
കൊച്ചി: സമീപകാലത്ത് ലോകം നേരിട്ട ഏറ്റവും വലിയ കെടുതിയുടെ വർഷമായിരുന്നിട്ടും 2020ൽ പ്രാരംഭ ഓഹരി വില്പനയ്ക്ക് (ഐ.പി.ഒ) ലഭിച്ചത് മികച്ച പ്രതികരണം. 16 കമ്പനികൾ 31,109.2 കോടി രൂപയാണ് ഈവർഷം സമാഹരിച്ചത്. 2019ൽ 17 കമ്പനികൾ ഐ.പി.ഒയിലൂടെ ആദ്യമായി ഓഹരി വിപണിയുടെ പടികയറിയെങ്കിലും സമാഹരണം 17,433 കോടി രൂപയായിരുന്നു.
കൊവിഡ് ഭീഷണി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും മെല്ലെ കരകയറുന്ന സമ്പദ്‌വ്യവസ്ഥയിൽ വിശ്വാസമർപ്പിച്ച്, 2021ലും ഒട്ടേറെ കമ്പനികൾ ഐ.പി.ഒ നടത്താനായി വരിനിൽക്കുന്നുണ്ട്. കേരളത്തിൽ നിന്നുള്ള കല്യാൺ ജുവലേഴ്‌സ്, ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് എന്നിവയും ഇതിലുൾപ്പെടുന്നു.
കൊവിഡ് ഭീതിമൂലം ഈവർഷം മാർച്ചുമുതൽ ഏതാനും മാസങ്ങളിൽ ഓഹരി വിപണി വൻ ഇടിവുകൾ നേരിട്ടെങ്കിലും പിന്നീട് ലോക്ക്ഡൗൺ ഇളവുകൾ, ഉത്തേജക പാക്കേജുകൾ, കൊവിഡ് വാക്‌സിൻ സജ്ജമാകുന്ന വാർത്തകൾ എന്നിവയുടെ കരുത്തിൽ റെക്കാഡ് ഉയരത്തിലേക്ക് കുതിച്ചുകയറിയതാണ് ഐ.പി.ഒ വിപണിക്ക് ആവേശമായത്.
സെൻസെക്‌സ് 47,746 എന്ന സർവകാല റെക്കാഡ് ഉയരത്തിലാണ് ഇപ്പോഴുള്ളത്. നിഫ്‌റ്റിയും പുത്തൻ ഉയരമായ 13,981ലെത്തി. ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപം 2020ൽ 1.64 ലക്ഷം കോടി രൂപയും കവിഞ്ഞു. മുന്നേറ്റത്തിന്റെയും വിദേശ നിക്ഷേപമൊഴുക്കിന്റെയും ട്രെൻഡ് തുടരാനാണ് സാദ്ധ്യത.
ഇത്, കൂടുതൽ കമ്പനികളെ ഐ.പി.ഒ നടത്താൻ പ്രേരിപ്പിക്കുകയും ചെയ്യും. ഐ.പി.ഒ നടത്തിയ കമ്പനികൾക്ക് ഓഹരി വിപണിയിൽ ലഭിച്ച വൻ സ്വീകാര്യതയും അനുകൂലഘടകമാണ്.
2020ന്റെ നേട്ടം
16 കമ്പനികളാണ് 2020ൽ ഐ.പി.ഒ സംഘടിപ്പിച്ചത്. 10,340 കോടി രൂപ നേടിയ എസ്.ബി.ഐ കാർഡ്സാണ് സമാഹരണത്തിൽ ഒന്നാമത്. ഗ്ളാൻഡ് ഫാർമ (6,479 കോടി രൂപ), മൈൻഡ് സ്‌പേസ് ബിസിനസ് പാർക്ക് (4,500 കോടി രൂപ) എന്നും തൊട്ടുപിന്നാലെയുണ്ട്.
പുതുവർഷം,
പുതിയ പ്രതീക്ഷ
പുതുവർഷം ഐ.പി.ഒയിലൂടെ നേട്ടത്തിന്റേതാക്കി മാറ്റാൻ കാത്തിരിക്കുന്നത് ഇൻഷ്വറൻസ് ഭീമനായ എൽ.ഐ.സി അടക്കം ഒട്ടേറെ മുൻനിര കമ്പനികളാണ്.
പ്രമുഖ കമ്പനികൾ:
 കല്യാൺ ജുവലേഴ്‌സ്
 ഇസാഫ് ബാങ്ക്
 സൂര്യോദയ് ബാങ്ക്
 റെയിൽടെൽ
 നസാറാ ടെക്‌നോളജീസ്
 ഇൻഡിഗോ പെയിന്റ്‌സ്
 സൊമാറ്റോ
 എൽ.ഐ.സി
 ദ പാർക്ക് ഹോട്ടൽസ്
 ഈസ് മൈ ട്രിപ്പ്
 എൻ.സി.ഡി.ഇ.എക്‌സ്
 ഫ്ളിപ്കാർട്ട്
 പോളിസിബസാർ