bengal-governor

കൊൽക്കത്ത: ബംഗാൾ ഗവർണർ ജഗ്‌ദീപ് ധൻകറെ നീക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം നല്കി തൃണമൂൽ എം.പിമാർ. ബംഗാൾ സർക്കാരും ഗവർണറുമായി മാസങ്ങളായി തുടരുന്ന ഭിന്നതയ്ക്കിടെയാണിത്. ഭരണഘടന സംരക്ഷിക്കുന്നതിലും അതനുസരിച്ച് പ്രവർത്തിക്കുന്നതിലും ഗവർണർ പരാജയപ്പെട്ടുവെന്നും സുപ്രീംകോടതി ഉത്തരവ് പലതവണ ലംഘിക്കപ്പെട്ടുവെന്നും എം.പിമാർ നിവേദനത്തിൽ ആരോപിച്ചു.
സുകേന്ദു ശേഖർ റേയ്ക്ക് പുറമേ എം.പിമാരായ സുദീപ് ബന്ദോപാദ്ധ്യായ, ഡെറിക് ഒബ്രിയാൻ, കല്യാൺ ബാനർജി, കക്കോളി ഘോഷ് ദസ്തിദർ തുടങ്ങിയവരും നിവേദനത്തിൽ ഒപ്പുവച്ചിട്ടുണ്ട്.

ബംഗാൾ മുൻ മന്ത്രിയും മമത ബാനർജിയുടെ വിശ്വസ്തനുമായിരുന്ന സുവേന്ദു അധികാരി കഴിഞ്ഞദിവസം ബി.ജെ.പിയിൽ ചേർന്നിരുന്നു. ആദ്യം മന്ത്രിസ്ഥാനം രാജിവച്ച അധികാരി പിന്നീട് പാർട്ടി വിടുകയും ബി.ജെ.പിയിൽ ചേരുകയുമായിരുന്നു. അമിത്ഷായുടെ ബംഗാൾ സന്ദർശനത്തിന് തൊട്ടുപിന്നാലെയായിരുന്നു അധികാരിയുടെ പാർട്ടിമാറ്റം.

ഇദ്ദേഹം കഴിഞ്ഞയാഴ്ച ഗവർണർ ജഗ്‌ദീപ് ധൻകറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.