vasantha-

തിരുവനന്തപുരം: നെയ്യാറ്റിൻകര പോങ്ങിൽ കോളനിയിൽ പൊലീസിന്റെ കുടിയൊഴിപ്പിക്കലിന് കാരണമായ പരാതിക്കാരി വസന്തയെക്കുറിച്ച് പരക്കെ ആക്ഷേപം. പണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനത്താൻ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയിൽ ആഡംബര വീട് പണിത് വിലസിയ വസന്ത കോൺഗ്രസിന്റെ സജീവ പ്രവർത്തകയാണെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.

പൊലീസ് സ്റ്റേഷനിലെത്തിയാൽ കസേരയിട്ട് സ്വീകരിക്കും. പ്രദേശത്ത് പട്രോളിംഗിനെത്തുന്ന പൊലീസ് ഇവരുടെ വീട്ടിൽ കയറിയിട്ടാണ് പോകാറുള്ളത്. കോളനിയിൽ പൊലീസ് എത്തണമെങ്കിൽ വസന്ത വിളിക്കണമെന്ന്, കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കൾ പറയുന്നു. ലക്ഷം വീട് കോളനിയിലെത്തുന്നവർ വസന്തയുടെ വീട് കണ്ടാൽ നഗരത്തിലെ ഉന്നതന്റെ വീടാണോയെന്ന് സംശയിക്കും.

വീട്ടിൽ ഒറ്റയ്ക്കാണ് താമസം. മക്കൾ വിദേശത്താണെന്നാണ് നാട്ടുകാരുടെ അറിവ്. കോളനിയിൽ വീടും സ്ഥലവുമില്ലാത്തവർക്ക് നാല് സെന്റ് വീതമാണ് നൽകുന്നത്. വസന്ത വർഷങ്ങൾക്ക് മുമ്പ് നാല് സെന്റിൽ താമസമാക്കി. അയൽവാസിക്കെതിരെ നിരന്തരം പരാതി നൽകുന്നതും വിരട്ടുന്നതും പതിവായിരുന്നു. ഒടുവിൽ, അയൽക്കാരൻ അയാളുടെ നാല് സെന്റ് വസന്തക്കു വിറ്റു. ഇതോടെ എട്ട് സെന്റ് ഒറ്റ കോമ്പൗണ്ടാക്കിയാണ് ആഡംബര വീടും ചുറ്റുമതിലും ഉൾപ്പെടെ പണിതത്.

തുടർന്ന് അതിനടുത്ത വീട്ടുകാരനു നേരേ തിരിഞ്ഞു. നിരന്തരം പരാതി നൽകിയതോടെ അയാളും സ്ഥലം ഉപേക്ഷിച്ച് മടങ്ങി. ഈ സ്ഥലം വസന്തയ്ക്ക് വിറ്റോയെന്ന കാര്യത്തിൽ നാട്ടുകാർക്ക് വ്യക്തയില്ല. കോളനിയിൽ അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന രാജനും കുടുംബവും ഈ സ്ഥലത്താണ് ഒന്നര വർഷം മുമ്പ് ഷെഡ് കെട്ടി താമസം തുടങ്ങിയത്. ആറുമാസം കഴിഞ്ഞതും രാജനെതിരെയും വസന്ത പരാതിയുമായി രംഗത്തിറങ്ങി. പൊലീസിൽ പരാതി നൽകി രാജനെ ഒഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടപ്പായില്ല. ഇതോടെയാണ് കോടതിയിൽ പോയത്. ഇവർക്കെതിരെ ആരു പരാതി നൽകിയാലും പൊലീസ് കേസെടുക്കാനോ അന്വേഷിക്കാനോ തയ്യാറാകില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.