sreesanth

മുഷ്താഖ് അലി ട്രോഫിയിൽ സഞ്ജു സാംസൺ നയിക്കും

തിരുവനന്തപുരം : ഏഴുവർഷത്തെ വിലക്കിന് ശേഷം മലയാളി താരം ശ്രീശാന്തിന്റെ കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ് അടുത്തമാസം തുടങ്ങുന്ന സെയ്ദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിലൂടെ.മുംബയ്‌യിൽ നടക്കുന്ന മത്സരങ്ങൾക്കായി ശ്രീശാന്ത് ഉൾപ്പെടുന്ന 20 അംഗ കേരള ടീമിനെ ഇന്നലെ പ്രഖ്യാപിച്ചു. ആസ്ട്രേലിയൻ പര്യടനം കഴിഞ്ഞെത്തിയ സഞ്ജു സാംസണാണ് നായകൻ. സച്ചിൻ ബേബി വൈസ് ക്യാപ്ടനാകും.വത്സൽ ഗോവിന്ദ്,ശ്രീരൂപ്,പി.കെ മിഥുൻ,രോജിത്ത് എന്നിങ്ങനെ നാലുപുതുമുഖങ്ങളെയും ടീമിലെടുത്തിട്ടുണ്ട്.

ടീമിലെ മറ്റ് അംഗങ്ങൾ : റോബിൻ ഉത്തപ്പ,ജലജ് സക്സേന,വിഷ്ണു വിനോദ്,സൽമാൻ നിസാർ,ബേസിൽ തമ്പി,നിതീഷ് എം.ഡി,കെ.എം ആസിഫ്,അക്ഷയ് ചന്ദ്രൻ,അഭിഷേക് മോഹൻ,വിനൂപ് മനോഹരൻ, മുഹമ്മദ് അസ്ഹറുദ്ദീൻ,രോഹൻ കുന്നുമ്മൽ,എസ്. മിഥുൻ. കോച്ച് : ടിനു യോഹന്നാൻ

ജനുവരി 11ന് പോണ്ടിച്ചേരിക്ക് എതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.മുംബയ്(13),ഡൽഹി(15),ആന്ധ്ര(17),ഹരിയാന(19) എന്നിവർക്കെതിരെയാണ് മറ്റ് മത്സരങ്ങൾ. ടീം ജനുവരി ഒന്നിന് മുംബയ്‌യിൽ എത്തി ഒരാഴ്ച ക്വാറന്റൈനിൽ കഴിയും.ലോക്ക്ഡൗണിന് ശേഷം നടത്താനൊരുങ്ങുന്ന ആദ്യ ദേശീയ ടൂർണമെന്റാണ് മുഷ്താഖ് അലി ട്രോഫി.

2013 ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്ന ശ്രീശാന്ത് സ്പോട്ട് ഫിക്സിംഗ് കേസിൽ കുടുങ്ങിയപ്പോൾ ബി.സി.സി.ഐ ആജീവനാന്ത വിലക്കാണ് വിധിച്ചത്. ഡൽഹി പൊലീസിന്റെ നടപടിക്കെതിരെ കോടതിയിൽ പോരാടി കുറ്റവിമുക്തനാക്കപ്പെട്ട ശ്രീശാന്ത് ബി.സി.സി.ഐ ഓംബുഡ്സ്മാന് അപ്പീൽ നൽകിയാണ് വിലക്ക് ഏഴുവർഷമായി കുറപ്പിച്ചത്. കഴിഞ്ഞ സെപ്തംബറിലാണ് ഈ കാലാവധി അവസാനിച്ചത്. അതിന് ശേഷം കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കാനിരുന്ന ട്വന്റി-20 ടൂർണമെന്റിൽ ശ്രീയെയും ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ആ ടൂർണമെന്റ് മാറ്റിവച്ചിരിക്കുകയാണ്.

എനിക്കൊപ്പവും എതിരായും നിന്ന എല്ലാവർക്കും നന്ദി. ഇങ്ങനെയൊരു തിരിച്ചുവരവിന് അവസരമൊരുക്കിയ കേരള ക്രിക്കറ്റ് അസോസിയേഷനോട് കടപ്പാടുണ്ട്. സഞ്ജു,റോബിൻ,ബേസിൽ തമ്പി,ജലജ്,സച്ചിൻ ബേബി തുടങ്ങിയ പരിചയ സമ്പന്നരും യുവതാരങ്ങളും ഉൾപ്പെട്ട ടീമിലൂടെ തിരിച്ചുവരാൻ അവസരം ലഭിച്ചതിൽ വലിയ സന്തോഷം.

- ശ്രീശാന്ത്