
യെമൻ: യെമൻ പ്രധാനമന്ത്രി അടക്കമുള്ള മന്ത്രിസഭാ അംഗങ്ങൾ സഞ്ചരിച്ച വിമാനം ലാൻഡ് ചെയ്തതിന് തൊട്ടു പിന്നാലെ ഏദൻ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്ഫോടനം. 26 പേർ കൊല്ലപ്പെട്ടു. 50ഓളം പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ഇന്നലെ രാത്രിയാണ് സംഭവം. യെമനിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭാ അംഗങ്ങൾ സൗദിയിൽ നിന്നും ഏദൻ വിമാനത്താവളത്തിലെത്തിയപ്പോഴാണ് സ്ഫോടനമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന മന്ത്രിസഭാ അംഗങ്ങളെല്ലാവരും സുരക്ഷിതരാണെന്ന് പ്രധാനമന്ത്രി മായൂൻ അബ്ദുൽമാലിഖ് സയീദ് അറിയിച്ചു.
പ്രധാനമന്ത്രി, മന്ത്രിസഭാ അംഗങ്ങൾ എന്നിവർക്ക് പുറമെ യെമനിലെ സൗദി സ്ഥാനപതി മുഹമ്മദ് സഈദ് അൽ ജാബറും സഞ്ചരിച്ച വിമാനം ലാൻഡ് ചെയ്തതിന് തൊട്ടു പിന്നാലെയാണ് ആദ്യ സ്ഫോടനം നടന്നത്. വെടിശബ്ദം കേട്ടതായും പറയപ്പെടുന്നു.
ഇതോടെ ടെർമിനലിൽ നിന്നും തീയും പുക ഉയരുകയും പരിക്കേറ്റവർ അലറിക്കരയുകയും ചെയ്തു. ഇവരുടെ അടുത്തേക്ക് രക്ഷാപ്രവർത്തനത്തിനായി ആളുകൾ ഓടിയെത്തുന്നതിനിടയിൽ രണ്ടാമത്തെ സ്ഫോടനം നടന്നുവെന്നാണ് റിപ്പോർട്ട്. വിമാനത്താവളത്തിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന അവസ്ഥയിലാണെന്നാണ് വിവരം.
ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് സൗദി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസമാണ് സൗദിയുടെ പിന്തുണയോടെ 24 അംഗ മന്ത്രിസഭ ചുമതലയേറ്റത്. പുതിയ സർക്കാരിനെതിരെ ഹൂതി വിമതർ ശക്തമായ പ്രതിഷേധമുയർത്തിയിരുന്നു. എന്നാൽ ഹൂതികൾ ആരോപണം നിഷേധിച്ചു. സ്ഫോടനത്തിൽ അന്താരാഷ്ട്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
യെമനിലെ ബ്രിട്ടീഷ് അംബാസഡർ മൈക്കൽ ആരോണും സ്ഫോടനത്തെ അപലപിച്ചു.