
കോവിഡ് ഭീതി  ഒഴിയാതെ യുകെ. ലെനയുടെ യാത്ര വിശേഷങ്ങൾ
പിന്നെയും പിന്നെയും ലെനയെ വിളിക്കുന്ന യൂറോപ്പ്. എപ്പോഴും സമ്മാനിച്ചത് മായാത്ത ഓർമ്മകൾ . സൗന്ദര്യം തുളുമ്പുന്ന രാജ്ഞിയെപ്പോലെയാണ് ഈ ഭൂമിക.രണ്ടായിരത്തി ഒന്നിലാണ് ലെനയുടെ ആദ്യ യൂറോപ്പ് യാത്ര. ട്വന്റി ട്വന്റിയിൽ ഇവിടേക്ക്  യാത്ര ഉണ്ടാവുമെന്ന് സ്വപ്നത്തിൽ പ്രതീക്ഷിച്ചില്ല. ഫുട് പ്രിന്റ്സ് ഓൺ വാട്ടർ എന്ന ഇംഗ്ളീഷ് -ഇന്ത്യൻ സിനിമയുടെ ചിത്രീകരണത്തിന് എത്തിയതാണ് ലെന. നഥാലിയ ശ്യാം എന്ന നവാഗത സംവിധായികയുടെ  ആദ്യ ചിത്രം.ഇംഗ്ളണ്ടിലെ വെസ്റ്റ് മിഡ്ലാൻഡിൽ സ്ഥിതി ചെയ്യുന്ന മെട്രോ നഗരമായ ബിർമിങ്ഹാമിലെ റെമദ റിസോർട്ടാണ് 'ഫുട് പ്രിന്റ്സ് ഓൺ വാട്ടറിന്റെ പ്രധാന ലൊക്കേഷൻ.ഇവിടെ താപനില രണ്ട് ഡിഗ്രി സെൽഷ്യസ്. എന്നാൽ, ആസ്വദിക്കാൻ കഴിയുന്ന തണുപ്പ്. കോവിഡ് ഭീതി എങ്ങും ഒഴിഞ്ഞിട്ടില്ല.മുഖാവരണം ധരിച്ച് ആളുകൾ. എന്നാൽ ക്രിസ്മസ് സൗന്ദര്യം അലയടിക്കുന്നു. ഒപ്പം പുതുവർഷത്തെ എതിരേൽക്കാനും ഒരുങ്ങുന്നു. ലെനയുടെ യാത്രാ വിശേഷങ്ങൾ അറിയാം.
സുന്ദരമാണീ  യൂറോപ്പ്
ലോകത്തിലെ ഏറ്റവും സുന്ദരമായ കാലാവസ്ഥ. എന്നാൽ, തണുപ്പ് എല്ലാവർക്കും ഇഷ്ടപ്പെടില്ല. ഇന്ത്യയിൽ ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തിലേക്ക് പോയാൽ ഭാഷയും സംസ്കാരവും വേഷവും ഭക്ഷണവും മാറും. എന്നാൽ, ഇവിടെ അതിന്റെ പതിന്മടങ്ങ് വരും. അത് ഒരു രസക്കാഴ്ചയാണ്. നിരത്തുകളിൽ ആളുകളുണ്ട്. ഷോപ്പിംഗ് തിരക്കുമുണ്ട്. അത് പുതുവർഷത്തിന്റേതാണ്. എന്നാൽ റെസ്റ്റോറന്റുകൾ അടഞ്ഞുകിടക്കുന്നു. കോവിഡിന്റെ ബാക്കിപത്രം. യൂറോപ്പിലെ ജനങ്ങൾ യാത്രപ്രിയരാണ്. സോളോട്രിപ്പുകളാണ് എനിക്ക് പ്രിയം.ഷൂട്ടിംഗ് യാത്രകളും ഒറ്റയ്ക്കാണ്. ഷൂട്ടിംഗില്ലാത്ത ദിവസത്തെ യാത്രയിലും ആരെയും കൂട്ടാറില്ല.   ആ യാത്രയിൽ ആളുകളെ കൂടുതൽ പഠിക്കാനും വൈവിധ്യമാർന്ന ഭക്ഷണത്തിന്റെ രുചികൾ തേടാനും സാധിക്കുന്നു. യൂറോപ്പിലെ ആളുകളും സോളോ ട്രിപ്പ് ആസ്വദിക്കുന്നവരാണ് .

മഞ്ഞുപൊഴിയും ലണ്ടൻ
ലണ്ടനിൽ മലയാളി അസോസിയേഷൻ പരിപാടിയിൽ പങ്കെടുക്കാൻ വന്നതാണ് ആദ്യ യുകെ യാത്ര. ആ യാത്രയിൽ അമ്മയുണ്ട്. സ്റ്റേജിൽ ഭരതനാട്യം അവതരിപ്പിച്ച നിമിഷം ഇപ്പോഴും ഒാർക്കുന്നു. ലണ്ടനിലെ മഞ്ഞുകാലം ഏറെ മനോഹരം. ഇളം മഞ്ഞനിറമുള്ള നീണ്ട സുന്ദരമായ തൊപ്പിവച്ച മരങ്ങൾ. ചിലർ ആടിയാടി നിൽക്കുന്നു. ലണ്ടനിലെ തെരുവോരങ്ങൾ എന്നും അത്ഭുതമാണ്. ലോകത്തെ മുന്തിയ നഗരങ്ങളിലൊന്നാണ് ലണ്ടൻ. ഇവിടെ ഒതുക്കവും ഭംഗിയുമുള്ള പരമ്പരാഗത വീടുകളുണ്ട്. അവയ്ക്ക് ഒരുപാട് മാറ്റ് കൂട്ടി വെളിമ്പറമ്പുകൾ. ലണ്ടൻ നഗരത്തിൽ വീട് ലഭിക്കാൻ ബുദ്ധിമുട്ടാണ്. സൈക്കിളിനെ ഇവിടെ ഏറെ പ്രോത്സാഹിക്കുന്നു. ഇറ്റലിക്കാരെയും സ്പെയിൻകാരെയും അപേക്ഷിച്ച് ബ്രിട്ടീഷുകാർ വലിയ ഭക്ഷണപ്രിയരല്ല. വയറിനെക്കൊണ്ട് അവർ അമിതമായി പണിയെടുപ്പിക്കില്ല. ലണ്ടൻ ബ്രിഡ്ജ് സിനിമയ്ക്കു വേണ്ടിയും ലണ്ടനിൽ വന്നു. അന്ന് കുറേദിവസം  താമസിച്ചു. ലണ്ടൻ നഗരത്തിലെ പ്രഭാതങ്ങൾ എന്നും മനോഹരം തന്നെ. ലണ്ടനിൽ എനിക്ക് മലയാളി സൗഹൃദമുണ്ട്.  ഇപ്രാവശ്യവും അവരെ  കണ്ടു.
പ്രിയം, പ്രിയങ്കരം എഡിൻബറ
ഏഥൻസ് ഒഫ് നോർത്ത് എന്നറിയപ്പെടുന്ന എഡിൻബറ. സ്കോട്ലൻഡിന്റെ തലസ്ഥാനം.എന്നും എന്റെ പ്രിയ നഗരം. ആദം ജോൺ സിനിമയിൽ അഭിനയിക്കാൻ 65 ദിവസമാണ് എഡിൻബറയിൽ താമസിച്ചത്.ഗോഥിക് ശൈലിയിലുള്ള കെട്ടിടങ്ങൾ. ഉരുളൻ കല്ലുകൾ പാകിയ തെരുവീഥികൾ. ഇടുങ്ങിയ ഇടവഴികൾ ഉള്ള പഴയ നഗരവും ജോർജ്ജിയൻ ഹർമ്മ്യങ്ങളും, വിശാലമായ വീഥികളുമുള്ള പുതിയ നഗരവും ഈ സ്കോട്ടിഷ് തലസ്ഥാന നഗരിയെ സുന്ദരമാക്കുന്നു. യുനെസ്കോ ലോക പൈതൃക സ്ഥലമായ കാൽട്ടൺ ഹിൽ യാത്ര എന്നും രസം പകരുന്നു.കുത്തനെയുള്ള കയറ്റം കയറി മലമുകളിൽ എത്തിയാൽ സുന്ദരമായ നീലാകാശത്തിനു കീഴെ അവിടവിടെയായി തലപൊക്കി നിൽക്കുന്ന സ്മാരക സൗധകങ്ങൾ. കാൽടൺ ഹില്ലിന്റെ മധ്യത്തിൽ ഗാംഭീര്യമുള്ള 12 സ്തൂപങ്ങൾ. ഇതാണ് നാഷണൽ മ്യൂസിയം. നെപ്പോളിയൻ യുദ്ധത്തിൽ മരണമടഞ്ഞ സ്കോട്ടിഷുകാരുടെ ഓർമ്മയ്ക്കായി ഏഥൻസിലെ പാർഥിനോൺ ക്ഷേത്രത്തിന്റെ മാതൃകയിൽ നിർമ്മാണം തുടങ്ങിയതാണെങ്കിലും ഇനിയും പൂർത്തീകരിക്കാനായില്ല. തൊട്ടപ്പുറത്ത് തലതിരിഞ്ഞ ദൂരദർശിനിയുടെ മാതൃകയിൽ നെൽസൺ മോണുമെന്റ്. ഇവിടെ നിന്നാൽ സ്കോട്ടിഷ് പാർലമെന്റ്, എഡിൻബറ കാസിൽ, എന്നു തുടങ്ങി എഡിൻബറ ഏകദേശം പൂർണമായും കാണാൻ കഴിയും. ഡുഗൽസ് സ്റ്റുവർട്ട് മോണുമെന്റും ഇവിടെ തന്നെ. റോയൽ ബൊട്ടാണിക്കൽ ഗാർഡൻ, ഹോളിറൂഡ് പാലസ്, റോയൽ മൈൽ എന്നിവയുടെ മനോഹാരിത  ആസ്വദിച്ചു. ഇനിയും വരണമെന്ന മോഹവുമായി എഡിൻബറയിൽ നിന്ന് മടക്കം.

സൗഹൃദത്തിന്റെബിർമിങ്ഹാം
ബിർമിങ് ഹാമിൽ വരുന്നത് ആദ്യമാണ്. ഇവിടത്തെ ആളുകൾ സൗഹൃദപ്രിയരാണ്. പെട്ടെന്ന് അടുത്തിടപഴകും. എന്നാൽ, ലണ്ടൻ നഗരത്തിലെ ആളുകൾ അങ്ങനെയല്ല. പ്രത്യേകതരം സെൻസ് ഒഫ് ഹ്യുമറുണ്ട് ബിർമിങ്ഹാമിലെ ആളുകൾക്ക്. മലയാളിയെപ്പോലെ. കുട്ടിക്കാലത്തെ ക്രിസ്മസ് ഓർമ്മകളെ വീണ്ടും ഉണർത്തി ഇവിടത്തെ കാഴ്ചകൾ. മഞ്ഞുമലകൾ, ക്രിസ്മസ് ട്രീ, സാന്താക്ളോസ്, എല്ലാം യൂറോപ്യൻ സംസ്കാരത്തിന്റെ ഭാഗമാണ്. അത് വീണ്ടും കണ്ടു. യഥാർത്ഥ ക്രിസ്മസ് ഇവിടെയാണ്. ആദ്യമാണ് ഞാൻ യു.കെയിൽ ക്രിസ്മസ് ആഘോഷിക്കുന്നു. ബേക്ക്ഡ് ഭക്ഷണമാണ് ഏറെ പ്രിയം. മീറ്റ്പൈസ് തന്നെ മുൻപിൽ. എന്നാൽ കുറേനാളായി ഇവിടെ വീഗൻ ഭക്ഷണ സംസ്കാരമാണെന്ന് അറിയാൻ കഴിഞ്ഞു. നോൺ-വെജ് മാത്രമല്ല, പാൽ, നെയ്യ്, തേൻ എന്നിവ പോലും ഉപയോഗിക്കാത്തവരാണ് വീഗൻഭക്ഷണസംസ്കാരത്തെ തേടുന്നവർ. അത് പുതുകാലത്തെ പുതുമയാണ്. കഫെറ്റീരിയയിൽ വിവിധതരം കേക്കുകൾ. ചീസ് കേക്കുകളുടെയും ചോക്ളേറ്റുകളുടെയും രുചി അറിഞ്ഞു.ഇത്തവണ വലിയ ഷോപ്പിംഗ് ഉണ്ടാവില്ല. മുഖംമൂടികൾ വാങ്ങുന്ന സ്വഭാവമുണ്ട്. മെക്സിക്കൻ സംസ്കാരത്തെ അടയാള പ്പെടുത്തുന്ന  ഛായയുള്ള മുഖംമൂടി ആദ്യമായി വന്നപ്പോൾ വാങ്ങിയിരുന്നു. ഒരുമാസം ബിർമിങ്ഹാമിൽ ഉണ്ടാവും.
മനോഹരം കാലാവസ്ഥ
നാല് കാലാവസ്ഥയിലൂടെ കടന്നു പോവുന്ന യൂറോപ്യൻ രാജ്യങ്ങൾ, വസന്തകാലത്തും  വേനൽക്കാലത്തും മഞ്ഞുകാലത്തും  ഇവിടെ വന്നു.ശരത് കാലം കാണാൻ ഇതുവരെ കഴിഞ്ഞില്ല.ഈ പ്രാവശ്യം മഞ്ഞുകാലം. വസന്തകാലത്ത് വരുമ്പോഴും അത്യാവശ്യം തണുപ്പുണ്ട്. അപ്പോൾ  ആകാശത്തിന് നീലനിറം. വേനൽക്കാലത്ത് വൈകിയാണ് സൂര്യാസ്തമയം. എട്ടുമണി കഴിഞ്ഞേ രാത്രിയാവൂ. മഞ്ഞുകാലത്ത് ഏഴര മണി കഴിഞ്ഞേ നേരം പുലരുകയുള്ളൂ. പകൽ മൂന്നര മണിയാകുമ്പോഴേക്കും രാത്രിയുടെ പ്രതീതി. ഗ്രേ നിറം ആകാശം. മിക്കപ്പോഴും ചാറ്റൽ മഴ ഉണ്ടാവും. ശരത്കാലം ഏറെ മനോഹരമെന്ന് കേട്ടിട്ടുണ്ട്. മരങ്ങൾ ഇലപൊഴിയുന്ന കാലം. ഇലകളിൽത്തന്നെ പല നിറങ്ങൾ .വൈവിദ്ധ്യമാർന്ന നിറത്തിലൂടെ രൂപമാറ്റം. അത് അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല. ഡിസംബർ 2 വരെ ഇവിടെ ലോക്ക്ഡൗണായിരുന്നു. പിറ്റേന്നാണ് ചിത്രീകരണം ആരംഭിച്ചത്. ഇപ്പോൾ വീണ്ടും ടയർ ത്രീ ലോക്ക് ഡൗൺ . സമ്പൂർണ ലോക്ക് ഡൗണിന് തൊട്ടുതാഴത്തെ സ്ഥിതി. എല്ലാവരും സാമൂഹിക അകലം പാലിക്കുന്നു. ഷൂട്ടിംഗിന് നിയന്ത്രണമുണ്ട്.മലയാള സിനിമയുടെ ചിത്രീകരണത്തിനു മാത്രമാണ് ഇവിടെ വന്നിട്ടുള്ളത്. ആദ്യമായി ഇംഗ്ളീഷ്- ഇന്ത്യൻ സിനിമയിൽ അഭിനയിക്കാൻ എത്തി. സാങ്കേതിക വിദഗ്ദ്ധരിൽ അധികവും വിദേശികളും വനിതകളും. നഥാലിയയുടെ സഹോദരി നീത ശ്യാം തിരക്കഥ എഴുതുന്നു. നിമിഷ സജയൻ,  ബോളിവുഡ് താരം ആദിൽ ഹുസൈൻ, ബ്രിട്ടീഷ് താരം അന്റോണിയോ അകീൽ എന്നിവരാണ്  മറ്റു താരങ്ങൾ. മോഹൻ നാടാരാണ്  നിർമ്മാതാവ്. ഛായാഗ്രഹണം അഴകപ്പൻസാർ. എല്ലാം വ്യത്യസ്ത അനുഭവം തരുന്നു. ഒരു കുടുംബം പോലെ ഞങ്ങൾ.കോവിഡ് ഭീതി ഒഴിഞ്ഞാൽ മടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ. ശരത് കാലം എത്തുമ്പോൾ വീണ്ടും വരണമെന്നാണ് ആഗ്രഹം.ആ മനോഹാരിത കൂടി ആസ്വദിക്കണം.