haryana

ചണ്ഡിഗഢ്: കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരം ഒരു മാസം പിന്നിടുമ്പോൾ ഹരിയാനയിൽ നടന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ അടിതെറ്റി ബി.ജെ.പി. ഭരണകക്ഷിയായ ബി.ജെ.പി – ജെ.ജെ.പി സഖ്യത്തിന് സോണിപ്പത്ത്, അംബാല മുനിസിപ്പൽ കോർപ്പറേഷനുകളിലെ മേയർ പദവി നഷ്ടമായി. സംസ്ഥാന തിരഞ്ഞെടുപ്പിൽ അധികാരം പിടിച്ച് ഒരു വർഷത്തിനുള്ളിൽ നടന്ന തിരഞ്ഞെടുപ്പിലാണിത്.

ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനത പാർട്ടി (ജെ.ജെ.പി) തദ്ദേശഫലം വന്നപ്പോൾ അവരുടെ ശക്തികേന്ദ്രമായ ഹിസാറിലെ ഉകലനയിലും റെവാരിയിലെ ധാരുഹേറയിലും തകർന്നു. അംബാല, പഞ്ച്കുല, സോണിപത്, ധാരുഹേറ, റോഹ്‌തക്കിലെ സാംപ്ല, ഉകലന എന്നീ 7 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് ഞായറാഴ്ചയാണ് വോട്ടിംഗ് നടന്നത്.

സിംഘു അതിർത്തിക്ക് സമീപമുള്ള സോണിപ്പത്തിൽ 14,000 വോട്ടുകൾക്ക് കോൺഗ്രസ് വിജയിച്ചു. നിഖിൽ മാദൻ ആണ് മേയറാവുക. പുതിയ കാർഷിക നിയമങ്ങളോടുള്ള പ്രതിഷേധമാണ് ബി.ജെ.പിയുടെ പരാജയത്തിൽ പ്രതിഫലിച്ചതെന്ന് കോൺഗ്രസ് അവകാശപ്പെട്ടു.

അംബാലയിൽ ഹരിയാന ജനചേതന പാർട്ടിയുടെ (എച്ച്‌.ജെ.പി) ശക്തി റാണി ശർമയാണ് മേയറാകുക. 8000ൽ പരം വോട്ടുകൾക്കാണ് ഇവർ ജയിച്ചത്. എച്ച്‌.ജെ.പി അദ്ധ്യക്ഷൻ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന വെനോദ് ശർമയുടെ ഭാര്യയാണ് ഇവർ.

ഉകലനയിലും ധരുഹീരയിലും ജെ.ജെ.പി തോറ്റു. രേവാരിയിൽ ബി.ജെ.പിയുടെ പൂനം യാദവാണ് മേയർ. പഞ്ച്കുലയിലെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ഇവിടെ ബി.ജെ.പിയാണ് മുന്നിൽ.