khavaja

ഇസ്ലാമാബാദ് : പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ഖവാജ മുഹമ്മദ് ആസിഫിനെ അഴിമതി വിരുദ്ധ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാരോപിച്ചാണ് അറസ്റ്റെന്ന് നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻ.എ.ബി) അറിയിച്ചു. പാർട്ടി മീറ്റിങ്ങിൽ നിന്നും പുറത്തുവന്നപ്പോഴാണ് ആസിഫിനെ അറസ്റ്റ് ചെയ്തതെന്ന് പാകിസ്ഥാൻ മുസ്‌ലിം ലീഗ് (പി.എം.എൽ) വക്താവ് നവാസ് പറഞ്ഞു.

2004 മുതൽ 2008 വരെ ആസിഫ് ദുബായുടെ വർക്ക് പെർമ്മിറ്റ് കൈവശം വച്ചിരുന്നു. കൺസൾട്ടന്റ് നിയമ ഉപദേഷ്ടാവ് എന്ന നിലയിൽ 136 മില്യൺ ഡോളർ സമ്പാദിച്ചു. എന്നാൽ ആസിഫിന് ലഭിച്ച ശമ്പളത്തിന്റെ വിശദ വിവരങ്ങൾ സമർപ്പിക്കാൻ നിർദേശം നൽകിയിട്ടും അദ്ദേഹം അതിൽ പരാജയപ്പെട്ടുവെന്നും ബ്യൂറോ അറിയിച്ചു.

പിഎംഎൽ ചീഫ് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് അറസ്റ്റിനെ അപലപിച്ചു.

അതേസമയം, നവാസ് ഷെരീഫിനെ എതിർക്കാൻ ആസിഫിനെ സമ്മർദ്ദത്തിലാക്കുന്നുവെന്നും അത് നിരസിച്ചതിനാണ് കള്ളക്കേസിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും മകൾ മറിയം നവാസ് ആരോപിച്ചു..

പാർട്ടി പ്രസിഡന്റ് ഷെഹബാസ് ഷെരീഫ്, മുതിർന്ന അംഗങ്ങളായ ഹംസ ഷെഹ്ബാസ്, റാണ സനാവുള്ള, ജാവേദ് ലത്തീഫ്, അഹ്സാൻ ഇക്കാബ്, ഷാഹിദ് ഖാൻ അബ്ബാസി, സാദ് റാഫിക് എന്നിവരുൾപ്പടെ നിരവധി പേരാണ് പിഎം.എൽ പാർട്ടിയിൽ അഴിമതി കേസുകൾ നേരിടുന്നത്.

പ്രധാനമന്ത്രി ഇമ്രാൻഖാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് 11 പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റ് രാജ്യത്ത് പ്രതിഷേധറാലി നടത്തുമ്പോഴാണ് ഈ ആറസ്റ്റ്.