
എറണാകുളം : മരട് സദേശി റിട്ട. കസ്റ്റംസ് സൂപ്രണ്ട് ജോർജ് മാത്യു പുല്ലാട്ടിന്റെ പുരയിടത്തിലാണ് അസാധാരണ വിളവുമായൊരു കേരവൃക്ഷം റെക്കോഡ് സ്ഥാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ശരാശരി നാളികേര ഉത്പാദനം ഒരു തെങ്ങിൽ നിന്ന് വെറും 40 എണ്ണമാണെന്നിരിക്കെയാണ് മരടിലെ കേരവൃക്ഷത്തിന് മഹത്വം വർദ്ധിക്കുന്നത്. 15 വർഷം മുമ്പ് മണ്ണുത്തി കാർഷിക സർവകലാശാലയുടെ നഴ്സറിയിൽ നിന്ന് വാങ്ങിയ തൈയ്യാണ്. ആകെയുള്ള 9 സെന്റ് സ്ഥലത്തിന്റെ ഒരുഭാഗത്ത് നട്ടു. പ്രത്യേകിച്ച് വളപ്രയോഗമൊന്നും ചെയ്തില്ല.
പ്രകൃതിയിലെ അനുകൂലസാഹചര്യങ്ങളിൽ തെങ്ങ് വളർന്നു. തടമെടുപ്പും പരിചരണവുമൊന്നുമില്ല. ആണ്ടുതോറും ആദായമെടുക്കും. അത്രമാത്രം. പുരയിടത്തിൽ മറ്റ് മൂന്ന് തെങ്ങുകൾ കൂടിയുണ്ട്. അതിലൊക്കെ ശരാശരിയിൽ താഴെയാണ് ഉത്പാദനം. പേരോ വർഗഗുണമൊ ഒന്നും നോക്കാതെ വാങ്ങിനട്ട തെങ്ങിൽ നിന്ന അസാധാരണവിളവ് ലഭിച്ചപ്പോൾ സന്തോഷവും അതിലേറെ കൗതുകവും തോന്നിയെന്നാണ് ജോർജ് പറയുന്നത്. ആണ്ടിൽ ഒരുതവണയെ ഈ തെങ്ങ് കായ്ക്കാറുള്ളു.
അതാകട്ടെ നിറയെ കുലകളും അതിൽനിറയെ തേങ്ങയുമായിരിക്കും. ഒരുകുലയിൽ 80 തേങ്ങവരെ ഉണ്ടാകാറുണ്ട്. ചിലസീസണിൽ കായ്ക്ക് വലിപ്പം കുറവായിരിക്കും. എന്നാലും നല്ല കാമ്പുണ്ടാകും.
വീട്ടാവശ്യത്തിനും കൊപ്ര ആക്കി എണ്ണയുണ്ടാക്കാനും ഉപയോഗിക്കും. തെങ്ങിന് പുറമെ പച്ചക്കറിയും ഔഷധസസ്യങ്ങളം മത്സ്യകൃഷിയുമൊക്കെയായി പറമ്പും വീടിന്റെ ടെറസുമൊക്കെ സസ്യശ്യാമള കോമളമാണ്. കോളേജ് വിദ്യാർത്ഥിയായിരിക്കെ കേന്ദ്രസർക്കാരിൽ നിന്ന് പെൻഷൻ വാങ്ങി ഇന്ത്യബുക്ക് ഒഫ് റെക്കോഡ്സിൽ ഇടംനേടിയ ആളാണ് ജോർജ് മാത്യു (67) പുല്ലാട്ട്. 33 വർഷം മുമ്പ് ഇന്ത്യൻ വായുസേന ഉദ്യോഗസ്ഥനായിരുന്ന ജോർജ് പാലാ സെന്റ് തോമസ് കോളേജിൽ ബി.എഡ് വിദ്യാർത്ഥി ആയിരിക്കെയാണ് പെഷൻ പറ്റിയത്.
പിന്നീട് അദ്ധ്യാപകനായും റിസർവ് ബാങ്ക് ഉദ്യോഗസ്ഥൻ, കസ്റ്റംസ് സൂപ്രണ്ട് എന്നിനിലകളിലും സേവനം അനുഷ്ടിച്ചു. വിരമിച്ചശേഷം ചിത്രകല, മാജിക്, സാഹിത്യം എന്നീമേഖലകളിലും സജീവസാന്നിദ്ധ്യമായ ജോർജ് പുല്ലാട്ട് പ്രമുഖസാമൂഹ്യപ്രവർത്തകയും സന്യാസിനിയുമായ സി. ദയാഭായിയുടെ ഇളയ സഹോദരനുമാണ്.
അസാധാരണ വിളവ്
അധികവിളവ് ലഭിക്കുന്ന തെങ്ങ് തികച്ചും കൗതുകമാണ്. വളരെ യാദൃശ്ചികമായി സംഭവിക്കാവുന്ന ജനിതഘടനയാണ് ഇത്തരം പ്രതിഭാസത്തിന് കാരണം. ഇതിന്റെ വിത്ത് മുളപ്പിച്ച് എടുത്താലും ഇതേഫലം ലഭിക്കണമെന്നുമില്ല. തെങ്ങിന്റെ സ്വഭാവം ഒന്നിനൊന്ന് വ്യത്യസ്ഥമായിരിക്കും. എങ്കിലും ഈ കാര്യത്തിൽ ശാസ്ത്രീയ പഠനം നടത്തുന്നത് ഗുണകരമായിരിക്കും.
പ്രൊഫ. സുജാത
അസി.പ്രൊഫസർ
കാർഷിക കോളേജ്, നീലേശ്വരം