
ന്യൂഡൽഹി : കൊവിഡിനെതിരായ പോരാട്ടത്തിലാണ് ലോകം. കൊവിഡിനെതിരെ ഫലപ്രദമായി പ്രവർത്തിക്കുന്ന വാക്സിനുകൾ എത്തിയതോടെ മിക്ക രാജ്യങ്ങളും ഇവയുടെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകികഴിഞ്ഞു. ഇന്ത്യയിലും ഏതാനും ദിവസങ്ങൾക്കകം അനുമതി ലഭിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ യു.കെയിൽ റിപ്പോർട്ട് ചെയ്ത ജനിതക മാറ്റം വന്ന കൊവിഡ് വൈറസിന്റെ സാന്നിദ്ധ്യം ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും സ്ഥിരീകരിച്ചിരുന്നു. എന്നാൽ കൊവിഡ് വാക്സിനുകൾ പുതിയ ഇനം വൈറസിനെയും ഫലപ്രദമായി നേരിടുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായം.
അതേസമയം കൊവിഡിനെക്കാൾ ഭീകരമായ മഹാമാരികൾ ഇനിയും വന്നേക്കാമെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘടന നൽകുന്നത്. ലോകത്തെ കൂടുതൽ തകർച്ചയിലേക്കും നഷ്ടങ്ങളിലേക്കും നയിക്കുന്നതിന് ഇടയാക്കുന്ന മഹാമാരികൾ ഇനിയും വന്നേക്കാമെന്നും കൊവിഡ് 19 ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണെന്നുമാണ് ലോകാരോഗ്യ സംഘടന വക്താവ് മൈക്കൽ റയാൻ വ്യക്തമാക്കുന്നത്.
'കൊവിഡ് 19 മഹാമാരി ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും വരെ എത്തിക്കഴിഞ്ഞു. എന്നാൽ ഇതാണ് നാം കണ്ടതിൽ വച്ചേറ്റവും വലിയ മഹാമാരി എന്ന വിധിയെഴുത്തിലേക്ക് ആരും കടക്കേണ്ടതില്ല. ഇതിലും രൂക്ഷമായ മഹാമാരികൾ ഇനിയും വന്നേക്കാം. കൊവിഡ് ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണ്..' മൈക്കൽ റയാൻ പറയുന്നു.