
മൂത്ത മകൾ  ആയിഷയുടെ  വിവാഹമാണ്...കുടുംബ സിനിമാ വിശേഷങ്ങളിൽ നാദിർഷ
'വീട്ടുകാര് കണ്ട് ഇഷ്ടപ്പെട്ട് ഉറപ്പിച്ച പെണ്ണിനെയാണ് കെട്ടുന്നത് " ഇരുപത്തിരണ്ടുവർഷം മുൻപ് ഏപ്രിൽ 12ന് കൊച്ചി തോപ്പുംപടിയിലെ ആഡിറ്റോറിയത്തിൽ ഒരു കല്യാണം നടക്കുമ്പോൾ ബന്ധുക്കളിൽ ആരോ ഇങ്ങനെ അടക്കം പറഞ്ഞു. അന്നത്തെ ആ ചെറുക്കനും പെണ്ണും നാദിർഷയും ഷാഹിനയും. സന്തുഷ്ടമായ കുടുംബ ജീവിതത്തിനുമേൽ ദൈവം അനുഗ്രഹം ചൊരിയുന്നതു കണ്ട് വളർന്ന മക്കൾ ആയിഷയും ഖദീജയും. 'വീട്ടുകാര് കണ്ട് ഇഷ്ടപ്പെട്ട് ഉറപ്പിച്ച ചെറുക്കനെയാണ് കെട്ടുന്നത്."ഇപ്പോൾ ഇങ്ങനെ പറയുന്നത് നാദിർഷയുടെയും ഷാഹിനയുടെയും മൂത്ത മകൾ ആയിഷ. ഫെബ്രുവരി ആദ്യം ആയിഷയുടെ നിക്കാഹ്.
പ്രമുഖ ബിസിനസ് കുടുംബത്തിലെ അംഗമായ ബിലാൽ ആണ് വരൻ. കാസർകോടാണ് ബിലാലിന്റെ നാട്. മസ്കറ്റിൽ ജോലി .ദുബായിൽ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിയാണ് ആയിഷ.മാവേലിൽ കുടുംബത്തിലെ പുതുതലമുറയിലെ ആദ്യ വിവാഹത്തിന്റെ ഒരുങ്ങൾക്കു നടുവിലാണ് നാദിർഷയും കുടുംബവും. എന്നാൽ പുതുവർഷ ആരംഭത്തിൽ ജയസൂര്യയും നമിത പ്രമോദും അഭിനയിക്കുന്ന പ്രതിനായകൻ സിനിമയുടെ ചിത്രീകരണത്തിൽ നാദിർഷ മുഴുകും.സംവിധാനം ചെയ്യുന്ന  ആറാ മത് സിനിമയാണ് പ്രതിനായകൻ.ആദ്യ സംവിധാന സംരംഭമായ അമർ അക്ബർ അന്തോണി അഞ്ച് വയസ് പിന്നിടുന്നു.

മകളുടെ നിക്കാഹിന് ഒരുങ്ങുമ്പോൾ സ്വന്തം വിവാഹത്തിന്റെ ഓർമ്മകൾ എവിടെ നിൽക്കുന്നു?
വിവാഹം നടക്കുന്ന സമയത്ത് കളമശേരി കാർബൊറാണ്ടം യൂണിവേഴ്സൽ കമ്പനിയിൽ ജോലിയുണ്ട്. ആ ജോലി എന്ന ഒറ്റകാരണത്താലാണ് കല്യാണം നടക്കുന്നത്. മാനത്തെ കൊട്ടാരം ഉൾപ്പെടെ പല സിനിമകളിലും ആ സമയത്ത് അഭിനയിച്ചിട്ടുണ്ട്. നാളെ വലിയ സിനിമാനടനായി മാറുമെന്ന പ്രതീക്ഷ തീരെയില്ല. രണ്ട് പെണ്ണു കണ്ടു. ആദ്യ പെൺകുട്ടിയുടെ വീട്ടുകാർക്ക് സിനിമക്കാരെ താല്പര്യമില്ലായിരുന്നു. യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽനിന്ന് സിനിമാക്കാർക്ക് അപ്പോൾ പെണ്ണ് കിട്ടാൻ ബുദ്ധിമുട്ടുണ്ട്. ഷാഹിനയുടെ കുടുംബക്കാർക്ക് സിനിമാ ബന്ധമുണ്ട്. അയ്യായിരം രൂപയിൽ താഴെയാണ് കമ്പനിയിൽ നിന്ന് കിട്ടുന്നത്. ജീവിക്കാൻ ആ തുക ധാരാളം. പാരഡി കാസറ്റുകളുടെ വരുമാനവുമുണ്ട്. ദിവസവും മിമിക്രി പ്രോഗ്രാം. അങ്ങനെയും കറങ്ങിത്തിരിഞ്ഞു അയ്യായിരം കിട്ടും. ഇല്ലായ്മയിലൂടെ ജീവിക്കാൻ അതിനു എത്രയോ മുൻപേ പഠിക്കാൻ തുടങ്ങി.എന്റെ കല്യാണം നടന്ന അതേ വർഷമാണ് ദിലീപിന്റെയും കലാഭവൻ മണിയുടെയും വിവാഹം. ആയിഷയുടെ വിവാഹം വന്നപ്പോൾ സിനിമയോടുള്ള ആളുകളുടെ കാഴ്ചപ്പാടു മാറി. സിനിമ ഒരു നല്ല കലയാണെന്ന അംഗീകാരം.
കാർബൊറാണ്ടം യൂണിവേഴ് സൽ കമ്പനിയിൽ പാറ പൊട്ടിക്കൽ തൊഴിലാളിയായി ജോലി ചെയ്യുമ്പോൾ നാദിർഷയ്ക്ക് വയസ് പതിനെട്ട്. എട്ടു കിലോ ഭാരമുള്ള ചുറ്റിക .വാപ്പ സുലൈമാൻ മരിച്ചതിനെ തുടർന്ന് ലഭിച്ച ജോലിയുടെ വലിപ്പം ഏറ്റവും നന്നായി തിരിച്ചറിഞ്ഞത് നാദിർഷ തന്നെ. അനുജൻമാരായ സാലിയെയും ഷൗക്കത്തിനെയും സമദിനെയും പഠിപ്പിക്കണം. സഹോദരി ഷൈലയുടെ വിവാഹം നേരത്തേ കഴിഞ്ഞത് തെല്ലൊരു ആശ്വാസം. പകൽ കോളേജ് പഠനം .രാത്രി കമ്പനിയിൽ ജോലി. സെന്റ് പോൾസ് കോളേജിൽ പഠിക്കുമ്പോൾ ബന്ധുക്കളുടെയും കൂട്ടുകാരുടെയും വസ്ത്രം വാങ്ങി വലിപ്പം കൂട്ടിയും കുറച്ചും ധരിച്ചു. പൊട്ടിച്ച പാറക്കഷണങ്ങൾ കോരിയിടുമ്പോൾ നേരംപോക്കിന് കൂട്ടുകാരെ കളിയാക്കാൻ വേണ്ടി എഴുതിയതാണ് പാരഡി പാട്ട്. 'നീ എഴുത്, കാസറ്റ് ഇറക്ക് "എന്നു പറഞ്ഞു അബി പ്രോത്സാഹിപ്പിച്ചു. കൂട്ടുകാരെ കളിയാക്കാൻ വേണ്ടിയാണ് എഴുതിയതെങ്കിലും പിന്നീട് നാട്ടുകാരെയും കളിയാക്കിത്തുടങ്ങി. അന്ന് ഒരു കാസറ്റിൽ എട്ട് പാട്ടുവരെ എഴുതി. 30 കാസറ്റുകൾ . 250 പാട്ടുകൾ.

 ആറാമത് സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുമ്പോൾ അഞ്ച് ചിത്രങ്ങളിൽ നിന്നു എന്ത് പഠിച്ചു?
ആദ്യ സിനിമയായാണ്  ആറാമത് ചിത്രം ചെയ്യുക. ആദ്യമായി സിനിമ ചെയ്യുമ്പോൾ ഉണ്ടായ പേടിയും ആകാംക്ഷയും അതേപോലെ തോന്നുന്നു. ഓരോ സിനിമയും വ്യത്യസ്തമാണ്. വ്യത്യസ്ത തലങ്ങൾ വരുമ്പോൾ സ്വാഭാവികമായും പേടി തോന്നും. അമർ അക്ബർ അന്തോണി ചെയ്യുമ്പോൾ ആദ്യ സിനിമ ചെയ്യുന്നതിന്റെ പേടി. കട്ടപ്പനയിലെ ഋതിക് റോഷൻ ചെയ്യുമ്പോൾ പുതിയ നായകനെ പരീക്ഷിക്കുന്നതിന്റെ പേടി. മേരാ നാം ഷാജി ചെയ്യുമ്പോൾ തമാശ കുറവ് ഒപ്പം മൂന്നു നായകൻമാരെ വച്ചുള്ള സിനിമ ചെയ്യുന്നതിന്റെ പേടി. കേശു ഈ വീടിന്റെ നാഥൻ ചെയ്യുമ്പോൾ ദിലീപും ഞാൻ ആദ്യമായി ഒന്നിക്കുന്നതിന്റെ ഭാരിച്ച ഉത്തരവാദിത്വം.  നടികൻ ഫ്രം അറുപ്പുകോെെട്ട, ചെയ്യുേമ്പാൾ ആദ്യമായി തമിഴ് ചിത്രം ചെയ്യുന്ന പേടി. എന്റെ ജോണറിൽ ഉൾപ്പെടാത്ത സിനിമയാണ് പ്രതിനായകൻ. അതിന്റെ ആകാംക്ഷയും നന്നായി ചെയ്യണമെന്ന ഉത്തരവാദിത്വവും മുൻപിലുണ്ട്.
രാജൻ ആന്റണിയുടെ കൂനമ്മാവ് ഫാക്ട് ഓർക്കസ്ട്രയിൽ അഞ്ചാം ക്ളാസിൽ മുതൽ ഗായകനായി നാദിർഷ.എവിടെ ലളിതഗാന മത്സരം ഉണ്ടെങ്കിലും സുലൈമാൻ മകനെ കൊണ്ടു പോവും.കൂട്ടിന് അമ്മാവൻമാരും. ഉമ്മ സുഹ് റ പാടാറുണ്ട്. വാപ്പ മരിച്ചശേഷം നാദിർഷ മിമിക്രി രംഗത്ത്. കാശ് കിട്ടാൻ വേണ്ടി മാത്രമാണ് മിമിക്രിയ്ക്ക് പോവുന്നത്. ഗാനമേളയ്ക്ക് ലഭിക്കുക 30 രൂപ. മിമിക്രിയ്ക്ക് വന്നാൽ 50 രൂപ തരുമെന്ന് സുഹൃത്ത് രമേശ് കുറുമശേരി. മിമിക്രി  അവതരിപ്പിക്കാനും അറിയാം. മകൻ കാസറ്റിൽ പാടുന്നത് കേൾക്കാൻ സുലൈമാന് കഴിഞ്ഞില്ല. കാസറ്റ് കവറിൽ മകന്റെ ചിത്രം കാണണമെന്നും ആഗ്രഹിച്ചു. എട്ടാം ക്ളാസ് വരെയുണ്ടായിരുന്നു വിക്ക് എപ്പോഴോ ദൈവം മാറ്റി. നാദിർഷ അവതാരകനായി. നടനായി, സംവിധായകനായി, ഗാനരചയിതാവും സംഗീതസംവിധായകനുമായി.

ദുൽഖറിന്റെ യമണ്ടൻ പ്രേമകഥയിൽ എത്തിനിൽക്കുന്നു സംഗീത സംവിധായകൻ?
ഓട്ടത്തിനിടെ ഒരു ചാട്ടം പോലെ സംഭവിച്ചതാണ് സംഗീത സംവിധാനം. മീനാക്ഷി കല്യാണത്തിൽ നിന്നാണ് യാത്ര. അതുകഴിഞ്ഞ് ഗാന്ധിയൻ, വെട്ടം സിനിമയിൽ പാട്ട് എഴുതി. സംവിധാനം ചെയ്ത ചിത്രങ്ങളിൽ മേരാ നാം ഷാജി ഒഴികെ എല്ലാം സ്വന്തം സംഗീതം. മേരാ നാം ഷാജിയിൽ എമിൽ മുഹമ്മദ് എന്ന സുഹൃത്തിന് അവസരം നൽകി.
സമയം എപ്പോഴൊക്കെ പടച്ചോന്റെ രൂപത്തിൽ മുൻപിൽ പ്രത്യക്ഷപ്പെട്ടു?
യേശുദാസ് സാറിനൊപ്പം എന്നെ നിറുത്തി ഫോട്ടോയെടുക്കാൻ ആഗ്രഹിച്ച വാപ്പയുടെ മകനാണ് ഞാൻ. യേശുദാസ് സാറിന്റെ മൂന്നു പാട്ടുകൾക്ക് സംഗീതം നൽകി. എല്ലാം പടച്ചോന്റെ അനുഗ്രഹം. സിനിമയിൽ കണ്ട താരങ്ങൾക്കൊപ്പം ഒരുപാട് വേദി പങ്കിട്ടു. അവരെ വച്ച് സിനിമയെടുത്തു. ലൂണ സ് കൂട്ടർ വാങ്ങുക എന്നതായിരുന്നു എന്റെയും വാപ്പയുടെയും ഏറ്റവും വലിയ സ്വപ്നം . ഇതുവരെ എത്താൻ കഴിഞ്ഞതു ഭാഗ്യം.
അഭിനയത്തിൽ തിളങ്ങാൻ കഴിയാതെ പോയി എന്നു തോന്നുണ്ടോ?
നടൻ എന്ന നിലയിൽ ഒരിക്കലും രക്ഷപ്പെടില്ലെന്ന് എനിക്കു തന്നെ അറിയാമായിരുന്നു. ഒരു കൊതിയുടെ പേരിൽ അഭിനയിക്കാൻ എത്തി. എങ്ങനെ അഭിനയിക്കണമെന്ന് പഠിച്ചുവന്നപ്പോഴൊക്കെ ഔട്ടായി. അതാണ് എന്റെ കാര്യത്തിൽ സംഭവിച്ചത്. സിനിമയുടെ പിന്നാമ്പുറങ്ങളിലാണ് ഭാവിയെന്ന് അഭിനയിക്കാൻ നടക്കുമ്പോൾ സുഹൃത്തുക്കൾ പറഞ്ഞത് ശരിയാണെന്ന് ഇപ്പോൾ തോന്നുന്നു. നീ, സംവിധാനം ചെയ്യ് ഞാൻ ഡേറ്റ് തരാമെന്ന് ദിലീപ് . എന്നാൽ സംവിധായകനായപ്പോൾ ആദ്യം ഡേറ്റ് തന്നത് പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും.ആദ്യ സിനിമയിൽ ദിലീപ് അഭിനയിച്ചു വിജയിച്ചാൽ കൂട്ടുകാരൻ തന്ന സ് നേഹ സമ്മാനമെന്ന് പറയും.പരാജയമെങ്കിൽ എന്റെ സംവിധാന ഭാവി ഇല്ലാതാവുമായിരുന്നു.
തന്റെ നിക്കാഹിന് അന്തവും കുന്തവുമില്ലാതെ ആളുകളെ വിളിക്കാൻ നാദിർഷയ്ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. സുരേഷ് ഗോപി, ബിജു മേനോൻ, സംവിധായകൻ ജോഷി ഉൾപ്പെടെ നിരവധി സിനിമാക്കാർ. അവരൊക്കെ എത്തുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. നാദിർഷയുടെ സൗഹൃദം വളർന്നു. എന്നാൽ ആയിഷയുടെ നിക്കാഹിന് നിശ്ചിത ആളുകൾ മാത്രമേ പങ്കെടുക്കൂ. എണ്ണം കുറയ്ക്കാൻ കാലം പറഞ്ഞു.