india-china-

ന്യൂഡൽഹി : മാസങ്ങളായി ലഡാക്ക് മേഖലയിൽ ഇന്ത്യയും ചൈനയും സൈനിക വിന്യാസം നടത്തുകയാണ്. ഇരു സൈനികരും മുഖാമുഖം നിൽപ്പ് തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ഇനിയും ഇരുരാജ്യങ്ങൾ തമ്മിലുള്ള സമാധാന ചർച്ചകൾ ഫലവത്തായിട്ടില്ല. ചർച്ചകളിൽ സൈന്യത്തെ പിൻവലിക്കാമെന്ന് ചൈന സമ്മതിക്കുന്നുണ്ടെങ്കിലും കൂടുതൽ സൈനിക വിഭാഗങ്ങളെ വിന്യസിക്കുകയും, യുദ്ധോപകരണങ്ങൾ സ്ഥാപിക്കുന്നതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ അതിർത്തി മേഖലയിൽ ശക്തമാക്കുകയുമാണ് ചൈന ചെയ്യുന്നത്. ഇതിന് അതേ നാണയത്തിൽ തിരിച്ചടി നൽകുകയാണ് ഇന്ത്യയും. മേഖലയിൽ നിതാന്ത ജാഗ്രതയിലുള്ള ഇന്ത്യൻ സൈന്യം പോർവിമാനങ്ങളുപയോഗിച്ച് നിരീക്ഷണം നടത്തുന്നുമുണ്ട്. അടുത്തിടെ ഇന്ത്യ സ്വന്തമാക്കിയ റഫാലടക്കമുള്ള ആയുധങ്ങൾ ഇന്ത്യൻ പ്രതിരോധത്തിന്റെ ശക്തിയും ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നതാണ്.

ഇന്ത്യ ചൈന സംഘർഷം യുദ്ധസമാനമായ സാഹചര്യത്തിലൂടെ കടന്ന് പോകവേ ലഡാക്കിൽ ചൈന സൈനിക നീക്കങ്ങൾ നടത്തിയതിന്റെ സാദ്ധ്യതകളും, കാരണങ്ങളും ആദ്യമായി പങ്കുവയ്ക്കുകയാണ് വ്യോമസേന മേധാവി ആർ കെ എസ് ഭദൗരിയ. കഴിഞ്ഞ ദിവസം ഒരു വെബ്മിനാറിൽ പങ്കെടുത്ത് സംസാരിക്കവേയാണ് എന്തുകൊണ്ടാണ് ലഡാക്കിൽ ചൈന പ്രകോപനം സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്.

ചൈന ആഗോള ശക്തിയാണെന്ന് ഉയർത്തിക്കാട്ടുന്നതിനായുള്ള നീക്കങ്ങളാണ് ലഡാക്കിൽ നടത്തിയതെന്ന അനുമാനമാണ് വ്യോമസേന മേധാവി പങ്കുവയ്ക്കുന്നത്. ആഗോള നേതാവായി ഉയരുവാൻ പ്രാദേശിക മേധാവിത്വം ആവശ്യമാണ്. ഇതിനായി ചൈന മെനഞ്ഞ പദ്ധതിയായിരുന്നു ലഡാക്കിൽ നടപ്പിലാക്കാൻ ശ്രമിച്ചത്. എന്നാൽ ആഗോള തലത്തിൽ ഈ നീക്കങ്ങൾ ചൈനയ്ക്ക് തിരിച്ചടിയാണ് സമ്മാനിച്ചത്. ആ രാജ്യത്തിന്റെ ആഗ്രഹങ്ങൾ ആഗോളതലത്തിലുള്ളതാണെങ്കിൽ ഇത്തരം നീക്കങ്ങൾ അവരുടെ പദ്ധതികൾക്ക് അനുയോജ്യമായിരിക്കില്ല.

ലഡാക്കിൽ ശരിക്കും ഒരു യുദ്ധമുണ്ടായാൽ സൈനികർക്ക് നൽകേണ്ട പരിശീലനത്തിന്റെ ഭാഗമാണോ ഇപ്പോഴുണ്ടായ ഈ പ്രകോപനമെന്നും വ്യോമസേന മേധാവി വിലയിരുത്തുന്നു. ചൈന തങ്ങളുടെ സേനയിൽ വെസ്‌റ്റേൺ തിയേറ്ററിനെ ഫലപ്രദമായി എങ്ങനെ വിന്യസിക്കാനാവും എന്ന് പരിശോധിക്കുകയാവാം ഈ നീക്കങ്ങളിലൂടെ. ഇതിനൊപ്പം അതിർത്തിയിൽ പ്രതിരോധം സൃഷ്ടിക്കേണ്ട മേഖലകളെ കുറിച്ചും, പ്രതിരോധത്തിലെ ദുർബല മേഖലകൾ തിരിച്ചറി യുന്നതിനുമുള്ള തന്ത്രമാവാം ലഡാക്കിൽ പരീക്ഷിച്ചത്.

അവസാനമായി വ്യോമസേന മേധാവി പങ്കുവയ്ക്കുന്ന സാദ്ധ്യത മുൻപും ഏറെ ചർച്ചയായിട്ടുള്ള ഒന്നാണ്. കൊവിഡ് കാലത്ത് ചൈനീസ് ഭരണകൂടത്തിന്റെ മുഖം നഷ്ടപ്പെടുന്ന എതിർപ്പാണ് രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും നേരിടേണ്ടി വന്നത്. ഇതിൽ നിന്നും ശ്രദ്ധതിരിക്കുന്നതിനുള്ള മാർഗമായി ലഡാക്കിനെ ഉപയോഗപ്പെടുത്തിയതാവാം.

അതേസമയം ലഡാക്കിൽ ചൈന ഉയർത്തുന്ന ഭീഷണിക്ക് തുല്യ അളവിലുള്ള സൈനിക വിന്യാസമാണ് ഇന്ത്യയും മുന്നോട്ട് വയ്ക്കുന്നത്. ചർച്ചകളിൽ ഒരുവിധത്തിലുമുള്ള അർഥപൂർണമായ പരിഹാരവും ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ മേഖലയിലെ സൈനിക വിന്യാസം കുറയ്ക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

.