മൗണ്ട് മൗംഗാനൂയി: പാകിസ്ഥാനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലാൻഡിന് 101 റൺസ് ജയം.രണ്ടാം ഇന്നിംഗ്സിൽ 373 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാനെ 271 റൺസിൽ ആൾഔട്ടാക്കിയാണ് കിവീസ് വിജയം ആഘോഷിച്ചത്.
ആദ്യ ഇന്നിംഗ്സിൽ നായകൻ കേൻ വില്യംസണിന്റെ (129) തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ കിവീസ് 431 റൺസെടുത്തിരുന്നു. പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് 239ൽ അവസാനിച്ചു. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കിവീസ് 180/5 എന്ന സ്കോറിൽ ഡിക്ളയർ ചെയ്ത ശേഷമാണ് സന്ദർശകരെ രണ്ടാം ഇന്നിംഗ്സിനിറക്കിയത്. സെഞ്ച്വറി നേടിയ ഫവാദ് ആലവും (102) അർദ്ധസെഞ്ച്വറി നേടിയ റിസ്‌വാനും(60) മാത്രമാണ് പാക് നിരയിൽ പൊരുതിയത്. കേൻ വില്യംസണാണ് മാൻ ഒഫ് ദ മാച്ച്.
പരമ്പരയിലെ അവസാന മത്സരം ജനുവരി മൂന്നിന് ക്രൈസ്റ്റ് ചർച്ചിൽ തുടങ്ങും.