district-panchayath

തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും തിരഞ്ഞെടുപ്പിൽ ഇരു മുന്നണികൾക്കും തുല്യ അംഗങ്ങൾ വന്നതോടെ നിരവധി പഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പ് നറുക്കെടുപ്പിലേക്ക് നീങ്ങി. എന്നാൽ നറുക്കെടുപ്പിലെ ഭാഗ്യം തുണച്ചത് യു ഡി എഫിനെയാണ്. വയനാട് ജില്ലാ പഞ്ചായത്തിലും നിരവധി ഗ്രാമ പഞ്ചായത്തുകളിലും നറുക്കെടുപ്പിലൂടെ യു ഡി എഫ് ജയിച്ച് കയറി.

മലപ്പുറം ചുങ്കത്തറ, ഏലംകുളം, കുറവ, വെളിയങ്കോട്, വയനാട് പനമരം പഞ്ചായത്ത്, ചമ്പക്കുളം, കൊല്ലം തെക്കും ഭാഗം തുടങ്ങി ഒട്ടേറെ ഇടങ്ങളിൽ ഭാഗ്യം യു ഡി എഫിനൊപ്പം നിന്നു. തിരുവനന്തപുരത്തെ വെളളനാട് ബ്ലോക്ക് പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെ യു ഡി എഫ് നേടി. യു ഡി എഫ് 8 എൽ ഡി എഫ് 8 എന്ന രീതിയിലായിരുന്നു ഇവിടെ കക്ഷിനില.

മലപ്പുറത്ത് നറുക്കെടുപ്പ് നടന്ന മേലാറ്റൂർ, തിരുവാലി, നന്നംമുക്ക്, നിറമരുതൂർ എന്നീ പഞ്ചായത്തുകളിൽ എൽ ഡി എഫും ചുങ്കത്തറ, വാഴയൂർ, ഏലംകുളം, കുറുവ, വെളിയംകോട്, വിളവൂർക്കൽ, വണ്ടൂർ എന്നീ പഞ്ചായത്തുകളിൽ യു ഡി എഫും ഭരണം നേടി. വെളിയങ്കോട് പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ കോൺഗ്രസിന്റെ കല്ലാട്ടേൽ ഷംസു പഞ്ചായത്ത് പ്രസിഡന്റായി. ചുങ്കത്തറയിൽ വത്സമ്മ ജോർജ്, കുറുവ പഞ്ചായത്തിൽ നസീറ മോളും പഞ്ചായത്ത് പ്രസിഡന്റായി.

കൊല്ലം മൺറോത്തുരുത്ത് പഞ്ചായത്തിൽ യു ഡി എഫ് വിജയിച്ചു. നറുക്കെടുപ്പിലൂടെ മിനി സൂര്യകുമാറാണ് പ്രസിഡന്റായത്. തിരഞ്ഞെടുപ്പ്‌ തലേന്ന് സി പി എം പ്രവർത്തകൻ കൊല്ലപ്പെട്ട പഞ്ചായത്താണ് മൺറോ തുരുത്ത്. കൊല്ലം നെടുവത്തൂർ പഞ്ചായത്ത് ഭരണവും നറുക്കെടുപ്പിലൂടെ യു ഡി എഫ് നേടി. റോയ് നമ്പുടാളമാണ് ഇവിടെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ബി ജെ പിയ്ക്കും യു ഡി എഫിനും തുല്യ സീറ്റ് നില വന്ന പഞ്ചായത്തിൽ പ്രസിഡന്റിനെ നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുത്തത്. എൽ ഡി എഫ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. യു ഡി എഫ് വിമതയായി ജയിച്ച സത്യഭാമ യു ഡി എഫ് പിന്തുണയോടെ പ്രസിഡന്റ് ആയി. കൊല്ലം ഓച്ചിറ പഞ്ചായത്ത് എൽ ഡി എഫ് നേടി. എൽ ഡി എഫിന്റെ ബി ശ്രീദേവിയാണ് ഇവിടെ നറുക്കെടുപ്പിലൂടെ പ്രസിഡന്റായത്.

ഇടുക്കി വാഴത്തോപ്പ് പഞ്ചായത്ത് നറുക്കെടുപ്പിലൂടെ എൽ ഡി എഫ് നേടി. എൽ ഡി എഫിലെ ജോർജ് പോൾ ജയിച്ചു. ഇവിടെ യു ഡി എഫിനും എൽഡിഎഫിനും ഏഴ് സീറ്റ്‌ വീതം ആയിരുന്നു. തൃശൂർ കൈപ്പറമ്പ് പഞ്ചായത്ത് നറുക്കെടുപ്പിലൂടെ എൽ ഡി എഫിന്റെ ഉഷ ടീച്ചർ പ്രസിഡന്റായി. അന്നമനട ഗ്രാമപഞ്ചായത്തിൽ നറുക്കെടുപ്പിൽ സി പി എം പ്രതിനിധി പി വി വിനോദ് പ്രസിഡന്റായി. കരുണാപുരം പഞ്ചായത്തിലും നറുക്കെടുപ്പിൽ എൽ ഡി എഫ് നേടി.

കോഴിക്കോട് കായക്കൊടി പഞ്ചായത്ത് ഭരണം എൽ ഡി എഫിന് ലഭിച്ചു. നറുക്കെടുപ്പിലൂടെയാണ് പഞ്ചായത്ത് അദ്ധ്യക്ഷനെ തീരുമാനിച്ചത്. ഇടതുമുന്നണിയിലെ ഷിജിൽ പഞ്ചായത്ത് പ്രസിഡന്റായി. പനമരം പഞ്ചായത്ത് ഭരണം എൽ ഡി എഫ് നേടി. നറുക്കെടുപ്പിലൂടെ എൽ ഡി എഫിന്റെ ആസ്യ ടീച്ചർ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. തൃശൂർ തിരുവില്വാമല പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ ബി ജെ പി അധികാരത്തിലേറി. ബി ജെ പിയുടെ സ്‌മിത പഞ്ചായത്ത്‌ പ്രസിഡന്റായി. കോഴിക്കോട് ഉണ്ണിക്കുളം പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെ യു ഡി എഫിന് ലഭിച്ചു. ഇന്ദിര ഏറാടി ഇവിടെ പ്രസിഡന്റായി. കാസർകോടിലെ ബദിയടുക്കയിലും കണ്ണൂരിലെ കൊട്ടിയൂർ പഞ്ചായത്തിലും യു ഡി എഫ് നറുക്കെടുപ്പിലൂടെ ഭരണം നേടി.