
കാലിഫോർണിയ: കൊവിഡ് പ്രതിരോധത്തിനുളള ഫൈസർ വാക്‌സിൻ കുത്തിവയ്‌പ്പെടുത്ത നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചു. അമേരിക്കയിലെ കാലിഫോർണിയയിലെ നഴ്‌സായ മാത്യു എന്ന 45 വയസുകാരനാണ് രോഗമുണ്ടായത്. ഡിസംബർ 18ന് ഇദ്ദേഹം കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചിരുന്നു. കുത്തിവയ്പ്പിന് ശേഷം ഒരു ദിവസം ചെറിയ കൈവേദനയുണ്ടായെങ്കിലും പിന്നീട് വാക്‌സിൻ മൂലമുളള വിഷമങ്ങളൊന്നുമുണ്ടായില്ല. എന്നാൽ പിന്നീട് ഒരാഴ്‌ചയ്‌ക്ക് ശേഷം ക്രിസ്‌മസ് തലേന്ന് ആശുപത്രിയിലെ കൊവിഡ് യൂണിറ്റിൽ ജോലി നോക്കവെ പനിയും പേശിവേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചതായി അദ്ദേഹം അറിഞ്ഞത്.
എന്നാൽ വാക്‌സിൻ പ്രതിരോധം സ്വീകരിച്ചാലും കൊവിഡ് വരാനുളള സാദ്ധ്യതയുണ്ടെന്നാണ് പകർച്ചാവ്യാധി വിദഗദ്ധർ അഭിപ്രായപ്പെടുന്നത്. അതിനാൽ തന്നെ ഈ സംഭവം അപ്രതീക്ഷിതമല്ലെന്നാണ് സാന്റിയാഗോ കുടുംബ ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യ വിദഗ്ധൻ ക്രിസ്‌റ്റ്യൻ റാമേഴ്‌സ് പറയുന്നത്. പത്ത് മുതൽ 14 ദിവസത്തിനകമാണ് വാക്‌സിനിലൂടെ രോഗസംരക്ഷണം ലഭിച്ചു തുടങ്ങുക. ആദ്യ ഡോസിൽ 50 ശതമാനം രോഗ പ്രതിരോധവും തുടർന്ന് നൽകുന്ന ഡോസിൽ 95 ശതമാനം രോഗപ്രതിരോധവും ലഭിക്കുമെന്നാണ് വിദഗ്‌ദ്ധാഭിപ്രായം.