pathanamthitta-

പത്തനംതിട്ട: പത്തനംതിട്ടയിൽ കൊവിഡ് ചട്ടങ്ങൾ ലംഘിച്ച് ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ ഡി.ജെ മ്യൂസിക് റാലി. പത്തനംതിട്ട നഗരസഭാ ഭരണം എൽ.ഡി.എഫ് പിടിച്ചെടുത്തതിന്റെ ഭാഗമായിട്ടായിരുന്നു നടുറോഡിലെ ആഘോഷം. ഇരുനൂറോളം പ്രവർത്തകരാണ് ഡി.ജെ മ്യൂസിക്കിനൊപ്പം പടക്കം പൊട്ടിച്ചും ആഘോഷത്തിൽ പങ്കെടുത്തത്. ഇതോടെ പത്തനംതിട്ട അടൂർ റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

രാത്രി ഏഴ് മണിക്ക് തുടങ്ങിയ പരിപാടി ഒന്നര മണിക്കൂറോളം നീണ്ടു. പത്ത് വർഷങ്ങൾക്ക് ശേഷമാണ് പത്തനംതിട്ട നഗരസഭ ഭരണം എൽ.ഡി.എഫ് പിടിച്ചെടുത്തത്.32 അംഗ നഗരസഭയിൽ യു.ഡി.എഫും എൽ.ഡി.എഫും 13 സീറ്റുകളിലും, എസ്.ഡി.പി.ഐയും സ്വതന്ത്രരും 3 സീറ്റുകളിൽ വീതവുമായിരുന്നു ജയിച്ചത്. ചെയർമാൻ തിരഞ്ഞെടുപ്പിൽ സ്വതന്ത്രർ എൽ,ഡി.എഫിന് ഒപ്പം നിന്നതോടെയാണ് നഗരസഭ ഭരണം കിട്ടിയത്.