
അപ്രതീക്ഷിതമായിരുന്നു സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ വിയോഗം. അയ്യപ്പനും കോശിയും എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ വിജയാഘോഷം കെട്ടടങ്ങും മുൻപേ സച്ചി യാത്രയായി. പുതിയ സിനിമയുടെ എഴുത്തു ജോലിയിൽ മുഴുകവേയാണ് ആ വേർപാട്. സച്ചി വിട പറഞ്ഞത് എന്നും മലയാള സിനിമയ്ക്ക് നഷ്ടം തന്നെയായിരിക്കും.ആ വിയോഗം പോലെ അപ്രതീക്ഷിതമായിരുന്നു നടൻ അനിൽ നെടുമങ്ങാടിന്റെ വേർപാട്.അയ്യപ്പനും കോശിയിൽ മിന്നി തിളങ്ങിയ അനിൽ തിരക്കേറിയ താരമായി മാറുന്നതിനിടെ വിട പറയുകയായിരുന്നു.
ആ ഞെട്ടലിലൂടെയാണ് രണ്ടായിരത്തി ഇരുപതിന്റെ പടിയിറക്കം. അനുഗ്രഹീത സംഗീത സംവിധായകൻ എം. കെ അർജ്ജുൻ മലയാളത്തിന് എന്നെന്നും ഒാർമിക്കുന്ന ഗാനശാഖ തീർത്താണ് യാത്രയായത്.എങ്കിലും ആ നഷ്ടം ഒരിക്കലും നികത്താൻ കഴിയില്ല. ദേശീയ പുരസ്കാരജേതാവായ കലാസംവിധായകൻ പി. കൃഷ്ണമൂർത്തിയുടെ വേർപാടും നഷ്ടമാണ്.
നാടകത്തിൽനിന്ന് സിനിമയിൽ എത്തി ഹാസ്യ വേഷത്തിൽ ശ്രദ്ധേയ താരമായി മാറിയ ശശി കലിംഗ, സ്വഭാവിക അഭിനയത്തിൽ തിളങ്ങിയ അനിൽ മുരളി, വേറിട്ട അഭിനയ ശൈലിയുടെ ഉടമ രവി വള്ളത്തോൾ,കന്മദം സിനിമയിൽ മുത്തശ്ശി വേഷത്തിൽ എത്തിയ ശാരദ നായർ, കേരള സൈഗാൾ എന്നറിയപ്പെട്ട പാപ്പുക്കുട്ടി ഭാഗവതർ, പൂവള്ളിയും കുഞ്ഞാടും എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച യുവനടൻ ബേസിൽ ജോർജ്, പഴയകാല നടി ഉഷാറാണി, കോഴിപ്പേര് സിനിമയുടെ സംവിധായകരിൽ ഒരാളായ ജിബിത്ത് ജോർജ്, സീരിയൽ താരം ശബരിനാഥ്, തിരക്കഥാകൃത്ത് ഹരിപ്രസാദ് ,നടൻ ഷാജി തിലകൻ, ചലച്ചിത്ര സുരക്ഷാ ജീവനക്കാരൻ മാറനല്ലൂർ ദാസ്, നിവിൻപോളിയുടെ പേഴ്സണൽ മേക്കപ്പുമാൻ ഷാബു പുൽപ്പള്ളി എന്നിവരും പടിഇറങ്ങുന്ന വർഷത്തെ നഷ്ടങ്ങളാണ്.
വാഹനാപകടത്തിലാണ് ഒാർമയിൽ ഒരു ശിശിരം സിനിമയുടെ സംവിധായകൻ വിവേക് ആര്യനെ നഷ്ടപ്പെട്ടത്. സൂഫിയും സുജാതയും സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകൻ നരണിപ്പുഴ ഷാനവാസ് അനിൽ നെടുമങ്ങാടിനെ പോലെ ഡിസംബറിന്റെ നഷ്ടമാണ്.
യുവസംവിധായകനിരയിൽ ഷാനവാസ് വലിയ പ്രതീക്ഷ നൽകിയെങ്കിലും സൂഫിയെ പോലെ ഷാനവാസും അപ്രതീക്ഷിതമായി യാത്രയായി. മലയാളത്തിനു മാത്രമല്ല, ഇന്ത്യൻ ചലച്ചിത്ര ലോകത്തിനും രണ്ടായിരത്തി ഇരുപത് നഷ്ടങ്ങളുടെ വർഷമായിരുന്നു.
ദാദാസാഹേബ് ഫാൽകെ പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ കരസ്ഥമാക്കിയ ബംഗാളി ചലച്ചിത്ര നടൻ സൗമിത്ര ചാറ്റർജിയുടെ വിയോഗം കനത്ത ആഘാതമായി. ബോളിവുഡ് നടനും നിർമാതാവും സംവിധായകനുമായിരുന്ന ഋഷി കപൂർ വിട പറഞ്ഞ വർഷം കൂടിയാണ് കടന്നുപോവുന്നത്. അതുല്യനടൻ ഇർഫാൻഖാൻ അർബുദത്തിന് കീഴടങ്ങിയത് ലോകസിനിമയ്ക്കുതന്നെ നഷ്ടമായി.എന്നാൽ തികച്ചും അപ്രതീക്ഷിതമായിരുന്നു സുശാന്ത് സിംഗ് രജ് പുത് എന്ന യുവ ബോളിവുഡ് നടന്റെ മരണം.മലയാളത്തിന് ഏറെ പരിചിതനായിരുന്നു സുശാന്ത്. ഇന്ത്യൻ സംഗീത ലോകത്തിന് എന്നും നഷ്ടം തന്നെയാണ് ഗായകൻ എസ്. പി ബാലസുബ്രഹ്ണ്യത്തിന്റെ വേർപാട്.ആറു പ്രാവശ്യം ദേശീയ അവാർഡുകൾ കരസ്ഥമാക്കിയ എസ് പിബിയ്ക്ക് നടൻ, സംഗീത സംവിധായകൻ നിർമാതാവ് എന്നീ നിലകളിലും തിളങ്ങാൻ സാധിച്ചിരുന്നു.
ലോകസിനിമയിലേക്ക് നോക്കുമ്പോൾ ജെയിംസ്ബോണ്ടിനെ അവിസ്മരണീയമാക്കിയ ഷോൺ കോണറി, മലയാളികൾക്ക് ഏറെ പ്രിയങ്കരനായിരുന്ന കിം കി ഡുക് എന്നീ പ്രതിഭകളുടെ വേർപാടിനും 2020 സാക്ഷിയായി.