
വിക്രമിന്റെ കോബ്രയിൽ അഭിനയിച്ച് പുതുവർഷത്തിൽ സർജാനോ ഖാലിദ് തമിഴിൽ
CineMOMENTS
ചെറുപ്പം മുതൽ എന്റെ ചുറ്റുവട്ടത്ത് സിനിമയുണ്ട്. വീട്ടിൽ മിക്കപ്പോഴും സിനിമ സംസാര വിഷയമായി. കൊച്ചിയിലെ തമ്മനത്ത് ഞങ്ങൾ താമസിച്ച ഡിഡി നെസ്റ്റ് അപ്പാർട്ടുമെന്റിൽ ഒരുപാട് സിനിമാക്കാരുണ്ടായിരുന്നു. രഞ്ജിത് സാർ, സിബി മലയിൽ സാർ, നിർമ്മാതാവ് ആന്റോ ജോസഫ് എന്നിവർ അവിടെയാണ് താമസിച്ചിരുന്നത്. ക്രിസ്ത്യൻ ബ്രദേഴ് സിന്റെ ഷൂട്ട് ഞങ്ങളുടെ അപ്പാർട്ടുമെന്റിലായിരുന്നു. ലാലേട്ടനെ അടുത്തു കണ്ടു. ഞാനും അനിയത്തിയും കൂടി ഓട്ടോഗ്രാഫ് വാങ്ങാൻ പോയപ്പോൾ സെക്യുരിറ്റി  ജീവനക്കാരൻ തടഞ്ഞു.അതു കണ്ടു ലാലേട്ടൻ വിളിച്ചു ഓട്ടോഗ്രാഫ് തന്നത് മറക്കാൻ കഴിയില്ല. വർഷങ്ങൾ കഴിഞ്ഞ ലാലേട്ടനൊപ്പം  ബിഗ് ബ്രദറിൽ അഭിനയിച്ചു. ലാലേട്ടന്റെ സഹോദരവേഷം. ആർ.അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന വിക്രം ചിത്രം കോബ്രയിലൂടെ ആദ്യമായി തമിഴിൽ അഭിനയിക്കുന്നു. ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചതാണ്. എന്റെ സീനുകൾ ജനുവരിയിൽ ചിത്രീകരിക്കും.തമിഴിൽ അഭിനയിക്കാൻ പോവുന്നതാണ് പുതുവർഷത്തിലെ ഏറ്റവും വലിയ സന്തോഷം.
SchoolMOMENTS
വൈറ്റിലയിലെ ടോക് എച്ച് പബ്ളിക് സ്കൂളിലാണ് പഠനം തുടങ്ങുന്നത്. എന്റെ ഒപ്പം കുറെ സ്കൂളുകളുണ്ട്. ഒരു വർഷം ആന്ധ്ര പ്രദേശിലെ പീപ്പിൾ ഗ്രോവ് സ്കൂളിൽ പഠിച്ചു. തീർത്തും  റസിഡൻഷ്യൽ സ്കൂൾ. അവിടത്തെ പഠനമാണ് ഇന്ന് കാണുന്ന നിലയിലെത്തിച്ചത് . ജീവിത വീക്ഷണവും കാഴ്ചപ്പാടും മാറി. പുതിയ ഒരു ഊർജ്ജം നൽകി. ഒൻപതിലും പത്തിലും വടകര റാണി പബ്ളിക് സ്കൂളിൽ. ആന്ധ്രയിലെ സ്കൂളിൽ പഠിക്കുമ്പോൾ നാടകം ചെയ്തു. സിനിമ ചെയ്യാൻ അപ്പോൾ അദ്ധ്യാപകർ ഉപദേശിച്ചു. എന്റെ ഉള്ളിൽ അതിന് എത്രയോ മുൻപേ സിനിമയുണ്ട്. സിനിമയിൽ വരണമെന്ന് ആഗ്രഹിച്ചു. ഒരു സിനിമ കണ്ടിറങ്ങുമ്പോൾ സ്ക്രീനിൽ നമ്മൾ ഉണ്ടായിരുന്നെങ്കിലെന്ന് ആരാണ് ആഗ്രഹിക്കാത്തത്. ഞാനും അതു തന്നെ ആഗ്രഹിച്ചു.

QatarMOMENTS
പത്താം ക്ളാസ് കഴിഞ്ഞ സമയത്ത് വാപ്പ ഖത്തറിൽ ബിസിനസ് ആരംഭിച്ചു. അങ്ങനെ ഞാനും ഖത്തറിൽ എത്തി.പഠനത്തിനു ഒരു വർഷത്തെ ബ്രേക്കെടുത്തു. എന്താണ് ഇനി ചെയ്യേണ്ടതെന്ന തീരുമാനത്തിൽ എത്തിച്ചേരാനായിരുന്നു ആ ഒരു വർഷകാലം . ഫോട്ടോഗ്രഫി പാഷനാണ്. ഒരുപാട് നല്ല ചിത്രങ്ങൾ പകർത്തി. ഫിലിം ഫെസ്റ്റിവല്ലുകളിൽ സിനിമ കണ്ട് എന്റെ വഴിയിൽ ആഹ്ളാദം കണ്ടെത്തി. വീണ്ടും പഠനവഴിയിൽ . പതിനൊന്നും പന്ത്രണ്ടും ഖത്തർ ഐഡൽ ഇന്ത്യൻ സ്കൂളിൽ. അവിടെ അധികവും മലയാളി കുട്ടികളാണ് . ആ നാട് എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് .ഇപ്പോഴും ഖത്തർ ഓർമ്മകൾ കടന്നു വരാറുണ്ട്.അവിടത്തെ രണ്ടു വർഷ ജീവിതം എന്നും മധുരം തരും.മിസിംഗ് ദാറ്റ് ഗുഡ് ഡെയ്സ്.
HappyMOMENTS
ജീവിതത്തിന് വലിയ മാറ്റം വന്നില്ല. എന്നാൽ പുറത്തിറങ്ങുമ്പോൾ ആളുകൾ തിരിച്ചറിയാൻ തുടങ്ങി. സിനിമയെ വേറൊരു രീതിയിൽ കാണാനും പഠിക്കാനും തുടങ്ങി. അത് ഒരു നടന് അത്യന്താപേക്ഷിതമാണ്. ജൂണിനുശേഷം എനിക്ക് ആരാധികമാരുണ്ടായി. ഇപ്പോൾ ആൺകുട്ടികളും പെൺകുട്ടികളും ഒരേപോലെ ഇഷ്ടപ്പെടുന്നു. എപ്പോഴും സന്തോഷത്തോടെ ഇരിക്കാനാണ് ആഗ്രഹം. വീട്ടുകാരും കൂട്ടുകാരും ബന്ധുക്കളും സന്തോഷത്തോടെ ഇരിക്കണം.ഞാൻ സ്ട്രെയേറ്റ് ഫോർവാഡാണ്. എന്റെ പ്രിയപ്പെട്ടവർ ഒപ്പം ഉണ്ടെങ്കിലേ ഞാൻ കംഫർട്ടാവൂ. നായകനായി മാത്രമേ അഭിനയിക്കുവെന്ന നിർബന്ധമില്ല. നല്ല സിനിമയുടെ ഭാഗമാവാനാണ് ആഗ്രഹം.ഒരുപാട് സിനിമ ചെയ്യാൻ ആഗ്രഹമില്ല. കഥാപാത്രം എനിക്ക് സന്തോഷം തരണം. ജൂണിലെ എല്ലാ ടീമംഗങ്ങളും സപ്പോർട്ട് ചെയ്തു.മുംബയ് സീനാണ് ആദ്യം ഷൂട്ട് ചെയ്തത്. അഞ്ചു മിനിറ്റ് സീനിലെ ഡയലോഗ് തെറ്റിക്കാതെ പറഞ്ഞപ്പോൾ എല്ലാവരും അഭിനന്ദിച്ചു.അതു ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. നോയലിനെ പോലെ എനിക്കും ഫോട്ടോഗ്രഫി   ഇഷ്ടമാണ്. പുതിയ സ്കൂളിൽ പഠിക്കാൻ എത്തിയപ്പോൾ നോയലിനുണ്ടായ അനുഭവങ്ങൾ എനിക്കും സംഭവിച്ചു. നോയൽ എന്ന കഥാപാത്രത്തിൽ എവിടെയോ ഞാനുണ്ട്. 'ജൂൺ" ഞാൻ തിരഞ്ഞെടുത്തതല്ല. ഭാഗ്യമായി എനിക്ക് പടച്ചോൻ കൊണ്ടു തന്നതാണ്.
JuneMOMENTS
ബംഗ് ളൂരുവിലെ സൃഷ്ടി ഇ ൻസ്റ്റിറ്റ്യൂട്ടിൽ ഫിലിം മേക്കിംഗ് ഡിഗ്രി കോഴ്സിനു ചേരാൻ കാത്തിരിക്കുമ്പോഴാണ് ജൂണിൽ അഭിനയിക്കാൻ അവസരം എത്തുന്നത്. എൻട്രൻസ് എഴുതിയായിരുന്നു സൃഷ്ടിയിലെ പ്രവേശം. രണ്ടും സിനിമയാണ്. ഒടുവിൽ 'ജൂണി"ൽ ചേരാൻ തീരുമാനിച്ചു.എന്റെ ഇഷ്ടത്തിനൊപ്പം വീട്ടുകാരും നിന്നു . അങ്ങനെ നോയൽ എന്ന കഥാപാത്രമായി . പഠിക്കാൻ നാളെയും പോവാം. പക്ഷേ ഈ അവസരം ഒരു പ്രാവശ്യം മാത്രമേ വരൂ. മലയാളത്തിലെ മികച്ച ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിൽ നിന്നാണ് വിളി . ആ സമയത്ത് അഭിനയിക്കാൻ ഇഷ്ടം കൂടി വന്ന സമയവും . ജൂണിനു മുൻപ് നോൺസെൻസ് എന്ന സിനിമയിൽ മുഖം കാണിച്ചു. ആ സിനിമയുടെ നിർമ്മാതാവ് ജോണി സാഗരികയുടെ മകൻ റോൺ ഫ്രണ്ടാണ്. ഒന്നരമാസം നോൺസെൻസിന്റെ ഷൂട്ടിംഗ് കണ്ടു പഠിക്കാൻ നിന്നു.പുറത്തുനിന്നു കാണുന്നതല്ല സിനിമയെന്ന് ബോദ്ധ്യമായി. അഭിനയം ഒട്ടും എളുപ്പമല്ലെന്നും  അറിഞ്ഞു. അതുവരെ സിനിമാഭിനയം വെറുമൊരു ആഗ്രഹം മാത്രമായിരുന്നു.
TwentyMOMENTS
ജൂണിന് ഓഡിഷൻ ഉണ്ടായിരുന്നു.സിനിമയിലെ ഒന്നുരണ്ടു സീൻ അഭിനയിച്ചു കാണിക്കാൻ പറഞ്ഞു.മുംബയ് യിൽ വച്ച് ജൂണിനെ കാണുന്നതും സ്കൂളിലെ ഇൻഡ്രോഡ ക് ഷൻ സീനും. സിനിമയിൽ വരുമെന്ന് അറിയാമായിരുന്നു. പക്ഷേ ഇത്ര പെട്ടെന്ന് എത്തുമെന്ന് കരുതിയില്ല. ആദ്യ സിനിമയിൽത്തന്നെ നായക വേഷം. ജൂൺ വലിയ വിജയം നേടി. ജൂണിനുശേഷം ഗ്യാപ്പ് എടുക്കേണ്ടി വന്നില്ല.  ഗൗതം മേനോന്റെ ക്വീൻ വെബ് സീരിസിൽ ചെറിയ വേഷം ചെയ്തു. അതിനുശേഷം ആദ്യരാത്രി. പിന്നാലെ ബിഗ് ബ്രദർ. മലയാളത്തിൽ പുതിയ സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ട്. വൈകാതെ തമിഴ് സിനിമയും ഉണ്ടാവും. അത് വലിയ സിനിമയായിരിക്കും. വലിയ തിരക്കില്ലാതെ സിനിമയിൽ മെല്ലേ മുന്നോട്ട് പോവാനാണ് ആഗ്രഹം.ഇപ്പോൾ ഇരുപതു വയസായി. ഇൗ വർഷം ഡിസ്റ്റന്റ് എഡ്യുക്കേഷന് ചേരണം.

KathalMOMENTS
വിനായക് ശശികുമാർ സംവിധാനം ചെയ്ത 'ഹായ് ഹലോ കാതലി"  ഷോർട്ട് ഫിലിം ഒരു മികച്ച തമിഴ് സിനിമയിൽ അഭിനയിക്കുമ്പോൾ ലഭിക്കുന്ന പ്രശസ്തി  തന്നു. കൊച്ചിയിലായിരുന്നു ഷൂട്ട്. വിനായക് കഥ പറഞ്ഞപ്പോൾത്തന്നെ ഇഷ്ടപ്പെട്ടു.വളരെ ഹൃദ്യമായ കഥ. കഥ കേൾക്കുമ്പോൾത്തന്നെ ആർക്കും ഇഷ്ടപ്പെടും. '96"ലൂടെ വന്ന ഗൗരി കിഷനായിരുന്നു നായിക. 2.5 മില്യൺ വ്യൂസ് കഴിഞ്ഞിരിക്കുന്നു. ഹായ് ഹലോ കാതലിലെ കഥാപാത്രത്തെ പോലെ പാടാൻ അറിയില്ല. എന്നാൽ ആഗ്രഹമുണ്ട്. യാത്രകളോട് ഇഷ്ടമുണ്ട്. കാറുകളോട് ഭ്രമമാണ്.ജൂണിൽ നന്നായി പ്രണയം അഭിനയിച്ചുവെന്ന് പറഞ്ഞവരുണ്ട്.ഹലോ ഹായ് കാതലിലും പ്രണയ നായകനാണ്.ജീവിതത്തിൽ പ്രണയം അനുഭവിച്ചവർക്കേ സിനിമയിലെ പ്രണയ സീനിൽ ഫീൽ ചെയ്തു അഭിനയിക്കാൻ കഴിയൂയെന്നു തോന്നുന്നു.ഞാൻ ഇതിലൂടെയെല്ലാം കടന്നുപോയിട്ടുണ്ട്. ജൂണിൽ രജീഷ വിജയനും ആദ്യരാത്രിയിൽ അനശ്വര രാജനുമായിരുന്നു നായികമാർ. അവരുടെ പിന്തുണ കിട്ടി.
Big BrotherMOMENTS
കോഴിക്കോട് കല്ലാച്ചിയാണ് നാട്. ഇപ്പോൾ കൊച്ചിയിൽ സ്ഥിരതാമസമാണ്. ഉപ്പ ഖാലിദ് അബൂബക്കർ ടെലിവിഷൻ മേഖലയിൽ പ്രവർത്തിച്ചിരുന്നു. ഉമ്മ സാജിത ഖാലിദ് .എനിക്ക് രണ്ട് ഇത്താത്തമാരുണ്ട്. ഇറാദ മുസമ്മിൽ, മെയ് സായ് ഡേ. മൂത്ത ഇത്താത്തയുടെ നിക്കാഹ് കഴിഞ്ഞു. അനുജത്തി അൽമിത്ര. തിരിഞ്ഞു മറിഞ്ഞ പേരാണ്എല്ലാവർക്കും. സർജാനോ എന്നാൽ ക്രിയേറ്റിവിറ്റി എന്നാണ് അർത്ഥം. പാലി ഭാഷയിൽ നിന്ന് ഉപ്പയാണ് പേരിട്ടത്. ഉപ്പയ്ക്ക് നല്ല വായനാശീലമുണ്ട്. ഉപ്പ നേരത്തേ അനിമേഷൻ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയിരുന്നു. അവിടത്തെ കുട്ടികളുടെ ഷോർട്ട് ഫിലിമിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. നിച്ചു എന്നാണ് ചെല്ലപ്പേര് . ആദ്യം നിഹാദ് എന്നായിരുന്നു പേര്. നിഹാദിനെ മാറ്റി സർജാനോ വന്നെങ്കിലും നിച്ചു എന്ന ചെല്ലപ്പേര് തുടരുന്നു. രണ്ടാമത്തെ ഇത്താത്ത കൊച്ചിൻ മീഡിയ സ്കൂളിൽ സിനിമാട്ടോഗ്രഫി പഠിക്കുന്നു. അൽമിത്ര  ഒൻപതാം ക്ളാസിൽ.