
ന്യൂഡൽഹി: മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്ത്രീകളിൽ നിന്ന് പണം കൈക്കലാക്കിയ യുവാവ് അറസ്റ്റിൽ. ഇരുപത്തിയാറുകാരനായ സുമിത് ഷായെയാണ് ഡൽഹി പൊലീസ് പിടികൂടിയത്. ബാങ്ക് ഉദ്യോഗസ്ഥയുടെ പരാതിയിലാണ് അറസ്റ്റ്.
നൂറിലധികം സ്ത്രീകൾ ഇയാളുടെ കെണിയിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. സ്ത്രീകളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ പ്രൊഫൈൽ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത്, മോർഫ് ചെയ്തായിരുന്നു ഇയാൾ കെണി ഒരുക്കിയത്.
നഗ്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. നാണക്കേട് ഭയന്ന് പലരും പണം നൽകുകയും ചെയ്തു. സമാനരീതിയിൽ പരാതിക്കാരിയായ ബാങ്ക് ജീവനക്കാരിയോടും ഇയാൾ പണം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകി. പ്രതി ഇതിനുമുമ്പും നിരവധി കേസുകളിൽ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.