
മെൽബൺ : ട്വന്റി-20 പരമ്പരയ്ക്കിടെ സംഭവിച്ച പരിക്കുമൂലം ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്ന ഓപ്പണർ ഡേവിഡ് വാർണർ ജനുവരി ഏഴിന് സിഡ്നിയിൽ ഇന്ത്യയ്ക്ക് എതിരെ തുടങ്ങുന്ന മൂന്നാം ടെസ്റ്റിൽ ആസ്ട്രേലിയൻ ടീമിൽ ഉണ്ടാകും. ഇന്നലെയാണ്ആസ്ട്രേലിയ അവസാന രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്.
കഴിഞ്ഞ മത്സരത്തിൽ നിരാശപ്പെടുത്തിയ ഓപ്പണർ ജോ ബേൺസിനെ ഒഴിവാക്കിയാണ് വാർണറെ തിരിച്ചുവിളിച്ചത്. യുവതാരം പുക്കോവ്സ്കിയെയും സീൻ അബ്ബോട്ടിനെയും 18 അംഗ ടീമിലെടുത്തിട്ടുണ്ട്. മെൽബണിലെ തോൽവി ആസ്ട്രേലിയയെ ഏറെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. വിരാട് കൊഹ‌്ലിയുടെ അഭാവത്തിൽപോലും ഇന്ത്യയ്ക്ക് വിജയം നേടാനായതാണ് അവരെ ഞെട്ടിച്ചത്. മുൻ നായകൻ സ്റ്റീവൻ സ്മിത്തിന്റെ മോശം ഫോം തോൽവിയിൽ നിർണായകമായി.
രോഹിത് ഇന്ത്യൻ സംഘത്തിൽ
രണ്ടാഴ്ച മുമ്പ് ആസ്ട്രേലിയയിൽ എത്തിയിരുന്ന ബാറ്റ്സ്മാൻ രോഹിത് ശർമ്മ ക്വാറന്റൈൻ പൂർത്തിയാക്കി ഇന്ത്യൻ ടീമിന്റെ ബയോ സെക്യുവർ ബബിളിൽ പ്രവേശിച്ചു.മൂന്നാം ടെസ്റ്റിൽ രോഹിത് കളിക്കും. മോശം ഫോമിൽ തുടരുന്ന മായാങ്ക് അഗർവാളിനെ മാറ്റിയാകും രോഹിതിന് അവസരം നൽകുക.
മൂന്നാം ടെസ്റ്റ് ജനുവരി ഏഴുമുതൽ സിഡ്നിയിൽ നടക്കും. കൊവിഡ് കാരണം മെൽബണിൽത്തന്നെ നടത്താൻ ആലോചിച്ചെങ്കിലും ഒടുവിൽ സിഡ്നിയിൽ നിന്ന് മാറ്റേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
ഞങ്ങൾക്ക് ലഭിച്ച എല്ലാ പിന്തുണയ്ക്കും അഭിനന്ദനങ്ങൾക്കും അകമഴിഞ്ഞ നന്ദി.ക്രിക്കറ്റിനെ സ്നേഹിക്കുന്ന എല്ലാ ഇന്ത്യൻ ആരാധകരുടെയും മുഖത്ത് പുഞ്ചിരി വിരിയുന്നതാണ് ഞങ്ങൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനം.ഇനിയുള്ള മത്സരങ്ങളിലും ഈ സ്നേഹവും പിന്തുണയും പ്രതീക്ഷിക്കുന്നു.
- അജിങ്ക്യ രഹാനെ ഇന്നലെ ട്വിറ്ററിൽ കുറിച്ചത്.