
കൊവിഡിന്റെ വരവ് ഈ വർഷം ആഗോള കായികമേഖലയെ സാരമായി ബാധിച്ചു. ഒളിമ്പിക്സ് ഉൾപ്പടെയുള്ള ടൂർണമെന്റുകൾ മാറ്റിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ടിവന്നു. ജൂൺ മാസത്തിന് ശേഷം കായിക മത്സരങ്ങൾ തിരികെ വന്നെങ്കിലും കളിക്കാരെ ബയോസെക്യുവർ ബബിളുകൾക്കുള്ളിലും കാണികളെ സ്റ്റേഡിയങ്ങളിൽ നിന്ന് പുറത്തുമായി വേർതിരിക്കേണ്ടിവന്നു. കൊവിഡ് കായിക ലോകത്തെ ബാധിച്ചതിന്റെ ഏകദേശരൂപം ഇങ്ങനെ കാണാം...
ഒളിമ്പിക്സ്
ജപ്പാനിലെ ടോക്കിയോയിൽ 2020 ജൂലായ്- ആഗസ്റ്റ് മാസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒളിമ്പിക്സ് ഒരു വർഷത്തേക്ക് നീട്ടിവച്ചു.
ഫുട്ബാൾ
യൂറോകപ്പും കോപ്പ അമേരിക്കയും 2021ലേക്കും വനിതാ യൂറോകപ്പ് 2022ലേക്കും മാറ്റി. അണ്ടർ-17,20 വനിതാ ലോകകപ്പുകൾ ഉപേക്ഷിച്ചു.
ക്രിക്കറ്റ്
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു. ആസ്ട്രേലിയയിൽ നടക്കേണ്ടിയിരുന്ന 2020 ലോകകപ്പ് റദ്ദാക്കി അവർക്ക് 2022ലെ വേദി നൽകി. ജൂണിൽ ഇംഗ്ളണ്ട് -വിൻഡീസ് ടെസ്റ്റോടെ ക്രിക്കറ്റ് പുനരാരംഭിച്ചു. ഐ.പി.എൽ യു.എ.ഇയിലേക്ക് മാറ്റി.
അത്‌ലറ്റിക്സ്
ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഒരു വർഷത്തേക്ക് നീട്ടി. യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ഉപേക്ഷിച്ചു. ഡയമണ്ട് ലീഗ് ഗ്രാൻപ്രീകൾ ഉപേക്ഷിച്ചു.
ടെന്നിസ്
ചരിത്രത്തിലാദ്യമായി വിംബിൾഡൺ ഉപേക്ഷിച്ചു. നിരവധി ടൂർണമെന്റുകൾ റദ്ദാക്കി. ഫ്രഞ്ച് ഓപ്പണും യു.എസ് ഓപ്പണും കാലം തെറ്റി നടന്നു.
ഫോർമുല വൺ റേസിംഗ്
ആസ്ട്രേലിയൻ ഗ്രാൻപ്രീയും മൊണാക്കോ ഗ്രാൻപ്രീയും ഉൾപ്പടെ എട്ടോളം റേസുകൾ ഉപേക്ഷിക്കേണ്ടിവന്നു.
ഹോക്കി
ഇന്ത്യയുടെ യൂറോപ്യൻ പര്യടനം ഉപേക്ഷിച്ചു. ജപ്പാൻ പര്യടനം നീട്ടിവച്ചു.
ഷൂട്ടിംഗ്
ന്യൂഡൽഹിയിലെ ഷൂട്ടിംഗ് ലോകകപ്പ് ഉപേക്ഷിച്ചു.
ബാഡ്മിന്റൺ
ജർമ്മൻ ഓപ്പൺ.ചൈന ഓപ്പൺ,ഇന്ത്യ ഓപ്പൺ അടക്കം പത്തോളം ടൂർണമെന്റുകൾ നടത്താൻ കഴിഞ്ഞിട്ടില്ല. തോമസ് കപ്പും ഉൗബർ കപ്പും ഉപേക്ഷിച്ചു.
ആർച്ചറി
ഷാംഗ്ഹായി ലോകകപ്പ് മാറ്റിവച്ചു.
കൊവിഡ് ലോക്ക്ഡൗണിന് ശേഷം കേരളത്തിൽ ഇതുവരെ ഒരു കായിക മത്സരവും നടന്നിട്ടില്ല. സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള ഹോസ്റ്റലുകൾ തുറന്നിട്ടുമില്ല. മറ്റ് സംസ്ഥാനങ്ങളിൽ കായിക മത്സരങ്ങളും പരിശീലനവും പുനരാരംഭിച്ചു കഴിഞ്ഞു