2020-sports

മഹാമാരിയുടെ കടന്നാക്രമണത്തിൽ സ്തംഭിക്കപ്പെട്ടുപോയെങ്കിലും കായിക ലോകം ചില തിളക്കമേറിയ നേട്ടങ്ങൾക്കും 2020 സാക്ഷ്യം വഹിച്ചു. അവയിൽ പ്രധാന സംഭവങ്ങൾ ഇവയാണ്....

അമേരിക്കൻ വനിതാ ടെന്നിസ് താരം സോഫിയ കെനിൻ ആസ്ട്രേലിയൻ ഓപ്പൺ കിരീടം നേടി. സോഫിയയുടെ ആദ്യ ഗ്രാൻസ്ളാം കിരീടമായിരുന്നു ഇത്. നൊവാക്ക് ജോക്കോവിച്ചിനായിരുന്നു പുരുഷ കിരീടം. ഫ്രഞ്ച് ഓപ്പണിൽ സോഫിയയെ അട്ടിമറിച്ച് പോളണ്ടുകാരി ഇഗ ഷ്വാംടെക്ക് കിരീടം നേടി.ഡബ്ളിയു.ടി.എ പ്ളേയർ ഒഫ് ദ ഇയർ പുരസ്കാരം സോഫിയയ്ക്ക് ലഭിച്ചു.

മുൻ ലോക ഒന്നാം നമ്പർ താരം മരിയ ഷറപ്പോവ കളിക്കളത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത് ഫെബ്രുവരിയിൽ . ഡിസംബറിൽ അലക്സാഡർ ഗിൽക്കീസുമായുള്ള വിവാഹവും നടന്നു.

സ്വീഡിഷ് അത്‌ലറ്റ് അർമാൻഡ് ഡുപ്ളാന്റിസ് 6.17 മീറ്ററും 6.18 മീറ്ററും ചാടി പുരുഷ പോൾവാട്ടിൽ രണ്ട് വട്ടം റെക്കാഡ് സൃഷ്ടിച്ചു.

2017ൽ കളിക്കളത്തിൽവച്ചുണ്ടായ അപകടത്തെത്തുടർന്ന് കോമയിലായിരുന്ന ഡച്ച് ഫുട്ബാൾ ക്ളബ് അയാക്സിന്റെ മിഡ്ഫീൽഡർ അബ്ദുൽഹക്ക് നൂറി കോമ വിട്ടുണർന്നു.

30 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിവർപൂൾ ഇംഗ്ളീഷ് പ്രിമിയർ ലീഗ് കിരീടം നേടി.ലോക്ക്‌ഡൗണിന് മുന്നേ ലിവർപൂൾ കിരീടം ഉറപ്പിച്ചിരുന്നു. 99 പോയിന്റുമായാണ് ചെമ്പട കിരീടമുയർത്തിയത്. 81 പോയിന്റ് നേടിയ മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്. ലിവർപൂളിന്റെ 19-ാം ഇ.പി.എൽ കിരീടമായിരുന്നു ഇത്.

റയൽ മാഡ്രിഡ് സ്പാനിഷ് ലാ ലിഗ കിരീടം ബാഴ്സലോണയിൽ നിന്ന് തിരിച്ചുപിടിച്ചു. റയലിന്റെ 34-ാമത് കിരീടമായിരുന്നു ഇത്. ഏറ്റവും കൂടുതൽ തവണ ലാ ലിഗ കിരീടം നേടിയ ടീമാണ് റയൽ മാഡ്രിഡ്.

ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടി. ഫൈനലിൽ ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയെയാണ് തോൽപ്പിച്ചത്. ജർമ്മൻ കപ്പ്,ബുണ്ടസ് ലീഗ്, സൂപ്പർ കപ്പ് കിരീടങ്ങളും ബയേണിനായിരുന്നു. ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയെ 8-2ന് തകർത്തത് വലിയ വാർത്തയായിരുന്നു.

ബാഴ്സയ്ക്ക് വേണ്ടി 664 ഗോളുകൾ നേടി മെസി ഒരു ക്ളബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകളെന്ന പെലെയുടെ റെക്കാഡ് തകർത്തു. എന്നാൽ തങ്ങൾക്ക് വേണ്ടി പെലെ 1000ത്തിലേറെ ഗോൾ നേടിയെന്ന അവകാശവാദമുയർത്തി ബ്രസീലിയൻ ക്ളബ് സാന്റോസ് രംഗത്തെത്തി.

ചാമ്പ്യൻസ് ലീഗ് തോൽവിക്ക് ശേഷം ബാഴ്സ പ്രസിഡന്റുമായുള്ള അടിമൂത്ത് ക്ളബ് വിടുമെന്ന് മെസി ഭീഷണി മുഴക്കി.എന്നാൽ നഷ്ടപരിഹാരവ്യവസ്ഥ ചൂണ്ടിക്കാട്ടിയ ചർച്ചകളെത്തുടർന്ന് ഒരു വർഷം കൂടി തുടരാൻ തീരുമാനിച്ചു. എന്നാൽ സുവാരേസിന് അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് മാറേണ്ടിവന്നു. ബാഴ്സ പ്രസിഡന്റ് ബാർത്തേമ്യൂ പിന്നീട് സ്ഥാനം രാജിവച്ചു.

മുൻ ബ്രസീലിയൻ ഫുട്ബാളർ റൊണാൾഡീഞ്ഞോ വ്യാജ പാസ്പോർട്ട് കേസിൽ പരാഗ്വേയിൽ അറസ്റ്റിലായതും ദിവസങ്ങളോളം ജയിലിലും വീട്ടുതടങ്കലിൽ കഴിഞ്ഞതും ഈവർഷമാണ്.

സ്പാനിഷ് ടെന്നിസ് താരം റാഫേൽ നദാൽ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ നാെവാക്ക് ജോക്കോവിച്ചിനെ കീഴടക്കി 20 ഗ്രാൻസ്ളാം കിരീടങ്ങളെന്ന റോജർ ഫെഡററുടെ ലോക റെക്കാഡിനൊപ്പമെത്തി. നദാലിന്റെ 13-ാമത് ഫ്രഞ്ച് കിരീടമായിരുന്നു ഇത്.

ആസ്ട്രേലിയൻ ഓപ്പൺ ഒഴിച്ചുനിറുത്തിയാൽ നൊവാക്കിന് മോശം വർഷമായിരുന്നു. കൊയേഷ്യയിൽ നൊവാക്ക് മുൻകൈ എടുത്തുനടത്തിയ പ്രദർശന ടൂർണമെന്റിൽ താരത്തിനും ഭാര്യയ്ക്കുമടക്കം നിരവധി പേർക്ക് കൊവിഡ് പിടിപെട്ടു. യു.എസ് ഓപ്പണിൽ റഫറിയുടെ പുറത്ത് പന്തടിച്ചതിന് പുറത്താക്കപ്പെട്ടു.

സ്വാതന്ത്ര്യദിന സന്ധ്യയിൽ അപ്രതീക്ഷിതമായി മഹേന്ദ്രസിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2019 ലോകകപ്പിന് ശേഷം ധോണി ഇന്ത്യൻ കുപ്പായമണിഞ്ഞിരുന്നില്ല. പിന്നാലെ സുരേഷ് റെയ്നയും വിരമിച്ചു.ധോണി ഐ.പി.എല്ലിൽ കളിച്ചെങ്കിലും ചെന്നൈ സൂപ്പർ കിംഗ്സ് പ്ളേ ഓഫിലെത്തിയില്ല. റെയ്ന യു.എ.ഇയിലെത്തിയെങ്കിലും ടീം മാനേജ്മെന്റിനോട് കലഹിച്ച് മടങ്ങി.

യു.എ.ഇയിലേക്ക് മാറ്റപ്പെട്ട ഐ.പി.എല്ലിൽ മുംബയ് ഇന്ത്യൻസ് ചാമ്പ്യൻമാായി.ഫൈനലിൽ ഡൽഹി ക്യാപ്പിറ്റൽസിനെ തോൽപ്പിച്ച് മുംബയ് ഉയർത്തിയത് തങ്ങളുടെ അഞ്ചാം കിരീടം.ഐ.പി.എല്ലിന്റെ ആദ്യ ഘട്ടത്തിൽ മികവ് കാട്ടിയ മലയാളി താരം സഞ്ജു സാംസൺ ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടം പി‌ടിച്ചു.

ബഹ്‌റിൻ ഗ്രാൻപ്രീയിൽ കിരീ‌ടം നേടി ലൂയിസ് ഹാമിൽട്ടൺ ഏഴ് ലോക ചാമ്പ്യൻഷിപ്പുകൾ എന്ന മൈക്കേൽ ഷൂമാക്കറുടെ റെക്കാഡിനൊപ്പമെത്തി. ഷൂമാക്കറുടെ മകൻ മൈക് ഫോർമുല ടു ചാമ്പ്യനായി. അടുത്ത സീസണിൽ ഫോർമുല വണ്ണിൽ മത്സരിക്കും. ജെഹാൻ ദാരുവാല ഫോർമുല ടു ഗ്രാൻപ്രീ റേസ് ജയിക്കുന്ന ആദ്യ ഇന്ത്യൻ വംശജനായി.

ബയേൺ മ്യൂണിക്കിന്റെ റോബർട്ടോ ലെവാൻഡോവ്സ്കി മെസിയെയും ക്രിസ്റ്റ്യാനോയെയും മറികടന്ന് ഫിഫ ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കി. ക്രിസ്റ്റ്യാനോ ഗ്ളോബ് സ്പോർട്സ് പ്ളേയർ ഒഫ് ദ സെഞ്ച്വറി പുരസകാരം നേടി. ക്രിസ്റ്റ്യാനോ ക്ളബിനും രാജ്യത്തിനുമായി 750 ഗോളുകൾ തികച്ചു.

ആസ്ട്രേലിയയ്ക്ക് എതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ 36 റൺസിന് പുറത്തായി തോൽവി ഏറ്റുവാങ്ങിയിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ടെസ്റ്റിൽ എട്ടുവിക്കറ്റിന് ജയിച്ച് പകരം വീട്ടി.

വിരാട് കൊഹ്‌ലി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പതിറ്റാണ്ടിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. പതിറ്റാണ്ടിന്റെ മികച്ച ഏകദിന താരവും ടെസ്റ്റ് ടീം ക്യാപ്ടനും വിരാടാണ്.