കൊവിഡിൽ തട്ടി വീണെങ്കിലും മലയാളസിനിമ വീണ്ടും ആശ്വാസത്തിന്റെ വഴിയിൽ

മെഗാസ്റ്റർ മമ്മൂട്ടിക്ക് ഷൈലോക്ക്, മോഹൻലാലിന് ബിഗ് ബ്രദർ. ഇരുവരുടെയും അഭിനയജീവിതത്തിൽ ഇതാദ്യമാണ് രണ്ടു ചിത്രങ്ങളിൽ മാത്രമായി താരരാജാക്കൻമാർ അഭിനയിക്കുന്നത്.രണ്ടായിരത്തി ഇരുപതിൽ ഗംഭീര തുടക്കം കാഴ്ചവച്ച് മുന്നേറുമ്പോഴാണ് കൊവിഡിൽ തട്ടി മലയാള സിനിമ വീഴുന്നത്. അയ്യപ്പനും കോശിയും അഞ്ചാം പാതിരയും ചരിത്ര വിജയം തന്നെ കാഴ്ചവച്ചു. പൃഥ്വിരാജും ബിജു മേനോനുമാണ് ഏറ്റവും തിളങ്ങിയ താരങ്ങൾ. അയ്യപ്പനും കോശിയുമാണ് ഇരുവരുടെയും ചിത്രം.വരനെ ആവശ്യമുണ്ട് ആണ് ദുൽഖർ ചിത്രം. മണിയറയിലെ അശോകനിൽ അതിഥി വേഷത്തിലും എത്തി.പ്രേക്ഷകന്റെ ഇഷ്ടം നിലനിറുത്തുന്നതായിരുന്നു ദുൽഖർ കഥാപാത്രങ്ങൾ. ഫഹദ് ഫാസിലിന്റെ രണ്ട് ചിത്രങ്ങളാണ് എത്തിയത്. ട്രാൻസും സീ യു സൂണും. 
വിവാഹശേഷം നസ്റിയ ഫഹദിന്റെ നായികയായി എത്തുന്നതായിരുന്നു ട്രാൻസിന്റെ പ്രത്യേകത.( മണിയറ അശോകനിൽ അതിഥി വേഷത്തിൽ നസ്റിയ) ഒടിടി റിലീസായി എത്തിയ സീ യു സൂണും ഫഹദിന് നേട്ടം സമ്മാനിച്ചു.യുവനിരയിൽ വാഗ്ദാനമായി തുടരുകയാണ് താനെന്ന് സീയു സൂണിലൂടെയും റോഷൻ മാത്യു തെളിയിച്ചു.കപ്പേളയും നേട്ടം തന്നു . ടൊവിനോ തോമസിനും രണ്ടു ചിത്രങ്ങൾ. ഫോറൻസിക്കും കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സും. രണ്ടു ചിത്രങ്ങളിലും പ്രേക്ഷകരെ ടൊവിനോ നിരാശപ്പെടുത്തിയില്ല.അന്വേഷണവും സൂഫിയും സുജാതയുമാണ് ജയസൂര്യ ചിത്രങ്ങൾ. ആസിഫ് അലിയുടെയും നിവിൻ പോളിയുടെയും ഉണ്ണിമുകുന്ദന്റെയും ഷെയ് ൻ നിഗമിന്റെയും ചിത്രങ്ങൾ എത്തിയില്ല. സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒന്നിക്കുന്ന സിനിമയ്ക് രണ്ടായിരത്തി ഇരുപത് സാക്ഷ്യം വഹിച്ചു. അഞ്ചാം പാതിരയും കപ്പേളയും ശ്രീനാഥ് ഭാസിക്ക് ഒരേപോലെ നേട്ടം പകർന്നു.ഷറഫുദ്ദീനാണ് തിളങ്ങിയ മറ്റൊരു താരം. അഞ്ചാം പാതിരയും ഹലാൽ ലൗ സ്റ്റോറിയും താരത്തിന് കൂടുതൽ പ്രശസ്തി തീർത്തു. 
ജോജു ജോർജിനും രണ്ടുചിത്രങ്ങൾ.എന്നാൽ രണ്ടു ചിത്രങ്ങളും തിയേറ്റർ റിലീസായി എത്തിയില്ല.ഇന്ദ്രജിത്ത് ഹലാൽ ലൗ സ്റ്റോറിയിൽ സാന്നിദ്ധ്യം അറിയിച്ചു. സൂഫിയും സുജാതയിലൂടെ എത്തിയ ദേവ് മോഹൻ പ്രതീക്ഷ നൽകുന്ന താരം എന്ന് അടയാളപ്പെടുത്തി. നായികമാരിൽ അന്ന ബെൻ ഒരു പടി മുൻപിൽ നിൽക്കുന്നു. കപ്പേളയാണ് അന്നയുടേതായി തിയേറ്ററിൽ എത്തിയ ചിത്രം .
ഹലാൽ ലൗ സ്റ്റോറിയിൽ ഗ്രേസ് ആന്റണിയും തിളങ്ങി. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ കല്യാണി പ്രിയദർശൻ നായികയായി അരങ്ങേറ്റം കുറിച്ചു. അഞ്ചാം പാതിരയിൽ ഉണ്ണിമായ പ്രസാദ്, അയ്യപ്പനും കോശിയിൽ ഗൗരി നന്ദ , സീ യു സൂണിൽ ദർശന രാജേന്ദ്രൻ എന്നിവർ മികവുറ്റ കഥാപാത്രങ്ങളായി എത്തി വിസ്മയം പകർന്നു. കൂടുതൽ സമാന്തര സിനിമകൾ പിറന്ന വർഷം കൂടിയാണ് . സമീർ, വേലത്താൻ, കലാമണ്ഡലം ഹൈദരലി, കോട്ടയം, താക്കോൽപഴുത്, വെയിൽ മരങ്ങൾ,ആൾക്കൂട്ടത്തിൽ ഒരുവൻ,ഒരു വടക്കൻ പെണ്ണ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.പരിചിതർക്കൊപ്പം പ്രതീക്ഷ നൽകുന്ന ഒരുപിടി പുതിയമുഖങ്ങളും വരവ് അറിയിച്ചു. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജല്ലിക്കട്ടിന് ഒാസ്കാർ എൻട്രി ലഭിച്ചത് വലിയ അംഗീകാരമായി വിശേഷിപ്പിക്കാം.