ബാഴ്സലോണ 1-എയ്ബർ 1
മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ബാഴ്സലോണയെ എയ്ബർ 1-1ന് സമനിലയിൽ തളച്ചു.പരിക്കേറ്റ മെസിക്ക് വിശ്രമം നൽകി സ്വന്തം തട്ടകത്തിലിറങ്ങിയ മത്സരത്തിലാണ് ബാഴ്സയ്ക്ക് ജയിക്കാൻ കഴിയാതെ പോയത്.
ഒരു പെനാൽറ്റി പാഴാക്കുകയും ഒരു ഗോൾ വീഡിയോ റഫറി അനുവദിക്കാതിരിക്കുകയും ചെയ്തതാണ് ബാഴ്സയ്ക്ക് തിരിച്ചടിയായത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 57-ാം മിനിട്ടിൽ കിക്കെയിലൂടെ എയ്ബറാണ് ആദ്യം സ്കോർ ചെയ്തത്. 10 മിനിട്ടിന് ശേഷം ഓസ്മാനെ ഡെംബലെ സമനില നേടിയെടുത്തു. പത്താം മിനിട്ടിൽത്തന്നെ ബാഴ്സയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചിരുന്നു. എന്നാൽ കിക്കെടുത്ത മാർട്ടിൻ ബ്രാത്ത്‌വെയ്റ്റ് പുറത്തേക്ക് അടിച്ചുകളയുകയായിരുന്നു. 27-ാം മിനിട്ടിൽ ബ്രാത്ത്‌വെയ്റ്റ് എയ്ബർ വലയിൽ പന്തെത്തിച്ചപ്പോൾ ആദ്യം ഗോൾ അനുവദിച്ചെങ്കിലും വീഡിയോ പരിശോധിച്ച് അത് റദ്ദാക്കി.
ഇതോടെ 15 കളികളിൽ നിന്ന് 25 പോയിന്റുമായി ബാഴ്സലോണ ലാ ലിഗ പട്ടികയിൽ ആറാം സ്ഥാനത്താണ്.13മത്സരങ്ങളിൽ നിന്ന് 32 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡാണ് ഒന്നാമത്.15 കളികളിൽ നിന്ന് 32 പോയിന്റുമായി റയൽ മാഡ്രിഡ് രണ്ടാമതുണ്ട്.