ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരങ്ങളിൽ മുൻനിര ക്ളബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡിനും ആഴ്സനലിനും ജയം.മാഞ്ചസ്റ്റർ യുണൈറ്റഡ് ഏകപക്ഷീയമായ ഒരുഗോളിന് വോൾവർ ഹാംപ്ടണിനെയാണ് തോൽപ്പിച്ചത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ഇൻറുറി ടൈമിൽ മാർക്കസ് റാഷ്ഫോഡാണ് മാഞ്ചസ്റ്ററിന്റെ വിജയഗോൾ നേടിയത്. ഈ വിജയത്തോടെ 15മത്സരങ്ങളിൽ നിന്ന് 30 പോയിന്റോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.
ബ്രൈട്ടൺ ആൻഡ് ഹോവിനെ ആഴ്സനലും 1-0ത്തിനാണ് തോൽപ്പിച്ചത്. 66-ാം മിനിട്ടിൽ അലക്സാണ്ടർ ലക്കാസറ്റെയാണ് വിജയഗോൾ നേടിയത്. 16 കളികളിൽ നിന്ന് 20 പോയിന്റുള്ള ആഴ്സനൽ 13-ാം സ്ഥാനത്താണ്.15മത്സരങ്ങളിൽ നിന്ന് 32 പോയിന്റുള്ള ലിവർപൂളാണ് ഒന്നാം സ്ഥാനത്ത്.