income-tax

കൊച്ചി: ആദായനികുതി റിട്ടേൺ സമർ‌പ്പിക്കുന്നവർക്ക് ആശ്വാസം പകർന്ന്, അന്തിമതീയതി വീണ്ടും കേന്ദ്രസർക്കാർ നീട്ടി. അക്കൗണ്ട് ഓഡിറ്റിംഗ് വേണ്ടാത്ത വ്യക്തികൾ 2019-20ലെ റിട്ടേൺ ജനുവരി 10നകം സമർപ്പിച്ചാൽ മതി. ഐ.ടി.ആർ-1 അല്ലെങ്കിൽ ഐ.ടി.ആർ-4 ഫോം ഉപയോഗിച്ച് റിട്ടേൺ സമർപ്പിക്കുന്നവരാണ് ഈ വിഭാഗത്തിൽപ്പെടുന്നത്. ഇന്നാണ് സമയം അവസാനിക്കേണ്ടിയിരുന്നത്.

കൊവിഡ് പശ്ചാത്തലത്തിൽ വിവരശേഖരണത്തിനും തെറ്റുകൂടാതെ റിട്ടേൺ ഫയൽ ചെയ്യാനും സാവകാശം വേണമെന്ന നികുതിദായകരുടെയും ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെയും ആവശ്യം പരിഗണിച്ചാണ് തീയതി നീട്ടിയത്. മൂന്നാംവട്ടമാണ് അന്തിമതീയതി സർക്കാർ നീട്ടുന്നത്. നേരത്തേ ജൂലായ് 31ൽ നിന്ന് നവംബ‌ർ 30ലേക്കും പിന്നീട് ഡിസംബർ 31ലേക്കും നീട്ടിയിരുന്നു.

ഓഡിറ്റിംഗ് ആവശ്യമായ വ്യക്തികൾക്ക് ഫെബ്രുവരി 15 വരെ സമയം നീട്ടിയിട്ടുണ്ട്. ടാക്‌സ് ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ ജനുവരി 15 വരെ സാവകാശം ലഭിക്കും. വിവാദ് സെ വിശ്വാസ് സ്‌കീം പ്രകാരമുള്ള ഡിക്ളറേഷൻ നൽകാനുള്ള സമയം ജനുവരി 31ലേക്കും നീട്ടി.