
ലോകമൊട്ടാകെ ചലച്ചിത്രവിപണി തകർന്നടിഞ്ഞ വർഷമാണ് വിടപറഞ്ഞത്.കൊവിഡിനു മുന്നിൽ പിടിച്ചു നിൽക്കാൻ മാനവസമൂഹം നന്നേ പാടുപെട്ടു.വാക്സിനുവേണ്ടിയുള്ള കാത്തിരിപ്പിന് ചില വിദേശരാജ്യങ്ങളിൽ വിരാമമായിട്ടുണ്ട്.ഇന്ത്യയിലും ഉടൻ വാക്സിൻ വിതരണം ആരംഭിക്കാൻ കഴിഞ്ഞേക്കും.രോഗത്തിൽ നിന്ന് ലോകം പൂർണമുക്തി നേടിയില്ലെങ്കിലും പുതുവർഷത്തെ പ്രത്യാശയോടെയാണ് എല്ലാവരും നോക്കികാണുന്നത്. തിയേറ്ററുകളിൽ പോയി സിനിമ കാണുകയെന്നത് കൂട്ടായ്മയുടെയും സൗഹൃദങ്ങളുടെയും ആനന്ദമാണ്. മലയാള സിനിമ ഷൂട്ടിംഗുകൾ വീണ്ടും ആരംഭിച്ചു.തിയറ്ററുകളും അധികം വൈകാതെ തുറക്കാൻ കഴിയുമെന്ന് നമ്മൾക്ക് പ്രത്യാശിക്കാം. പ്രതിഭാധനനായ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെയും നടൻ അനിൽ നെടുമങ്ങാടിന്റെയും ,യുവ സംവിധായകൻ നരണിപ്പുഴ ഷാനവാസിന്റെയും മലയാളികൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന കിം കി ഡുക്കിന്റെയും മരണം 2020 ലെ വലിയ നഷ്ടങ്ങളായിരുന്നു.ഈ ലക്കം മാഗസിൻ യുവതലമുറയിലേക്ക് ഫോക്കസ് നൽകുന്നതാണ്. കൊവിഡ് പ്രതിസന്ധിയിലും ഒരു ലക്കം പോലും മുടങ്ങാതെ മൂവീസ് മുന്നോട്ടുകൊണ്ടുപോകാൻ സഹായകമായത് മാന്യ വായനക്കാരും പരസ്യദാതാക്കളും ഏജന്റുമാരും ചലച്ചിത്രലോകവും ഞങ്ങളോട് ആത്മാർത്ഥമായി സഹകരിച്ചതുകൊണ്ടാണ്. നന്ദി പറയുന്നതോടൊപ്പം സമ്പന്നമായ പുതുവർഷം എല്ലാവർക്കും ആശംസിക്കുന്നു.ഹാപ്പി ന്യൂ ഈയർ 2021