
മനാമ: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവും ബഹ്റൈൻ-ബ്രിട്ടൻ പാർലമെന്റ് ഫ്രൻഡ്ഷിപ് കമ്മിറ്റി അംഗവുമായ റഹ്മാൻ ചിഷ്തി വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട രീതിയിലാണെന്ന് ഇരുവരും വിലയിരുത്തി.
വിവിധ മേഖലകളിൽ സഹകരണം വ്യാപിക്കാനുള്ള ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു. ബ്രിട്ടനുമായി കാലങ്ങളായി നിലനിൽക്കുന്ന സൗഹൃദം കൂടുതൽ ശക്തമാകുന്നതിൽ ഇരുവരും സംതൃപ്തി പ്രകടിപ്പിച്ചു.
വ്യത്യസ്ത മത സമൂഹങ്ങളുമായുള്ള സഹവർത്തിത്വവും അതുവഴി ലഭിക്കുന്ന സമാധാനവും ബഹ്റൈെന്റെ പ്രത്യേകതയാണെന്ന് റഹ്മാൻ ചിഷ്തി ചൂണ്ടിക്കാട്ടി. മുഹമ്മദ് ബിൻ മുബാറക് അൽ ഖലീഫ ഡിപ്ലാമാറ്റിക് അക്കാഡമി സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
കൂടിക്കാഴ്ചയിൽ ബ്രിട്ടനിലെ ബഹ്റൈൻ അംബാസഡർ ശൈഖ് ഫവാസ് ബിൻ മുഹമ്മദ് അൽ ഖലീഫ, വിദേശകാര്യ സഹമന്ത്രി അബ്ദുല്ല ബിൻ ഫൈസൽ ബിൻ ജബ്ർ അദ്ദൂസരി എന്നിവർ പങ്കെടുത്തു.