
ദാഹം എന്നത് മനുഷ്യനും മൃഗങ്ങൾക്കുമെല്ലാം ഒരുപോലെയാണ്, ഒരിക്കലും തീരാത്തതും. പക്ഷേ, ദാഹം ഉണ്ടായത് തന്റെ ബാഗ് നഷ്ടമായവനും അത് തട്ടിപ്പറിച്ച മോഷ്ടാവിനും ആണെങ്കിലോ. അത്തരമൊരു ദാഹത്തിന്റെ കഥയാണ് കൗമുദി ടി.വി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച വി.ശിവപ്രസാദ് സംവിധാനം ചെയ്ത പെഴ്സ്യൂട്ട് എന്ന ഹ്രസ്വ ചിത്രം.
8.27 മിനിട്ടുള്ള ചിത്രം ആദ്യം മുതൽ അവസാനം വരെയും ഒരു ഡയലോഗ് പോലുമില്ലാതെയാണ് പോകുന്നത്. നടന്നുതളർന്ന് ഒരിറ്റ് ദാഹജലം തേടി നടക്കുന്നയാളുടെ കൈയിലുണ്ടായിരുന്ന ബാഗുമായി മോഷ്ടാവ് ഓടിമറയുകയാണ്. ഉടമസ്ഥനും മോഷ്ടാവിന് പിന്നാലെ ഓടുന്നു. റോഡും കാടുമൊക്കെ കടന്ന് ഇവർ തമ്മിലുള്ള ഓട്ടം തുടരുകയാണ്. ഒടുവിൽ ദാഹിച്ച വലഞ്ഞ ഇരുവരും ഒരു പഴയ കെട്ടിടത്തിൽ തളർന്ന് വീഴുന്നു. തന്റെ കൈയിലുണ്ടായിരുന്ന കുപ്പിവെള്ളം അയാൾ മോഷ്ടാവിന് നൽകുമോ അതോ അവശനായ മോഷ്ടാവിനെ അടിച്ചുവീഴ്ത്തിയ ശേഷം ബാഗുമായി പോകുമോ. ഇതാണ് ശിവപ്രസാദിന്റെ സിനിമയെ വേറിട്ടു നിറുത്തുന്നത്. എൽദോസ് എം.ജേക്കബ്, എൽവി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.