൽ ഒപ്പുവച്ചിരിക്കുന്നത്. ഇവരിൽ മുൻ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ശിവ്ശങ്കർ മേനോൻ, മുൻ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്‌ടാവ് ടി.കെ.എ നായർ എന്നിവരുമുണ്ട്. പുതിയ നിയമത്തിലൂടെ നാടിനെ വെറുപ്പിന്റെയും വിഭജനത്തിന്റെയും മതഭ്രാന്തിന്റെയും കേന്ദ്രമാക്കി സംസ്ഥാന സർക്കാർ മാറ്റി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പടെ സംസ്ഥാനത്തെ എല്ലാ രാഷ്‌ട്രീയക്കാരും സത്യപ്രതിജ്ഞ ചെയ്‌ത രാജ്യത്തെ ഭരണഘടനയെക്കുറിച്ച് ആദ്യം മുതൽ തന്നെ പഠിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. നിയമത്തെ കാത്തുസൂക്ഷിക്കേണ്ടവർ അങ്ങനെ ചെയ്യേണ്ടത് അത്യാവശ്യമാണ്. മതപരിവർത്തന നിരോധന നിയമം സംസ്ഥാന സർക്കാർ നടപ്പാക്കിയത് ബലപ്രയോഗത്തിലൂടെയോ വിവാഹം പോലുളള കാര്യങ്ങൾക്കായോ വേണ്ടിയുളള മതപരിവർത്തനം തടയുന്നതിനാണ്. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.
നിയമവിരുദ്ധമായ ഈ ഓർഡിനൻസ് പിൻവലിക്കണമെന്നും ഇത് തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യത്തിന് എതിരാണെന്നും കത്തിൽ പറയുന്നു.
പുതിയ നിയമപ്രകാരം വിവിധയിടങ്ങളിൽ കേസുകൾ എടുത്തുതുടങ്ങിയതോടെയാണ് സർക്കാരിനെതിരെ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ കത്ത് നൽകിയത്. അലഹബാദ് ഹൈക്കോടതി ഈയിടെ ഒരു കേസിൽ ഹിന്ദുസ്‌ത്രീയെ വിവാഹം ചെയ്‌ത മുസ്ളീം യുവാവിനെതിരെ എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്‌തത് തളളിക്കളഞ്ഞിരുന്നു. ആർക്കൊപ്പം ജീവിക്കണം എന്ന പൗരന്റെ മൗലികമായ അവകാശത്തെ ചില കോടതികൾ തളളിക്കളഞ്ഞത് മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ കത്തിൽ പരാമർശിച്ചു.