
കുവൈത്ത് സിറ്റി: കുവൈത്തിൽ കോൊവിഡ് പ്രതിരോധ കുത്തിവെയ്പ്പെടുക്കാൻ ഓൺലൈനിൽ രജിസ്റ്റർ ചെയ്തവർ ഒന്നര ലക്ഷത്തോടടുക്കുന്നു. നാലായിരത്തിലേറെ പേർ ഇതിനകം കുത്തിവെയ്പ്പെടുത്തു. ആർക്കും പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വാക്സിൻ നൽകി 15 മിനിട്ടിന് ശേഷമാണ് ആളുകളെ മടക്കിയയക്കുന്നത്. പാർശ്വഫലങ്ങൾ വല്ലതും ഉണ്ടോ എന്ന് പരിശോധിക്കാനാണിത്. രാവിലെ ഒമ്പത് മുതൽ രാത്രി ഏഴുവരെയാണ് മിഷ്റിഫ് ഇന്റർനാഷനൽ ഫെയർ ഗ്രൗണ്ടിലെ ഹാൾ അഞ്ചിൽ സ്ഥാപിച്ച കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പ് കേന്ദ്രം പ്രവർത്തിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ലിങ്ക് വഴി രജിസ്റ്റർ ചെയ്യുന്നവരിൽനിന്ന് മുൻഗണനാടിസ്ഥാനത്തിൽ അപ്പോയിന്റ്മെന്റ് നൽകിയാണ് കുത്തിവെയ്പ്പിന് ആളുകളെ പരിഗണിക്കുന്നത്. ആദ്യ ഡോസ് എടുത്തശേഷം രണ്ടാമത്തേതും എടുക്കുന്നതിനു മുമ്പ് വിദേശയാത്ര നടത്തരുതെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആദ്യ ബാച്ച് ആയി 1,50,000 ഡോസ് ഫൈസർ, ബയോടെക് വാക്സിൻ എത്തിച്ചിരുന്നു.
ഇത് 75,000 പേർക്ക് തികയും. ആരോഗ്യ പ്രവർത്തകർക്കും പ്രായമായവർക്കുമാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്.