
ആദ്യ സംസ്കൃത എന്റർടെയ്മെന്റ്  ചിത്രം
ഏഴാം നൂറ്റാണ്ടിൽ ബോധായനന്റെ നാടകം ഭഗവദജ്ജുകത്തിന്റെ ദൃശ്യാ ഭാഷയാണ് യുവ സംവിധായകൻ യദു വിജയകൃഷ്ണൻ ഒരുക്കുന്ന ഭഗവദജ്ജുകം. കാവാലം നാരായണ പണിക്കറും ജനാർദ്ദനനും നെടുമുടി വേണുവുമെല്ലാം അരങ്ങിൽ തകർത്ത ഭഗവദജ്ജുകം എന്ന നാടകം സിനിമയാക്കുമ്പോൾ ഇന്ത്യയിലെ ആദ്യത്തെ എന്റർടെയ്മെന്റ് സംസ്കൃത ചിത്രമായിരിക്കുമിത്. ഇന്ത്യയിലെ ആറാമത്തെ സംസ്കൃത ചിത്രമാണ് ഭഗവദജ്ജുകം.1983 ൽ ജി വി അയ്യർ സംവിധാനം ചെയ്ത ആദി ശങ്കരാചാര്യരാണ് ആദ്യ ഇന്ത്യൻ സംസ്കൃത ചിത്രം. ഹാസ്യത്തിന് പ്രാമുഖ്യം നൽകി,സാധാരണ പ്രേക്ഷകരെ ലക്ഷ്യവച്ച് ഒരുക്കുന്ന ചിത്രമാണ് യദു വിജയകൃഷണന്റെ ഭഗവദജ്ജുകം.
പരിവ്രാജകനെന്ന പേരുള്ള ബുദ്ധ ഗുരുവും തത്വങ്ങളില്ലൊന്നും വിശ്വസിക്കാത്ത ആഹാരത്തിനായി മാത്രം ഗുരുവിന്റെ കൂടെ നിൽക്കുന്ന ശാന്തില്ല്യൻ എന്ന് പേരുള്ള ശിഷ്യനും. ശാന്തില്ല്യൻ ഒരിക്കൽ ഗുരുവുമായി പിണങ്ങി പോവുമ്പോൾ ഒരു പൂന്തോട്ടത്തിൽ വച്ച് ഒരു ഗണികയെ കാണുന്നു. ഗണികയുടെ പേരാണ് വസന്തസേന. ആ സമയത്താണ് യമദൂതന് ആളുമാറി വസന്തസേനയുടെ ആത്മാവ് എടുക്കുന്നത്. ഇത് കണ്ട് സങ്കടത്തിലാവുന്ന ശിഷ്യൻ ശാന്തില്ല്യൻ ഗുരുവിനോട് തന്റെ സങ്കടം പറയുന്നു.ശിഷ്യന്റെ സങ്കടം കണ്ട് ഒരു താമശ തോന്നുന്ന പരിവ്രാജകൻ തന്റെ ആത്മാവ് എടുത്ത് വസന്തസേനയിലേക്ക് ആവാഹിക്കുന്നു. ഇതേ സമയം തനിക്ക് തെറ്റുപറ്റി എന്ന് മനസിലായ യമദൂതൻ വസന്തസേനയുടെ ആത്മാവിനെ തിരികെ നല്കാൻ വരുമ്പോൾ ജീവനോടെയുള്ള വസന്തസേനയെയാണ് കാണുന്നത്.അപ്പുറത്ത് ജീവനില്ലാത്ത കിടക്കുന്ന ഗുരുവിലേക്ക് യമദൂതൻ വസന്തസേനയുടെ ആത്മാവിനെ ആവാഹിക്കുന്ന. പിന്നീട് രസകരമായ ചില സംഭവങ്ങൾ അരങ്ങേറുന്നു. അതാണ് ഭഗവദജ്ജുകത്തിൽ രസകരമായി പറയുന്നത്.

ഒരു പൂന്തോട്ടത്തിൽ നടക്കുന്ന നാടകത്തെ ഒരു സിനിമയ്ക്ക് വേണ്ടി സിനിമയുടെ ഭാഷയിലേക്ക് മാറ്റുകയായിരുന്നു ആദ്യം ചെയ്തതെന്ന് സംവിധായകൻ യദു വിജയകൃഷ്ണൻ പറയുന്നു .''സിനിമയ്ക്ക് വേണ്ടി നാടകത്തിലുള്ള പല ഭാഗങ്ങളും ഒഴിവാക്കി പല ഭാഗങ്ങളും കൂട്ടിച്ചേർത്തു.നാടകം മുഴുവനായി ഒരു പൂന്തോട്ടത്തിലായിരുന്നു.കൂടുതൽ ഫ്രെയിംമുകൾ ചിട്ടപ്പെടുത്തുന്നതിന് വേണ്ടി കൂടുതൽ സീനുകൾ ഉൾപ്പെടുത്തി. ഇതുവരെയുള്ള സംസ്കൃത ചിത്രങ്ങൾ ഗോൾഡൻ ടോണിലാണ് ചെയ്തിരിക്കുന്നത്. എന്നാൽ ഇത് മാജിക്കൽ റിയലിസം പോലെ പല നിറത്തിലുള്ള ടോണാണ് ഉപയോഗിച്ചിരിക്കുന്നത്.ചിത്രാഞ്ജലിയിൽ ആശ്രമവും പൂന്തോട്ടവും കൽമണ്ഡപവും സെറ്റിടുകയായിരുന്നു. മുഴുവനായി തിരുവനന്തപുരത്താണ് ചിത്രീകരിച്ചത്. സോപാനം നാടക വേദിയിലെ കലാകാരന്മാരാണ് സിനിമയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവരെല്ലാം ഭഗവദജ്ജുകം നാടകം ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അവർക്ക് സംസ്കൃതം ഭാഷയോട് പരിചയമുണ്ട്. കഥ അറിയാം.അത് സിനിമ ചിത്രീകരിക്കുമ്പോൾ കൂടുതൽ സഹായകമായി. '' യദു വിജയകൃഷ്ണൻ പറഞ്ഞവസാനിപ്പിച്ചു. ഒട്ടേറെ ഹ്രസ്വ ചിത്രങ്ങൾക്ക് യദു വിജയകൃഷ്ണൻ സംവിധാനം നിർവഹിച്ചിട്ടുണ്ട്.
ചിത്രത്തിൽ പരിവ്രാജകന്റെ വേഷത്തിൽ പ്രദീർപ് കുമാർ എത്തുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ഒഴിവു ദിവസത്തെ കളി എന്ന ചിത്രത്തിലെ അഭിനേതാവാണ് പ്രദീപ് കുമാർ. നായികയായ വസന്തസേനയായി പാർവതി .വി നായർ വേഷമിടുന്നു. ഇതിനു മുൻപും മലയാള സിനിമയിൽ ചെറിയവേഷങ്ങളിൽ പാർവതി എത്തിയിട്ടുണ്ട്. വസന്തസേനയുടെ കാമുകൻ രാമലിംഗനായി രഘുനാഥ് സോപാനം എത്തുന്നു. വസന്ത സേനയുടെ അമ്മയുടെ വേഷത്തിൽ രശ്മി കൈലാസ്. ശാന്തില്ല്യൻ എന്ന കഥാപാത്രമായി ജിഷ്ണു വി നായർ.മധുകരിക- ജ്വാല .എസ് പരമേശ്വർ. യെമധൂതൻ -സജി എസ് .എൽ സോപാനം.

സാധാരണ ഏത് നിർമാതാവും വാണിജ്യപരമായാണ് സിനിമയെ കാണുക. എന്നാൽ തനിക്കതിന് കഴിയില്ലെന്ന് ഭഗവദജ്ജുകത്തിന്റെ നിർമാതാവ് കിരൺ രാജ് പറയുന്നു .''സംസ്കൃതം തമിഴ് പോലെ പ്രകടമായ ഭാഷയാണ്. അതുകൊണ്ട് തന്നെ ഏത് അവസ്ഥകളെയും ഭംഗിയായി ചിട്ടപ്പെടുത്താൻ കഴിയും. ഇന്ത്യൻ സിനിമയിൽ തന്നെ സംസ്കൃത സിനിമകൾക്ക് സ്ഥാനം ഉണ്ടാവണം. ആർട് സിനിമകളും യുദ്ധ സിനിമകളും മാത്രമല്ല സംസ്കൃതത്തിൽ പരീക്ഷിക്കേണ്ടത്. മുൻനിര ചിത്രങ്ങളിലേത് പോലെ തമാശകൾ നിറഞ്ഞതായിരിക്കണം. സാധാരണ പ്രേക്ഷനിലേക്ക് സിനിമ അടുത്ത് നിൽക്കണം.മലയാളികൾ ഇറ്റാലിയൻ- സ്പാനിഷ് തുടങ്ങിയ ഭാഷകളിൽ സീരീസുകളും സിനിമകളും കാണുന്നു. അവിടെ ഭാഷയൊരു തടസ്സമാവുന്നില്ല. അതുകൊണ്ട് തന്നെ സംസ്കൃതത്തെയും പ്രേക്ഷകർ സ്വീകരിക്കും""നിർമാതാവ് കിരൺ രാജ് വ്യക്തമാക്കി.
കാമറ- വിപിൻ ചന്ദ്രൻ , എഡിറ്റർ -പ്രദീപ് ശങ്കർ ,സംഗീതം-വിഷ്ണു ദിവാകരൻ,സംസ്കൃത സംഭാഷണം റിസർച്ച് - അശ്വതി വിജയൻ, മേക്കപ്പ് -സന്തോഷ് വെൻപകൽ ,കലാ സംവിധാനം-അനിൽ കാട്ടാക്കട ,വസ്ത്രാലങ്കാരം-വിനീത .കെ തമ്പാൻ.
സംസ്കൃതം  അറിയാതെ വസന്തസേനയായി

2019 ലെ കേരളത്തിലെ പെൺപുലി പാർവതി .വി നായർ ഇപ്പോൾ സംസ്കൃത ചിത്രം ഭഗവദജ്ജുകത്തിലെ വസന്തസേനയാണ്.
' അരുതെന്ന് പറയുന്ന കാര്യങ്ങൾ ചെയ്യും. പുരുഷന്മാർക്ക് ചെയ്യാൻ സാധിക്കുന്ന പല കാര്യങ്ങളും സ്ത്രീകൾ ചെയ്യരുതെന്ന് കേട്ടാണ് ഓരോ പെൺകുട്ടികളും വളരുന്നത്. മറ്റുള്ളവർ പറയുന്ന പോലെ ജീവിക്കാനല്ല എനിക്കിഷ്ടം. എന്റെ ജീവിതമാണ്. എന്റെ സംതൃപ്തിയാണ് വലുത്. പുലികളിക്ക് പെൺപുലിയായി വേഷമിട്ടത് ഈ കാരണങ്ങൾ കൊണ്ടായിരുന്നു. പല പെൺകുട്ടികളും തങ്ങളുടെ സ്വപ്നങ്ങൾ വീട്ടിൽ തന്നെ തളച്ചിടുന്നത് കണ്ടിട്ടുണ്ട്. വെല്ലുവിളി ഉയർത്തുന്ന എന്തും ചെയ്യാൻ ശ്രമിക്കണം പെൺകുട്ടികൾ. അല്ലാതെ അത് തന്നെക്കൊണ്ട് സാധിക്കില്ലായെന്ന് പറഞ്ഞ് പുറകിലേക്ക് നിൽക്കുകയല്ല വേണ്ടത്. ഭഗവദജ്ജുകത്തിലെ വസന്തസേന എന്ന കഥാപാത്രവും വെല്ലുവിളി തന്നെയായിരുന്നു. എനിക്ക് ഒട്ടും പരിചയമില്ലാത്ത ഭാഷയാണ് സംസ്കൃതം. ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രം സംസ്കൃതം . ആഹാ ..കൊള്ളാലോ ..എന്നാണ് എന്റെ മനസിലേക്ക് ആദ്യം വന്നത്. ലൊക്കേഷനിൽ എത്തിയിട്ടാണ് സംസ്കൃതം പഠിച്ചത്. എല്ലാവരും ഒരുപാട് സഹായിച്ചു.അതുകൊണ്ടുതന്നെ ആത്മവിശ്വാസം ഉണ്ടായിരുന്നു.സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം അശ്ളീലകമന്റുകളും ചീത്ത വിളികളുമെല്ലാം വരാറുണ്ട്. അങ്ങനെ ചെയ്യുന്നവരോട് പുച്ഛം മാത്രമാണ് തോന്നിയിട്ടുള്ളത്  ""പാർവതി പറഞ്ഞു.
പാർവതിക്ക് സിനിമ പാഷനല്ല പ്രഫഷനാണ്. മധ്യപ്രദേശിൽ ജനിച്ച ഈ മലയാളി പെൺകുട്ടി ശിക്കാരി ശംഭുവിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്ത് വച്ചു. കുട്ടനാടൻ ബ്ലോഗ്,കുട്ടനാടൻ മാർപ്പാപ്പ ,വകതിരിവ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോൾ എറണാകുളത്ത് കുടുംബത്തോടോടൊപ്പം താമസിക്കുന്നു.