
സ്വന്തം കുറവുകൾപോലും പറയാനുള്ള മനസ്സും ഐശ്വര്യാറായിയോട് നന്ദി പറയാനുള്ള വിനയവും..... രജനികാന്തിനെ
രജനികാന്താക്കുന്നത് അതൊക്കെയാണ്
സിനിമാരംഗത്ത് പ്രത്യേകിച്ച് അഭിനയ രംഗത്ത് ചെറുതും വലുതുമായ നിന്നവരുടെയും നിൽക്കുന്നവരുമായ എല്ലാവരുടെയും ആഗ്രഹം സൂപ്പർസ്റ്റാറാവുകയെന്നതാണ്. അവരുടെയൊക്കെ പ്രാർത്ഥനകളിലും ആ ആഗ്രഹം പ്രതിക്കലിക്കുന്നുണ്ടാവുമെന്നുറപ്പാണ്.
സൂപ്പർസ്റ്റാറാകാണമെന്നതാണോ ആഗ്രഹമെന്ന് ചോദിച്ചാൽ അക്കൂട്ടത്തിൽ ഏറിയപങ്കും പക്ഷേ, 'ഏയ് അങ്ങനെയൊന്നുമില്ല"എന്ന മറുപടിയായിരിക്കും പറയുക. ഇങ്ങനെയൊക്കെയങ്ങ് പോയാൽ മതിയെന്ന് മിക്കവരും പറയുമെങ്കിലും അത് കള്ളമാണ്. ഏറ്റവും വലിയ മോഹമുള്ളിലുണ്ടെങ്കിൽ മാത്രമെ എന്തെങ്കിലുമൊക്കെ ആകാൻ പറ്റൂ. അതൊരു വലിയ സത്യമാണ്.
ഒരുപാട് സൂപ്പർ സ്റ്റാറുകളെ ഞാൻ കണ്ടിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും വലിയ സൂപ്പർസ്റ്റാർ ആരാണെന്ന് ചോദിച്ചാൽ രജനികാന്ത് എന്നാണ് എന്റെ ഉത്തരം.
രജനികാന്താണ് ഏറ്റവും വലിയ സൂപ്പർ സ്റ്റാറെന്ന് പറയാനുള്ള കാരണങ്ങളിലൊന്ന് അദ്ദേഹത്തിന്റെ മോശം സിനിമപോലും നൂറ് ദിവസമോടുമെന്നതാണ്.
സിനിമയുടെ കഥയും മറ്റ് കാര്യങ്ങളുമൊക്കെ പിന്നീടാണ്. സ്റ്റാറിനെ കാണാൻ വേണ്ടിയാണ് പോകുന്നത്. സ്റ്റാറിൽ നിന്ന് പ്രതീക്ഷിക്കുന്നത് കിട്ടിയാൽ പ്രേക്ഷകർ ഹാപ്പി. കൂട്ടത്തിൽ കഥയും മറ്റ് കാര്യങ്ങളും ഗംഭീരമായാൽ അങ്ങേയറ്റം ഹാപ്പി.
അമിതാഭ് ബച്ചനും ഐശ്വര്യ റായിയുമൊക്കെയുള്ള ഒരു സദസ്സിൽ രജനികാന്ത് നടത്തിയ ഒരു പ്രസംഗം അടുത്തിടെ ഞാൻ കണ്ടു.
ബംഗളൂരുവിൽ തന്റെ ചേട്ടന്റെ വീട്ടിൽ പോയപ്പോൾ തൊട്ടയൽപക്കത്തുള്ള ഒരു ഹിന്ദിക്കാരനിൽ നിന്ന് തനിക്ക് നേരിടേണ്ടിവന്ന ഒരനുഭവമാണ് രജനി തന്റെ പ്രസംഗത്തിൽ പറഞ്ഞത്.
സിനിമയിൽ കാണുന്നയാളേയല്ല രജനികാന്ത്. യഥാർത്ഥത്തിൽ സിനിമയിലെ സ്റ്റൈൽ മന്നൻ ജീവിതത്തിൽ സാധാരണക്കാരിൽ സാധാരണക്കാരനാണ്. കഷണ്ടിത്തലയും നരച്ച താടിയും സാധാരണ വേഷവുമണിഞ്ഞ് മേക്കപ്പില്ലാതെയേ സിനിമയ്ക്ക് പുറത്ത് അദ്ദേഹത്തെ കാണാൻ സാധിക്കൂ.
സൂപ്പർസ്റ്റാറുകളുടെ ഇടയിൽ നിന്ന് രജനികാന്തിനെ വേറിട്ട് നിറുത്തുന്നതും ആ ലാളിത്യമാണ്. വീട്ടിൽ നിൽക്കുമ്പോൾ പോലും വില കൂടിയ വസ്ത്രങ്ങളും മേക്കപ്പുമണിഞ്ഞ് നിൽക്കുന്നവരാണ് പല സൂപ്പർസ്റ്റാറുകളും.
ബംഗ്ളൂരുവിൽ രജനികാന്തിനെ കണ്ട ഉത്തരേന്ത്യക്കാരൻ ഒരല്പം പ്രായം ചെന്നയാളാണ്.
''എന്ത് ചെയ്യുന്നു?""അയാൾ രജനികാന്തിനോട് ചോദിച്ചു.''ഞാൻ സിനിമയിലഭിനയിക്കുന്നു'' രജനികാന്ത് മറുപടി പറഞ്ഞു.''സിനിമയിൽ എന്ത് റോളാണ് ചെയ്യുന്നത്?""
''ഞാൻ ഹീറോയാണ് .'' ഹീറോയോ! നിങ്ങളോ""
ഉത്തരേന്ത്യക്കാരന്റെ ചോദ്യങ്ങൾക്കെല്ലാം തന്റെ കഷണ്ടി തടവിക്കൊണ്ടാണ് രജനികാന്ത് മറുപടി പറയുന്നത്.
''എന്റെ പുതിയ സിനിമയിലെ നായിക ആരാണെന്നറിയാമോ?'' രജനികാന്ത് അയാളോട് ചോദിച്ചു.
''ആരാണ്? "" ''ഐശ്വര്യാറായ് ""
ഉടൻ വീണ്ടും അയാളുടെ ചോദ്യം.''ഹീറോ ആരാ?""
''ഞാൻ""
''ഐശ്വര്യാറായിയുടെ ഹീറോയോ""
അയാളുടെ ഒപ്പമുണ്ടായിരുന്ന മക്കൾ രജനികാന്തിനെപ്പറ്റി അയാളോട് വിശദീകരിച്ചു.
''പപ്പാ ഇദ്ദേഹം വലിയ ഹീറോയാ...""
മക്കൾ പറഞ്ഞത് കേട്ട് അയാൾ ഞെട്ടിപ്പോയി. തിരിച്ച് പോകുംവഴി മക്കൾ അയാളെ വഴക്ക് പറഞ്ഞു: അങ്ങനെയൊക്കെ പറയാൻ പാടുണ്ടോ?""
അയാൾ അതിന് പറഞ്ഞ മറുപടി കേട്ടപ്പോൾ രജനികാന്തിന് ചിരി വന്നു. ''ഈ ഐശ്വര്യാറായിക്ക് ഇതെന്തുപറ്റി?""
രജനിയുടെ പ്രസംഗം കേട്ട് ആ വേദിയിൽ ഏറ്റവുമധികം പൊട്ടിച്ചിരിച്ചത് ഐശ്വര്യാറായി ആയിരുന്നു.
''എന്റെ നായികയായതിന് നന്ദി.... ഐശ്വര്യ"" രജനി പ്രസംഗത്തിനൊടുവിൽ പറഞ്ഞു.
സ്വന്തം കുറവുകൾപോലും പറയാനുള്ള മനസ്സും ഐശ്വര്യാറായിയോട് നന്ദിപറയാനുള്ള വിനയവും..... രജനികാന്തിനെ രജനികാന്താക്കുന്നത് അതൊക്കെയാണ്.
സൂപ്പർസ്റ്റാറുകളാകാനുള്ള പലരുടെയും മോഹം പലപ്പോഴും എനിക്ക് നേരിട്ടനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്.
വർഷങ്ങൾക്ക് മുൻപാണ്. ഞാനന്ന് ചെന്നൈയിലായിരുന്നു താമസിച്ചിരുന്നത്. ഒരു ദിവസം ഒരു പ്രൊഡക്ഷൻ കൺട്രോളർ എന്നെ കാണാൻ വന്നു.''ചേട്ടാ ഒരു സിനിമ. പക്ഷേ, കുറച്ചധികം ദിവസത്തെ ഡേറ്റ് വേണം.""
''ആരുടെ സിനിമയാ?""ഞാൻ ചോദിച്ചു.
''ജോഷിയേട്ടന്റെ സിനിമയാ"" എന്ന മറുപടി കേട്ടപ്പോൾ എനിക്ക് സന്തോഷമായി.
''രണ്ട് കാലഘട്ടങ്ങളാണ്. ഒന്ന് വേനൽക്കാലത്തും. പിന്നെ മഞ്ഞുകാലത്തും. കാശ്മീരിലാണ് ഷൂട്ടിംഗ് "" എന്റെ സന്തോഷം വീണ്ടും ഇരട്ടിച്ചു. അതുവരെ ഹിന്ദി സിനിമകളിൽ മാത്രമെ ഞാൻ കാശ്മീർ കണ്ടിട്ടുള്ളൂ. ദുബായിലോ അമേരിക്കയിലോ പോകുന്നതിനേക്കാൾ കാശ്മീരിൽ പോകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.
അന്ന് കാശ്മീർ ഇന്നത്തെപോലെയുള്ള ഒരു പ്രശ്നങ്ങളൊന്നുമില്ലാത്ത സ്ഥലമാണ്. മഞ്ഞും മനോഹാരിതയും മാത്രം കൈമുതലായുള്ള ഭൂമിയിലെ സ്വർഗം.
നായർ സാബ് എന്ന ആ സിനിമയിൽ മമ്മൂക്ക ഓഫീസറും ഒപ്പം ഒൻപത് കമാൻഡോകളുമുണ്ട്. ഞാൻ, സുരേഷ് ഗോപി, സിദ്ദിഖ്, വിജയരാഘവൻ, കുഞ്ചൻ, ഗണേഷ്, മോഹൻജോസ്, മണിയൻപിള്ള രാജു, അജിത്ത് എന്ന പുതുമുഖം എന്നിവരാണ് കമാൻഡോകളുടെ വേഷത്തിൽ.
വേനൽക്കാലത്തായിരുന്നു നായർസാബിന്റെ ആദ്യഘട്ട ഷൂട്ടിംഗ്. പിന്നീട് തിരിച്ചുവന്ന് കഴിഞ്ഞ് മഞ്ഞുകാലത്തിൽ രണ്ടാംഘട്ട ഷൂട്ടിംഗിന് വീണ്ടും പോണം.
ഇപ്പോഴും മനസ്സിൽ പച്ചപിടിച്ച് നിൽക്കുന്ന മനോഹരമായ ഓരോർമ്മയാണ് നായർ സാബിന്റെ ഷൂട്ടിംഗ്. സോനാമാർഗ്, ഗുൽമാർഗ്, ശ്രീനഗർ, ജമ്മു അങ്ങനെ കാശ്മീരിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും നായർ സാബിന്റെ ഷൂട്ടിംഗുണ്ടായിരുന്നു.
എല്ലാവരും ഒരുമിച്ച് അതിരാവിലെ ഷൂട്ടിംഗിന് പോകും. ഒരു ദിവസം മഞ്ഞുപുതച്ച് കിടക്കുന്ന ഒരു മലയുടെ സമീപത്തായിരുന്നു ഷൂട്ടിംഗ്. ഉച്ചകഴിഞ്ഞ് മലയുടെ മറുവശത്താണ് ഷൂട്ടിംഗ്. രാവിലത്തെ ലൊക്കേഷനിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരമുണ്ട്. ഇവിടെയാണെങ്കിൽ നമ്മൾ കാറിലേ പോകൂ. പക്ഷേ, കാശ്മീരായതുകൊണ്ട്
''അവിടെ റെഡിയാകുമ്പോഴേക്ക് ഞങ്ങൾ നടന്നു വന്നേക്ക""മെന്ന് ഞങ്ങൾ ജോഷിയേട്ടനോട് പറഞ്ഞു.
മലയുടെ ഒരു വശത്ത് കൂടി ഡാൽ തടാകത്തിന്റെ കൈവഴികളൊഴുകുന്നു. ആ പ്രകൃതി ഭംഗി ആസ്വദിച്ച് കുളിർ കാറ്റേറ്റ് ഞങ്ങൾ നടക്കാൻ തുടങ്ങി.
ഞാനും കുഞ്ചേട്ടനുമാണ് ഏറ്റവും മുന്നിൽ നടക്കുന്നത്. മറ്റുള്ളവരൊക്കെ പല പല ഗ്രൂപ്പുകളായി തിരിഞ്ഞ് പിന്നാലെയുണ്ട്. ഒരു വളവ് തിരിഞ്ഞ് ഞാനും കുഞ്ചേട്ടനും നോക്കുമ്പോൾ അവർ ഒരുപാട് പിന്നിലാണ്.
''അവരും കൂടി വരട്ടെ. കുറച്ചുനേരം ഇവിടെ നിൽക്കാം."" ഞാൻ കുഞ്ചേട്ടനോട് പറഞ്ഞു.
ഞാൻ ഒരു കല്ലെടുത്ത് തടാകത്തിന്റെ മറുകരയിലേക്കെറിഞ്ഞു. കാറ്റിൽ ഞാനെറിഞ്ഞ കല്ല് അക്കരെയെത്തിയില്ല. ഒന്നുരണ്ട് പ്രാവശ്യം കല്ലെടുത്തെറിഞ്ഞപ്പോഴേക്കും ഒരിക്കലും അക്കരയ്ക്ക് കല്ലെറിയാൻ കഴിയില്ലെന്ന് എനിക്ക് ബോധ്യമായി. അപ്പോഴേക്കും മറ്റുള്ളവർ എന്റെ അടുത്തെത്തി. ''എന്താണ് ഇവിടെ നിന്ന് കല്ലെറിയുന്നത്?""
''ഒരു സൂഫി സന്യാസി കുറച്ച് മുൻപ് ഇതുവഴി പോയി. ഞാൻ പുള്ളിയോട് കുറച്ചുനേരം സംസാരിച്ചു. ഞാൻ സിനിമാനടനാണ്. കേരളത്തിൽ നിന്നാണ് വന്നത് എന്നൊക്കെ പറഞ്ഞപ്പോൾ അദ്ദേഹം ഇൗ സ്ഥലത്തിന് ഒരു ഐതിഹ്യമുണ്ടെന്ന് പറഞ്ഞു. ഇവിടെ നിന്ന് ഒരു കല്ലെടുത്ത് തടാകത്തിന്റെ അക്കരെയെറിഞ്ഞാൽ സൂപ്പർസ്റ്റാറാകാം. സൂഫി സന്യാസി പറഞ്ഞത് എനിക്കത്ര വിശ്വാസം വന്നില്ലെങ്കിലും ഞാൻ പ്രാർത്ഥിച്ചിട്ട് ഒരു കല്ലെടുത്തെറിഞ്ഞു. ഭാഗ്യം പോലെ ആദ്യത്തെ പ്രാവശ്യം അക്കരെ പോയി വീണു. പിന്നെ എറിഞ്ഞതൊന്നും അക്കരെപോയി വീഴുന്നില്ല.""
ഒരു വെടിമരുന്നിട്ട് കൊടുത്തിട്ട് '' വാ സമയമായി""യെന്ന് പറഞ്ഞ് ഞാനും കുഞ്ചേട്ടനും മുന്നോട്ട് നടന്നു. മറ്റുള്ളവരാരും വരുന്നില്ല. എല്ലാവരും തടാകക്കരയിൽ ചുറ്റിത്തിരിഞ്ഞ് നിൽക്കുകയാണ്.
സൂപ്പർ സ്റ്റാറാകാനുള്ള ഭാഗ്യം ഒന്ന് പരീക്ഷിച്ചാലോയെന്ന് എല്ലാവരുടെയും മനസ്സിലുണ്ട്. കല്ലെറിഞ്ഞ് അക്കരെ വീണില്ലെങ്കിൽ മറ്റുള്ളവർ കണ്ടാൽ നാണക്കേടല്ലേയെന്ന ചിന്തയുമുണ്ട്.
''ഞാനെന്തായാലും ശ്രമിക്കാൻ പോകുകയാ""ണെന്ന് പറഞ്ഞ് ഒരാൾ കല്ലെടുത്ത് തടാകത്തിന്റെ അക്കരെ ലക്ഷ്യമാക്കി എറിഞ്ഞു. ആ കല്ല് കാറ്റത്ത് എറിഞ്ഞയാളിന്റെ അടുത്തുതന്നെ വന്നുവീണു.
''നീ സൂപ്പർ സ്റ്റാറാകുന്ന ലക്ഷണമില്ലെടേയ്..."" ഞാനയാളെ കളിയാക്കി.
ഞങ്ങളുടെ സംഘത്തിലെ മറ്റുള്ളവരൊക്കെ മത്സരിച്ച് കല്ലെടുത്ത് അക്കരെ നോക്കി എറിയാൻ തുടങ്ങി. ഷോട്ട് റെഡിയായിട്ടും ഞങ്ങളെ ആരെയും കാണാഞ്ഞിട്ട് ജോഷിയേട്ടൻ ഒരു ജീപ്പെടുത്തു വന്നു. എല്ലാവരും നിരന്നുനിന്ന് തടാകത്തിന്റെ അക്കരെ നോക്കി കല്ലെറിയുന്ന കാഴ്ച കണ്ട് ജോഷിയേട്ടൻ അന്തംവിട്ടു.
''എന്തെടാ ഇവിടെ?'' ജോഷിയേട്ടൻ എന്നോട് ചോദിച്ചു.
''നേരത്തെ ഒരു സൂഫി സന്യാസി ഇതുവഴി പോയി. കല്ലെടുത്ത് അക്കരെ എറിഞ്ഞാൽ എറിയുന്നയാൾ സൂപ്പർ സ്റ്റാറാകുമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ എല്ലാവരും ഒന്ന് ശ്രമിക്കുകയാ....'' ഞാൻ ജോഷിയേട്ടനോട് പറഞ്ഞു.
എന്നെയൊന്ന് തറപ്പിച്ച് നോക്കിയിട്ട് ജോഷിയേട്ടൻ ചോദിച്ചു: ''ആരാണ് സൂഫി സന്യാസിയെ കണ്ടത്?''
''ഞാൻ തന്നെയാ കണ്ടത്.''
''എന്നിട്ട്?"
" സൂഫി സന്യാസി അങ്ങോട്ട് പോയി.''
''എങ്ങോട്ട് പോയി?''
എന്റെ മുഖം കണ്ടപ്പോഴേ ജോഷിയേട്ടന് സംഗതി മനസ്സിലായി. ''എടേയ്.... നീ ഇങ്ങനെ ഓരോരോ കുരുത്തക്കേട് ഒപ്പിച്ചാലെങ്ങനെയാ? നാല് മണിക്ക് ലൈറ്റ് പോകും. സീനെടുത്ത് തീർക്കണ്ടേ. തീർന്നില്ലെങ്കിൽ നാളെ അതിന് വേണ്ടി വീണ്ടും ഇവിടെ വരണ്ടേ?"" ജോഷിയേട്ടൻ എന്നോട് ചോദിച്ചു. ഞാൻ ഒന്നും മിണ്ടാതെ നിന്നു.ജോഷിയേട്ടൻ വന്നതുപോലുമറിയാതെ അപ്പോഴും തടാകത്തിന്റെ അക്കരെ ലക്ഷ്യമാക്കി കല്ലെറിഞ്ഞ് ഭാഗ്യം പരീക്ഷിച്ച് നിൽക്കുകയാണ് മറ്റുള്ളവർ.
''ടേയ്... കളഞ്ഞിട്ട് വരീനെടാ... സൂപ്പർ സ്റ്റാറാകാൻ നടക്കുന്നു."" ജോഷിയേട്ടന്റെ ശബ്ദമുയർന്നപ്പോൾ എല്ലാവരും കല്ലേറ് നിറുത്തി.മലയുടെ മറുവശത്തെ അടുത്ത ലോക്കേഷനിലേക്ക് പോകുമ്പോഴും എല്ലാവരുടെയും മുഖത്ത് ''കുറച്ച് സമയം കൂടി കിട്ടിയിരുന്നെങ്കിൽ രണ്ടിലൊന്നറിയാമായിരുന്നു""വെന്ന ഭാവമായിരുന്നു.
''നീ എങ്ങനെ എറിഞ്ഞു?"" കൂട്ടത്തിലൊരാൾ എന്നോട് ചോദിച്ചു.''എനിക്കറിയില്ല, ഞാനാ സൂഫി സന്യാസി നിന്നപ്പോഴാ എറിഞ്ഞത്. എന്തോ ശക്തി കൊണ്ടായിരിക്കും ഞാനെറിഞ്ഞ കല്ല് അക്കരെ പോയി വീണത്."" കുഞ്ചേട്ടനും എന്നെ പിന്താങ്ങി. ''ഞാനും ആ സന്യാസി നിന്നപ്പോഴാ എറിഞ്ഞത്. ഞാനെറിഞ്ഞ ഒരു കല്ല് അക്കരെ പോയി വീണു.""
''അങ്ങനെ ഒരു സൂഫി സന്യാസി ഇല്ലെന്നും ഞാൻ പറഞ്ഞതൊക്കെ കള്ളമാണെന്നറിയാമായിരുന്നിട്ടും ഷൂട്ടിംഗ് ഇല്ലാത്തപ്പോൾ അവിടെപോയി കല്ലെറിയണമെന്ന് പലരും മനസ്സിൽ ഉറപ്പിച്ചിരുന്നു. അത് അന്ധവിശ്വാസമല്ല. ആരോഗ്യകരമായ ആരെയും ഉപദ്രവിക്കാത്ത ഒരു മത്സര മനോഭാവത്തിന്റെ ലക്ഷണമാണ്.""