mammootty-pinarayi

മമ്മൂട്ടിയും പിണറായി വിജയനും തമ്മിലുള്ള സൗഹൃദം അദ്ദേഹത്തിനെ അടുത്തറിയുന്നവർക്ക് സുപരിചിതമാണ്. 2016ൽ മുഖ്യമന്ത്രിയായി പിണറായി സത്യപ്രതിജ്ഞ ചെയ‌്തപ്പോഴും മമ്മൂട്ടിയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. പിണറായി വിജയനെ ആരെങ്കിലും വിമർശിക്കുന്നത് മമ്മൂട്ടിക്ക് ഒട്ടുംതന്നെ ഇഷ്‌ടമില്ല എന്നുപറയുകയാണ് സഹപ്രവർത്തകനും സംവിധായകനുമായ ജോയ് മാത്യു. അതിന്റെ പേരിൽ പലപ്പോഴും തങ്ങൾതമ്മിൽ പിണങ്ങിയിട്ടുണ്ടെന്നും ജോയ് മാത്യു പറയുന്നു.

ജോയ് മാത്യുവിന്റെ വാക്കുകൾ-

'ബേസിക്കലി അദ്ദേഹം നല്ലൊരു രാഷ്‌ട്രീയ നിരീക്ഷകനും രാഷ്‌ട്രീയ പാർട്ടിയുടെ ആളുമാണ്. ഞാനും അദ്ദേഹവും തമ്മിൽ അധികവും ഉടക്കാണ് ഉണ്ടായിട്ടുള്ളത്. ഞങ്ങൾ തമ്മിൽ സ്നേഹ സംഭാഷണം വളരെ കുറവാണ്. ഇദ്ദേഹത്തിന്റെ സെറ്റിൽ ഞാൻ പോയിക്കഴിഞ്ഞാൽ, കേറിവരുമ്പോൾ തന്നെ പറയും; നിങ്ങൾക്കൊന്ന് അടങ്ങിയിരുന്നൂടെ, നിങ്ങൾ വെറുതെ ആ സിഎമ്മിനെ അങ്ങനെ പറയേണ്ട കാര്യമുണ്ടോ എന്ന്. അത് എന്റെ ഇഷ്‌ടമല്ലേ? ഞാൻ ഒരു നികുതി ദായകനല്ലേ എന്ന് തിരിച്ചുചോദിച്ചാൽ, നിങ്ങൾ ഒരു നികുതി ദായകൻ, വെറേ ആരുമില്ലല്ലോ ഇവിടെ എന്നാകും അദ്ദേഹത്തിന്റെ മറുചോദ്യം. എന്നിട്ട് തെറ്റിപോയി പിണങ്ങിയിരിക്കും. പിണറായിക്ക് വളരെ വേണ്ടപ്പെട്ടയാളാണ് മമ്മൂട്ടി. മൂപ്പർക്ക് ഇഷ്‌ടമല്ല പിണറായി എന്തെങ്കിലും പറയുന്നത്'.