covishield

ന്യൂഡൽഹി: കൊവിഷീൽഡ് വാക്‌സിന് അടിയന്തര ഉപയോഗ അനുമതി നൽകണം എന്ന സെറം ഇൻസ്‌റ്റി‌റ്റ്യൂട്ടിന്റെ അപേക്ഷയിൽ തീരുമാനമെടുക്കുന്നതിനുളള വിദഗ്ധ സമിതി യോഗം ഇന്ന് ഉടൻ ചേരും. ഓക്‌സ്‌ഫോർഡ് സർവകലാശാലയും ആസ്‌ട്ര സെനെക്കയും ചേർന്ന് വികസിപ്പിച്ച വാക്‌സിന് ഇന്ത്യയിൽ ഉടനെ അനുമതി ലഭിച്ചേക്കുമെന്നാണ് വിവരം. കൊവിഡ് വാക്‌സിന് അനുമതിക്കായി യോഗം ചേരുന്നതിൽ സന്തോഷമുണ്ടെന്ന് സെറം ഇൻസ്‌റ്റി‌റ്റ്യൂട്ട് മേധാവി അഡാർ പൂനവാല പറഞ്ഞു.

ഇതിനിടെ ബ്രിട്ടണിൽ ഫൈസർ വാക്‌സിന് പിന്നാലെ ഇന്ന് ഓക്‌സ്‌ഫോർഡ് വാക്‌സിനും അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകിയിട്ടുണ്ട്. ഓക്‌സ്‌ഫോർഡ് സർവകലാശാലയും ആസ്‌ട്ര സെനെക്കയും ചേർന്ന് നിർമ്മിക്കുന്ന കൊവിഡ് വാക്‌സിനായ കൊവിഷീൽഡ് ഇന്ത്യയിൽ നിർമ്മിക്കുന്നത് സിറം ഇൻസ്‌റ്റിറ്റ്യൂട്ടാണ്. കഴിഞ്ഞമാസം ഇന്ത്യയിൽ നടന്ന അവസാനഘട്ട പരീക്ഷണങ്ങളിൽ മികച്ച ഫലമാണ് ലഭിച്ചത്. പൊതുജനങ്ങൾക്ക് ഉപയോഗിക്കുന്നതിനുള‌ള പൂർണ അനുമതി ഫെബ്രുവരി - മാർച്ച് മാസത്തിലാകും ലഭിക്കുക.അതിന് മുൻപ് അടിയന്തര ഉപയോഗത്തിനുള‌ള അനുമതിയ്‌ക്കാണ് ഇപ്പോൾ അനുമതി തേടിയിരിക്കുന്നത്. അഞ്ച് കോടി ഡോസ് വാക്‌സിൻ ഇതുവരെ നിർമ്മിച്ചതായി സെറം അധികൃതർ അറിയിച്ചു. മാർച്ച് മാസത്തോടെ 10 കോടി വാക്‌സിൻ ഡോസ് നിർമ്മിക്കുമെന്നും സെറം മേധാവി അഡാർ പൂനവാല അറിയിച്ചു.

സെറത്തിന്റെ വാക്‌സിന് പുറമെ ഭാരത് ബയോടെക്, ഫൈസർ എന്നിവയും തങ്ങളുടെ കൊവിഡ് വാക്‌സിൻ അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയോട് അനുമതി തേടിയിട്ടുണ്ട്. അതേസമയം നിലവിലെ വാക്‌സിനുകൾ പരിവർത്തനം വന്ന കൊവിഡ് രോഗാണുവിനെ പ്രതിരോധിക്കില്ല എന്നതിന് തെളിവില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ പ്രിൻസിപ്പൽ ശാസ്‌ത്ര ഉപദേഷ്‌ടാവ് പ്രൊഫ.കെ വിജയരാഘവനാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.