
കൊച്ചി: എറണാകുളത്തും ഷിഗെല്ല രോഗം കണ്ടെത്തി. ചോറ്റാനിക്കര സ്വദേശിയായ 58കാരിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇവർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്ത് പരിശോധന കർശനമാക്കിയതായി ജില്ലാ കളക്‌ടർ അറിയിച്ചു.
കഴിഞ്ഞ മാസം ഇരുപത്തിമൂന്നാം തീയതിയാണ് പനിയെ തുടർന്ന് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത്. ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും രണ്ട് പേർമാത്രമാണ് നിരീക്ഷണത്തിൽ ഉളളതെന്നും ജില്ലാ കളക്ടർ എസ് സുഹാസ് പറഞ്ഞു. ചോറ്റാനിക്കര കേന്ദ്രീകരിച്ച് രോഗപ്രതിരോധ പ്രവർത്തനം തുടരുകയാണെന്നും പ്രദേശത്ത് അണുനശീകരണം നടത്തുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതരും വ്യക്തമാക്കി. പ്രദേശത്തെ കുടിവെളള സ്രോതസുകളിലും പരിശോധന തുടരുകയാണ്.
കോഴിക്കോട് ചെയ്ത പോലെ പ്രദേശത്തെ എല്ലാവർക്കും ബാക്‌ടീരിയയെ ചെറുക്കുന്ന ഗുളികകൾ വിതരണം ചെയ്യും. കോഴിക്കോട് ജില്ലയിൽ ഏഴ് പേർക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. രോഗബാധിതനായ ഒരു പതിനൊന്നു വയസുകാരൻ മരണപ്പെടുകയും ചെയ്‌തിരുന്നു.