
കാതോർത്ത് നോക്കൂ, എവിടെയും കേൾക്കാം പഴയ കുയിൽനാദം. നഗരങ്ങളിലെ കുട്ടികളും കുയിലിനൊപ്പം കൂ..കൂ... മുഴക്കുന്നു. പുതിയ കാലം, പുതിയ പ്രകൃതി. പ്രതീക്ഷയോടെ വരവേല്ക്കാം 2021നെ- പഴയ ആ ഗ്രാമപ്പൊലിമയോടെ.
മനുഷ്യരോട് ചോദിച്ചിട്ടല്ല കാലം കടന്നുപോകുന്നത്. സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും അറിയുന്നുണ്ടാവില്ല കാലം യാത്രചെയ്യുന്നത്. യൗവനം പിന്നിടും വരെ മനുഷ്യർ ഓരോ വർഷത്തെയും വരവേൽക്കുന്നത് ആഹ്ലാദത്തോടെയാണ്. അത് കഴിയുമ്പോൾ തോന്നും കാലം അതിവേഗത്തിൽ കടന്നുപോകുന്നു എന്ന്. 2020 പെട്ടെന്ന് കടന്നുപോയി എന്ന് ഈ ലേഖകനും തോന്നുന്നു. ജ്യോതിഷികൾ 2020 പിറക്കുമ്പോൾ പറഞ്ഞത് 20-20 എല്ലാത്തിനും ശുഭകരമായ വർഷമെന്നാണ്. മാസങ്ങൾ പിന്നിടും മുൻപേ വന്നെത്തിയത് കൊവിഡ്-19. 20-20. ക്രിക്കറ്റ് പോലെ വളരെവേഗം അത് ലോകജനതയാകെ അടിച്ചുവീഴ്ത്തി. അതിൽ നിന്ന് മുക്തി നേടാനുള്ള യജ്ഞമാണ് 2021 നെ വരവേൽക്കാനൊരുങ്ങി നിൽക്കുന്നത്. കൊവിഡിന്റെ താണ്ഡവം പുതുവർഷത്തിലും തുടരാതിരിക്കുക എളുപ്പമല്ല. കൊവിഡ് പഠിപ്പിച്ച പാഠം ലോകജനതയെ കുറേക്കൂടി നിയന്ത്രണമുള്ളവരാക്കി. എല്ലാ മേഖലയിലും ഒരു തിരിച്ചുപോക്കിന്റെ അനിവാര്യതയാണ് 2020 ലോകത്തെ പഠിപ്പിക്കുന്നത്. ഒരു രോഗം ഇത്ര വ്യാപകമായി ലോകജനതയെ പിടികൂടുന്നത് ലഭ്യമായ ചരിത്രസ്മരണയിൽ ആദ്യമാണ്. എന്നാൽ, മനുഷ്യൻ ആർജ്ജിച്ച സാങ്കേതിക വിദ്യയുടെയും വൈദ്യശാസ്ത്രത്തിന്റെയും ശക്തിയാൽ മരണത്തിലേക്കുള്ള ഭീതിജനകമായ അവസ്ഥയെ വലിയൊരളവിൽ തടഞ്ഞുനിറുത്താൻ കഴിഞ്ഞു. അത് ചെറിയ കാര്യമല്ല. രോഗം വന്നാൽ എവിടെയും മരിച്ചുവീഴുന്ന ജനതയെ കാണാവുന്ന തരത്തിലേക്ക് കൊവിഡിനു കടന്നാക്രമണം നടത്താൻ കഴിഞ്ഞില്ല. മനുഷ്യനാർജിച്ച വിജ്ഞാനത്തിന്റെയും സാങ്കേതിക മികവുകളുടെയും ശക്തിയാണ് ഇത് തെളിയിക്കുന്നത്. വായുവേഗത്തിൽ ചുറ്റിയടിക്കുന്ന മാരക വൈറസിനെ അതിനേക്കാൾ വേഗത്തിൽ പിടിച്ചുകെട്ടാൻ മനുഷ്യൻ നടത്തിക്കൊണ്ടിരിക്കുന്ന യത്നം പുതിയ വർഷത്തിൽ പ്രതീക്ഷയുടെ വെളിച്ചമാകും.
കൊവിഡ് വ്യാപനം ഏറ്റവും ആശങ്കയിലും പ്രതിസന്ധിയിലുമാക്കിയത് ലോകത്തെമ്പാടുമുള്ള വ്യവസായികളെയല്ല, വിദ്യാർത്ഥികളെയാണ്. പഠനം മുടങ്ങുകയും ഒരു വർഷമെങ്കിലും നഷ്ടപ്പെട്ടു പോവുകയും ചെയ്യുമെന്ന ഭീതി കുട്ടികൾക്കും രക്ഷിതാക്കൾക്കുമുണ്ടായിരുന്നു. എന്നാൽ, മനുഷ്യൻ ആർജ്ജിച്ച സാങ്കേതിക വിദ്യകൊണ്ട് അതിനെ അതിജീവിക്കുകയായിരുന്നു ലോകം. ശാസ്ത്രം രക്ഷകനോ ശിക്ഷകനോ എന്ന പഴയ ചോദ്യം വീണ്ടും ചോദിക്കാവുന്ന അവസരം കൂടിയാണിത്. ലോകരാജ്യങ്ങൾക്കിടയിൽ യുദ്ധങ്ങളുടെയും കുതന്ത്രങ്ങളുടെയും പണിപ്പുരകൾക്കും നല്ലൊരളവിൽ വിശ്രമം കിട്ടിയ വർഷമാണ് കടന്നുപോകുന്നത്.
മൂന്ന് ഉറുമ്പുകൾ- എന്ന പേരിൽ ഖലീൽ ജിബ്രാൻ എഴുതിയ ഒരു ചെറിയ കഥയുണ്ട്. അതു പറയാം- വെയിലിൽ കിടന്നുറങ്ങുന്ന ഒരു മനുഷ്യന്റെ മൂക്കിൻമേൽ മൂന്ന് ഉറുമ്പുകൾ കണ്ടുമുട്ടി. അവരവരുടെ ഗോത്രത്തിന്റെ ആചാരമര്യാദകളനുസരിച്ച് പരസ്പരം അഭിവാദ്യം ചെയ്തശേഷം അവർ സംസാരിച്ചുതുടങ്ങി. ഒന്നാമത്തെ ഉറുമ്പ് പറഞ്ഞു. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും തരിശായ കുന്നുകളും താഴ്‌വരകളുമാണിവ. ഒരു നുള്ള് ധാന്യത്തിനുവേണ്ടി ദിവസം മുഴുവൻ തിരച്ചിലിലായിരുന്നു. പക്ഷേ, യാതൊന്നും ലഭിച്ചില്ല. അപ്പോൾ രണ്ടാമത്തെ ഉറുമ്പ് പറഞ്ഞു.- സർവ കാട്ടുപാതകളും ഊടുവഴികളും സന്ദർശിച്ചുവെങ്കിലും ഞാനും യാതൊന്നും കണ്ടെത്തിയില്ല, എന്റെ നാട്ടുകാർ പറയുന്നതുപോലെ യാതൊന്നും വളരാത്ത വളരെ മൃദുവായ, ചലിക്കുന്ന ഭൂപ്രദേശമാണിത്. അപ്പോൾ മൂന്നാമത്തെ ഉറുമ്പ് തല ഉയർത്തിക്കൊണ്ട് പറഞ്ഞു.- സുഹൃത്തുക്കളേ, നാമിപ്പോൾ നില്ക്കുന്നത് അതിശ്രേഷ്ഠനും പരമോന്നതനുമായ ഒരു ഉറുമ്പിന്റെ മൂക്കിന്മേലാണ്, സർവശക്തനും അവ്യയനുമായ ഉറുമ്പ്.. അവന്റെ ശരീരം അതിബൃഹത്തായതിനാൽ നാമത് കാണുന്നില്ല. നിഴൽ അതിവിപുലമായതിനാൽ നമുക്കത് അടയാളപ്പെടുത്താനാവില്ല. ശബ്ദം അത്യുച്ചത്തിലായതിനാൽ നാമത് കേൾക്കുന്നില്ല. തീർച്ചയായും സർവവ്യാപിയാണവൻ. മൂന്നാമത്തെ ഉറുമ്പ് ഇപ്രകാരം സംസാരിച്ചപ്പോൾ മറ്റു രണ്ടുപേരും പരസ്പരംനോക്കി പൊട്ടിച്ചിരിച്ചു. ഉറങ്ങിക്കിടന്ന മനുഷ്യൻ ആ നിമിഷം ഒന്നിളകി. അയാൾ കൈ ഉയർത്തി തന്റെ മൂക്ക് ചൊറിഞ്ഞു. മൂന്ന് ഉറുമ്പുകളും ആ ചൊറിച്ചിലിൽ ഞെരിഞ്ഞമർന്നു മരിച്ചു.- കാര്യമറിയാതെയുള്ള ഒരു പൊട്ടിച്ചിരിമതി മനുഷ്യരെന്ന് അഹങ്കരിക്കുന്ന നമ്മുടെ ജീവിതവും ഞെരിഞ്ഞമർന്ന് ഇല്ലാതാവാൻ. മൂന്നാമത്തെ ഉറുമ്പ് പറഞ്ഞതിലെ വാസ്തവം തിരിച്ചറിയാൻ ശ്രമിക്കുന്നതിനുപകരം പരിഹസിച്ചു പൊട്ടിച്ചിരിക്കുകയായിരുന്നു മറ്റ് രണ്ട് ഉറുമ്പുകളും. ഫലമോ? മൂവരുടെയും സ്വപ്നസഞ്ചാരങ്ങളും ഞൊടിയിടയിൽ അസ്തമിച്ചു.
ഇതുകൂടി കാണുക
ലോക്ക്ഡൗൺ മൂലം വരുമാനം വളരെ കുറഞ്ഞിട്ടും സർക്കാർ ഖജനാവുകളൊന്നും കാലിയാവുന്നില്ല. എന്താണ് കാരണം? ഉദ്‌ഘാടന മാമാങ്കങ്ങൾക്കും പൊതുപരിപാടികൾക്കും വിദേശ യാത്രകൾക്കുമൊക്കെയായി മന്ത്രിമാരും അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മറ്റുജനപ്രതിനിധികളും വാരിയെറിയുന്ന പണം ഖജനാവിന്റെ സ്ഥിരനിക്ഷേപം പോലെയായി മാറി. അച്ചടക്കം പാലിച്ച് വീട്ടിലൊ ഓഫീസിലൊ അവർ ഇരുന്നതുകൊണ്ട് ഒരു കുറവും നാടിനൊ ജനജീവിതത്തിനോ സംഭവിച്ചില്ല. എല്ലാം കൂടുതൽ ഭദ്രമാവുകയായിരുന്നു. ചെലവാകാതിരുന്ന പണത്തിന്റെ നെഗളിപ്പ് തദ്ദേശ തിരഞ്ഞെടുപ്പിന് ജനങ്ങൾ കണ്ടതുമാണ്. എത്രകോടി രൂപയാണ് പോസ്റ്ററിനും കട്ടൗട്ടറുകൾക്കുമായി മത്സരിച്ച് വാരിയെറിഞ്ഞത്. ഇത്രയും പണം ഈ രാഷ്ട്രീയക്കാർക്ക് ഈ കൊവിഡ് കാലത്തും എങ്ങനെ കൈവന്നുവെന്ന് അമ്പരന്നുകൊണ്ടാണ് ജനങ്ങൾ പോളിംഗ് ബൂത്തുകളിൽ ക്യൂ നിന്നത്. ഹാ! കഷ്ടം നമ്മുടെ വിധി, 'മായ്ക്കുവാൻ കൈലേസില്ല'-എന്ന് ബഷീർ പറഞ്ഞത് ഓർമ്മിക്കാം. ഖജനാവ് ശൂന്യമാകും, എല്ലാം നിലച്ചു പോകും എന്നൊക്കെയായിരുന്നു കോവിഡ് വ്യാപനത്തിന്റെ ആദ്യ നാളുകളിൽ ലോകം ഭയപ്പെട്ടത്. അനാവശ്യ ചെലവുകളേ, അനാവശ്യ ആഘോഷങ്ങളേ വിട. അല്പം ശാന്തി, അതിനേക്കാൾ സമാധാനം അതിനാവട്ടെ 2021..
ഓർമ്മിക്കുക- കൊവിഡ് എന്ന മഹാമാരി പിടികൂടിയത് മനുഷ്യരെ മാത്രമാണ്. പ്രകൃതിയെയും പക്ഷി മൃഗാദികളെയും ബാധിച്ചില്ല, ലോകമെമ്പാടും പ്രകൃതിയും മറ്റു ജീവജാലങ്ങളും കൂടുതൽ ഉല്ലാസത്തോടെ വാഴുന്നതാണ് കാണാനാവുന്നത്. അതൊരു പ്രതീക്ഷയാണ്. 2021 പുതിയൊരു കാലാവസ്ഥയാണ് തുറന്നിടുന്നത്, ഇന്നലെവരെ കണ്ടിട്ടില്ലാത്ത ഒരു ലോകമാണ് 2020 ൽ ലോകജനത കണ്ടത്. മനുഷ്യജീവിതം അപ്പാടെ നിശ്ചലമാവുകയും പക്ഷിമൃഗാദികൾ ഉല്ലാസത്തോടെ പുറത്തിറങ്ങുകയും ചെയ്ത കാലം. ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കൂ .പ്രകൃതിക്ക് ഇന്നലത്തേക്കാൾ പ്രസരിപ്പുണ്ട്. നഗരജീവിതത്തിന്റെ ബഹളങ്ങളടങ്ങിയപ്പോൾ നാഷണൽ ഹൈവേയിൽ നൃത്തം ചെയ്യാനിറങ്ങിയ മയിലുകളുടെയും ഫ്‌ളാറ്റുകളുടെ താഴ്വാരങ്ങളിലേക്കും മുഖപ്പുകളിലേക്കും പറന്നെത്തിയ കിളികളുടെയും വശ്യചാരുത നമ്മൾ കാണുന്നു. പ്രകൃതിയോടും മറ്റു ജീവജാലങ്ങളോടും മനുഷ്യൻ വീണ്ടും സൗഹൃദം കാണിച്ചു തുടങ്ങി. വീട്ടുമുറ്റത്ത് ചെടികളും പറമ്പിൽ കായ്കനികളും മറ്റ് കാർഷികോത്പന്നങ്ങളും കൂടുതൽ സജീവമായി. തിരക്കു പിടിച്ച ജീവിതം മനുഷ്യന് നഷ്ടമാക്കിയത് എന്തൊക്കെയാണെന്ന് തിരിച്ചറിയുകയാണ് നാം. കടകമ്പോളങ്ങളിൽ മാത്രമല്ല, ആശുപത്രികളിലും തിരക്കില്ല .മെഡിക്കൽ ഷോപ്പുകളിൽ ആരും ക്യൂ നിന്ന് മരുന്ന് വാങ്ങുന്നില്ല. മൊബൈൽ ഷോപ്പുകളിൽ തിരക്കില്ല. ഹോട്ടലുകളിൽ തിക്കിത്തിരക്കുന്നതിന്റെ ആഡംബരം ആരും ആസ്വദിക്കുന്നില്ല. പുതിയൊരു ലോകം. അത് കാണുകയും ആസ്വദിക്കുകയും ചെയ്യുകയാണ് മനുഷ്യൻ.
മറക്കാതിരിക്കാം- നഷ്ടങ്ങളുടെ വലിയ വേദനകളും 2020 തന്നു. ഒട്ടേറെ വിലപ്പെട്ട ജീവനുകൾ കൊവിഡ് 19 കവർന്നെടുത്തു. സംഗീതത്തെ പ്രണയിച്ച് മതിവരാത്ത എസ്.പി.ബാലസുബ്രഹ്മണ്യത്തെയും പ്രകൃതിയെ സ്നേഹിച്ച് കൊതിതീരാത്ത സുഗതകുമാരിയെയും ഉൾപ്പെടെ നമുക്ക് നഷ്ടമായി. അവരെല്ലാം പകർന്ന നന്മയുടെയും സ്നേഹത്തിന്റെയും വെളിച്ചം പുതുവർഷത്തെ വരവേൽക്കാൻ നമുക്കൊപ്പമുണ്ടാവും എന്ന് ആശ്വസിക്കാം..
ഒന്നിന്നുമില്ല നില ഉന്നതമായ കുന്നു-
മെന്നല്ലാഴിയും ഒരിക്കൽ നശിക്കുമോർത്താൽ - എന്ന് മഹാകവി കുമാരനാശാനും
Since brass, nor stone, nor earth, nor boundless sea
But sad mortality o'er-sways their power - എന്ന് വില്യം ഷേക്‌സ്പിയറും പറഞ്ഞത് മറക്കാതിരിക്കാം.
‘ഉത്‌പന്നമായതു നശിക്കു,മണുക്കൾ നിൽക്കും
ഉത്‌പന്നമാമുടൽ വെടിഞ്ഞൊരു ദേഹി വീണ്ടും
ഉത്‌പത്തി കർമ്മഗതിപോലെ വരും ജഗത്തിൽ’
കൽപിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങൾ. - എല്ലാവർക്കും പുതുവത്സരാശംസകൾ.