
ഗാസിയാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെ ഷഹീൻബാഗിൽ സമരം ചെയ്തവർക്കെതിരെ വെടിയുതിർത്ത കപിൽ ഗുജ്ജർ ബി.ജെ.പിയിൽ ചേർന്ന് മണിക്കൂറുകൾക്കകം ദേശീയ നേതൃത്വം പുറത്താക്കി.
ഇന്നലെ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വച്ചാണ് കപിൽ ഗുജ്ജർ ബി.ജെ.പി അംഗത്വമെടുത്തത്. ബിജെപിയുടെ ഹിന്ദുത്വ അജണ്ടയാണ് തന്നെ ആകർഷിച്ചതെന്ന് കപിൽ വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയിൽ ഷഹീൻബാഗിലെ പ്രതിഷേധക്കാർക്ക് നേരെ വെടിവച്ചയാൾ ബി.ജെ.പിയിൽ ചേർന്നത് ദേശീയ തലത്തിൽ ചർച്ചയായി. സംഗതി വിവാദമായതോടെ ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വം ഇടപെട്ടു. ഗാസിയാബാദ് ജില്ലാ നേതൃത്വത്തോട് സംസ്ഥാന നേതൃത്വം വിശദീകരണം ചോദിച്ചു. കപിൽ ഗുജ്ജറിന്റെ പശ്ചാത്തലം അറിയില്ലായിരുന്നുവെന്നും ഇയാളെ പാർട്ടിയിൽ എടുത്തത് തെറ്റായി പോയി എന്നും ജില്ലാ നേതൃത്വം മറുപടി നല്‍കി. തൊട്ടുപിന്നാലെയാണ് കപിൽ ഗുജ്ജറിനെ പുറത്താക്കിയെന്ന് ബി.ജെ.പി അറിയിച്ചത്.
പൊലീസ് നോക്കി നിൽക്കെ, ഇന്ത്യാ രാജ്യത്ത് ഹിന്ദുക്കൾ മതി, മറ്റുള്ളവർ വേണ്ട എന്നാക്രോശിച്ചാണ് ഗുജ്ജർ അന്ന് സമരക്കാർക്കെതിരെ വെടിവച്ചത്.