astra

ലണ്ടൻ: കൊവിഡ് വൈറസിനെ ചെറുക്കാൻ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും അസ്ട്രസെനെകയും സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്സിന് ബ്രിട്ടൺ അംഗീകാരം നൽകി. ഇതോടെ അസ്ട്രസെനെകയ്ക്ക് അംഗീകാരം നൽകിയ ലോകത്തെ ആദ്യ രാജ്യമാണ് ബ്രിട്ടൺ. അസ്ട്രസെനെകയുടെ വാക്സിൻ ഉപയോഗിക്കുന്നതിന് അംഗീകാരം നൽകാനുള്ള മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസിയുടെ (എംഎച്ച്ആർഎ) ശുപാർശ സർക്കാർ അംഗീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

100 ദശലക്ഷം ഡോസിനാണ് ബ്രിട്ടൺ ഓർഡർ ചെയ്തിരിക്കുന്നത്. മാർച്ച് അവസാനത്തോടെ 40 ദശലക്ഷം ഡോസുകൾ ലഭ്യമാക്കും. രാജ്യത്ത് അടിയന്തരമായി വാക്സിൻ വിതരണം നടത്താൻ അംഗീകാരം നൽകിയെന്ന് അസ്ട്രസെനെക അറിയിച്ചു.

കൊവിഡ് വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടണിൽ പിടിമുറുക്കിയതോടെ വലിയ വെല്ലുവിളിയാണ് രാജ്യം നേരിടുന്നത്. മറ്റ് രാജ്യത്തുനിന്നുള്ള യാത്രയും വാണിജ്യ- വ്യാപാരങ്ങളും തടഞ്ഞതും രാജ്യത്തിന് തിരിച്ചടിയായി. എന്നാൽ പുതിയ രോഗത്തിന് അസ്ട്രസെനെക ഫലപ്രദമാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. അസ്ട്രസെനെകയുടെ അവസാനഘട്ട പരീക്ഷണങ്ങളിൽ 70.4 ശതമാനം ഫലപ്രാപ്തി ഉണ്ട്. ട്രയലിൽ പങ്കെടുത്തവർക്ക് രണ്ട് ഡോസുകളും നൽകിയെന്നും കമ്പനി അറിയിച്ചു.

യുകെയിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഈ പുതിയ വാക്സിൻ ലഭ്യമാക്കുന്ന സുപ്രധാന ദിനമാണ് ഇന്ന്. അസ്ട്രസെനെക ചീഫ് എക്സിക്യൂട്ടീവ് പാസ്കൽ സോറിയറ്റ് പറഞ്ഞു.

അതേ സമയം അസ്ട്രസെനെകാ വാക്സിൻ സാധാരണ ശീതീകരിച്ച അവസ്ഥയിൽ സംഭരിക്കാനും കൈകാര്യം ചെയ്യാനും കഴിയും. അതിനാൽ കൊവിഡ് വൈറസിന് നൽകുന്ന മറ്റ് വാക്സിനുകളെക്കാൾ വിലകുറഞ്ഞതും കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതുമാണെന്ന് ഓക്സ്ഫോർഡ് അറിയിച്ചു.

വാക്സിൻ രോഗത്തിൽ നിന്നും രക്ഷപെടാനുള്ള മാർഗമാണ്. നമ്മൾ എല്ലാവരും ഒരുമിച്ച് നിൽക്കണം.രോഗത്തിൽ നിന്നും രക്ഷപെടുമെന്ന പ്രതീക്ഷയിൽ 2020നെ അവസാനിപ്പിക്കണം. ആരോഗ്യ-സാമൂഹിക പരിപാലന സ്റ്റേറ്റ് സെക്രട്ടറി ഹാൻകോക്ക് ട്വിറ്ററിൽ കുറിച്ചു. ഒപ്പം ചൈനയുടെ സിനോഫാറം വാക്സിൻ 79 ശതമാനം വിജയകരമാണെന്ന് ചൈന അറിയിച്ചു.

ലോകത്ത് കൊവിഡ് വ്യാപനത്തിനെതിരെ വാക്സിൻ ശക്തമാക്കുമ്പോഴും രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടാകുന്നത്. 8.26 കോടി രോഗികളാണ് ലോകത്ത് നിലവിൽ ഉള്ളത്. 17.11 ലക്ഷംപേർ ഇതിനോടകം മരിച്ചു. 5.86 കോടി രോഗികൾക്ക് രോഗമുക്തരാകുകയും ചെയ്തു.

വാക്സിൻ സ്വീകരിച്ചതിനു ശേഷം നഴ്സിന് കൊവിഡ്

കാലിഫോർണിയ : ഫൈസറിന്റെ കൊവിഡ് വാക്സിൻ സ്വീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷം കാലിഫോർണിയയിലെ 45-കാരിയായ നഴ്‌സിന് കൊവിഡ്. രണ്ട് വ്യത്യസ്ത പ്രാദേശിക ആശുപത്രികളിലെ നഴ്‌സായി ജോലി ചെയ്യുന്ന മാത്യു എന്നയാളാണ് ഡിസംബർ 18 ന് തനിക്ക് ഫൈസർ വാക്സിൻ ലഭിച്ചതായി ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. കൈയ്ക്ക് ഒരു ദിവസത്തേക്ക് ചെറിയ വേദനയല്ലാതെ മറ്റു പാർശ്വ ഫലങ്ങളൊന്നും തനിക്ക് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആറ് ദിവസത്തിന് ശേഷം ക്രിസ്മസ് ദിനത്തിൽ കൊവിഡ് യൂണിറ്റിൽ ജോലിക്കിടെ പേശിവേദനയും ക്ഷീണവും അനുഭവപ്പെട്ടു. തുടർന്ന് ടെസ്റ്റ് നടത്തുകയും കൊവിഡ് പോസിറ്റീവാകുകയും ചെയ്തു. സാൻ ഡീഗോയിലെ ഫാമിലി ഹെൽത്ത് സെന്ററുകളിലെ പകർച്ചവ്യാധി വിദഗ്ധനായ ക്രിസ്റ്റ്യൻ റാമേഴ്സ് ഈ സാഹചര്യം അപ്രതീക്ഷിതമല്ലെന്ന് പറഞ്ഞു. "വാക്സിൻ സ്വീകരിച്ചതിന് ശേഷം 10 -14 വരെ സമയമെടുത്തതിന് ശേഷമേ വൈറസിൽ നിന്ന് സംരക്ഷണം ലഭിക്കൂ. ആദ്യത്തെ ഡോസ് 50 ശതമാനം വരെ സംരക്ഷണം നൽകുന്നുള്ളൂവെന്നും 95ശതമാനം വരെ ഫലപ്രാപ്തി ലഭിക്കാൻ രണ്ടാമത്തെ ഡോസ് ആവശ്യമാണെന്നും റാമേഴ്സ് കൂട്ടിച്ചേർത്തു.