
ന്യൂഡൽഹി: അതി തീവ്ര വ്യാപനശേഷിയുളള കൊവിഡ് രോഗത്തിന്റെ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചതോടെ കർശന നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. പുതുവർഷ പരിപാടികളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ കർഷനമായി നടപടിയെടുക്കണമെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്ത് നൽകി. എന്നാൽ ഇക്കാര്യങ്ങളിൽ അന്തിമതീരുമാനം എടുക്കാനുളള അധികാരം സംസ്ഥാനങ്ങൾക്കാകും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുൻപ് നൽകിയ നിർദ്ദേശങ്ങൾ ആരോഗ്യമന്ത്രാലയം നൽകുന്നുണ്ട്.
ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യമനുസരിച്ച് രാത്രികാല കർഫ്യു ഉൾപ്പടെ നടപടികളെടുക്കാം.എന്നാൽ സംസ്ഥാനങ്ങൾക്ക് ഉളളിലുളളതോ, അന്തർസംസ്ഥാന യാത്രയോ നിരോധിക്കാൻ പാടില്ല. ഡിസംബർ 30, 31, ജനുവരി 1 തീയതികളിലെ സാഹചര്യമനുസരിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം.
അതിനിടെ കൊവിഡ് പുതിയ വൈറസ് സ്ഥിരീകരിച്ച ബ്രിട്ടണിലേക്കും തിരിച്ചും ഇന്ത്യ ഡിസംബർ 22 മുതൽ 31 വരെ ഏർപ്പെടുത്തിയ വ്യോമയാന ഗതാഗത നിരോധനം ജനുവരി 7 വരെ നീട്ടി. ആരോഗ്യ സേവന വിഭാഗം ഡയറക്‌ടർ ജനറലിന്റെ നേതൃത്വത്തിലെ സംയുക്ത അവലോകന സംഘത്തിന്റെയും ഐ.സി.എം.ആർ ഡയറക്‌ടർ ജനറലും നിതി അയോഗ് ആരോഗ്യ വിഭാഗം അംഗവും നേതൃത്വമേകുന്ന ദേശീയ കർമസമിതി നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. ജനുവരി 7ന് ശേഷം നിയന്ത്രണങ്ങളോടെ വിമാന സർവീസ് തുടങ്ങുന്ന കാര്യം പരിഗണിക്കാനും സമിതി ശുപാർശ ചെയ്‌തിട്ടുണ്ട്.