
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യമില്ല. ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം സാമ്പത്തിക കുറ്റവിചാരണ കോടതി തളളി. ശിവശങ്കറിനെതിരെ കൂട്ടുപ്രതികളുടെ ശക്തമായ മൊഴിയുണ്ടെന്നും ഉന്നതർക്ക് കുറ്റകൃത്യത്തിൽ പങ്കെന്ന് മൊഴികളിൽ നിന്ന് വ്യക്തമാണെന്നും കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി.
തനിക്കെതിരെ തെളിവുകളില്ലെന്ന ശിവശങ്കറിന്റെ വാദം കോടതി തളളി. ജാമ്യാപേക്ഷ പരിഗണിക്കവെ ശിവശങ്കറിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നം ഉണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. അതേസമയം ജാമ്യാപേക്ഷയെ എതിർത്ത കസ്റ്റംസ്, കേസിൽ എം ശിവശങ്കറിന് പങ്കുണ്ടെന്ന വാദമാണ് കോടതിയിൽ ഉന്നയിച്ചത്.
ഏഴ് തവണ സ്വപ്‌നയുമൊത്ത് ശിവശങ്കർ വിദേശയാത്ര നടത്തി. മുഴുവൻ ചെലവും വഹിച്ചത് താനെന്ന് ശിവശങ്കർ സമ്മതിച്ചിട്ടുണ്ട്. ഒരു സീനിയർ ഐ എ എസ് ഉദ്യോഗസ്ഥൻ എന്തിനിത് ചെയ്യണമെന്ന് കസ്റ്റംസ് കോടതിയിൽ ചോദിച്ചു. യാത്രകൾക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്നും കസ്റ്റംസ് വാദിച്ചു.
ഗുരുതരമായ ആരോഗ്യ പ്രശ്‌നം ഉണ്ടെന്ന എം ശിവശങ്കറിന്റെ വാദത്തേയും കസ്റ്റംസ് കോടതിയിൽ എതിർത്തു. 2015 മുതൽ രോഗം ഉണ്ടെന്നാണ് പറയുന്നത്. എന്നാൽ വിദേശ യാത്രകൾക്കൊന്നും രോഗം തടസമായില്ലേ എന്നായിരുന്നു കസ്റ്റംസിന്റെ ചോദ്യം.