
മുബയ്: യുവാവിനെ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഇരുപത്തഞ്ചുകാരൻ അറസ്റ്റിൽ. അൽത്താഫ് ഷെയ്ക്ക് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. അന്ധേരിയിലെ സെവൻ ബംഗ്ലാവിന് സമീപത്തുവച്ചാണ് സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഇഷ്ടപ്പെട്ട യുവതിയെ സ്വന്തമാക്കാൻ വേണ്ടിയാണ് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പ്രതി പറഞ്ഞു.
താനിഷ്ടപ്പെടുന്ന യുവതിക്ക് ഒരു പ്രണയമുണ്ടെന്ന് തിരിച്ചറിഞ്ഞ അൽത്താഫ്, അവളുടെ കാമുകനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ബൈക്കിൽ യുവാവിന്റെ വീടിനടുത്തെത്തി ഇയാൾ കാത്തിരുന്നു. യുവാവ് പുറത്തിറങ്ങിയ ഉടൻ വെടിയുതിർക്കുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏർപ്പിച്ചത്. അൽത്താഫിന്റെ കയ്യിൽ നിന്നും നാടൻതോക്കും വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വെടിയേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.