
തിരുവനന്തപുരം: യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തിലാണ് കൺവീനർ എം.എം ഹസന്റെ പെരുമാറ്റമെന്നും സ്ഥാനത്ത് നിന്നും ഹസനെ നീക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കമാന്റിന് പരാതികളുടെ പ്രവാഹം. നിരവധി കോൺഗ്രസ് എം.എൽ.എമാരും എം.പിമാരും കേരളത്തിന്റെ ചുമതലയുളള താരിഖ് അൻവറിനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനോടും ഇതെപറ്റി പരാതി നൽകി. കുറച്ചുപേർ താരിഖ് അൻവറിനോട് നേരിട്ട് പരാതി പറഞ്ഞു. ഹസന് പലകാര്യങ്ങളെക്കുറിച്ചും യാതൊരു ധാരണയുമില്ലെന്നും കത്തിലെ പരാതിയിൽ പറയുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിയുടെ പശ്‌ചാത്തലത്തിൽ കോൺഗ്രസിൽ വ്യാപക അസ്വാരസ്യങ്ങളുണ്ടാകുന്നുണ്ട്. ഇതിൽ ഏറ്റവും പുതിയതാണ് ഹസനെതിരായ പരാതി. മാദ്ധ്യമങ്ങളെ ഒപ്പംകൂട്ടി വെൽഫെയർ പാർട്ടി നേതാക്കളെ കണ്ടതും അവരുടെ പിന്തുണ സ്വീകരിച്ചെന്ന പ്രസ്‌താവനയും തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും യു.ഡി.എഫിനും തിരിച്ചടിയായെന്നും നേതാക്കൾ കത്തിൽ പറയുന്നു. പാർട്ടിയിൽ ആലോചിക്കാതെയാണ് പലപ്പോഴും ഹസൻ നിലപാടുകൾ പരസ്യപ്പെടുത്തിയതെന്നും കത്തിലുണ്ട്.
ഹസനെ കൺവീനർ സ്ഥാനത്ത് നിർത്തി മുന്നോട്ട്പോയാൽ അത് യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ലഭിക്കുമെന്നും നേതാക്കൾ അഭിപ്രായപ്പെടുന്നു. വെൽഫെയർ പാർട്ടിയുമായി നീക്കുപോക്കുണ്ടാക്കിയെന്നും യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ലൈഫ് ഉൾപ്പടെ നാല് മിഷനുകളും പിരിച്ചുവിടുമെന്നും എം.എം ഹസൻ നടത്തിയ പ്രസ്‌താവനകൾ തിരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസിനെതിരെ ജനങ്ങളുടെ വൻ അതൃപ്‌തിയ്‌ക്ക് ഇടയാക്കിയിരുന്നു.