
ന്യൂഡൽഹി: കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കർഷക സംഘടനാ നേതാക്കളും കേന്ദ്രസർക്കാരും തമ്മിൽ നടത്തിയ ചർച്ച പരാജയം. രണ്ട് കാര്യങ്ങളിൽ കൂടി അഭിപ്രായസമന്വയം ആവശ്യമുണ്ടെന്നും, തിങ്കളാഴ്‌ച വീണ്ടും ചർച്ച നടത്തുമെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ അറിയിച്ചു. കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവാദ കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരം കൂടുതൽ ശക്തമാകമെ, ആറാം തവണയാണ് കർഷക നേതാക്കളുമായി സർക്കാർ ചർച്ച നടത്തിയത്. എന്നാൽ ഇത്തവണ വളരെ പ്രസന്നമായ അന്തരീക്ഷത്തിലാണ് ചർച്ച നടന്നതെന്നും, ഏറെ പ്രതീക്ഷയോടെയാണ് ജനുവരി നാലിലെ ചർച്ചയെ കാണുന്നതെന്നും തോമർ വ്യക്തമാക്കി.
റെയിൽ മന്ത്രി പീയുഷ് ഗോയൽ, സഹമന്ത്രിമാരായ കൈലാഷ് ചൗധരി, സോം പ്രകാശ് എന്നിവരും കേന്ദ്രത്തെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തു. കർഷകരുടെ ഭാഗത്തു നിന്ന് നാൽപതോളം സംഘടനാ നേതാക്കളാണ് പങ്കെടുത്തത്.
അതേസമയം, സമരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന ബഹുജന പിന്തുണ കർഷകർക്ക് കരുത്ത് പകരുകയാണ്. സമരം ചെയ്യുന്ന കർഷകർക്കായി ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിൽ നിന്നുമായി വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിക്രിയിൽ കർഷകർക്കായി മിനി സൂപ്പർ മാർക്കറ്റ് തുറന്നു.
പ്രക്ഷോഭം മുപ്പത്തിയഞ്ചാം ദിവസത്തിൽ എത്തി നിൽക്കുമ്പോഴും വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന നിലപാടിൽ സംയുക്ത സമരസമിതി ഉറച്ചുനിൽക്കുകയാണ്. എന്നാൽ, നിയമങ്ങൾ പൂർണമായി പിൻവലിക്കാനാവില്ലെന്നും ഭേദഗതികളിന്മേൽ ചർച്ചയാകാമെന്നുമുളള നിലപാട് കേന്ദ്രവും തുടരുകയാണ്. കർഷകരെ ഒത്തുതീർപ്പിന്റെ പാതയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കുറേക്കൂടി ദേദഗതികൾ കേന്ദ്രം മുന്നോട്ടുവച്ചേക്കുമെന്നും സൂചനയുണ്ട്.
അതേസമയം, കർഷകർക്കെതിരെ നക്‌സൽ പരാമർശം കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് തളളി. സമരം ചെയ്യുന്ന കർഷകർ നക്‌സലുകളെന്ന് ആരും ആരോപിച്ചിട്ടില്ല. കർഷകർ ഖാലിസ്ഥാൻ വാദികളെന്ന അഭിപ്രായവുമില്ല. കർഷകരോട് സർക്കാരിന് ബഹുമാനം മാത്രമാണെന്നും കർഷകർ രാജ്യത്തിന്റെ അന്നദാതാക്കളാണെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.